image

7 Oct 2023 5:40 PM IST

Business

വീടുകളിലെ കേക്ക് നിര്‍മാണം; ലൈസന്‍സ് എങ്ങനെ എടുക്കാം

MyFin Desk

വീടുകളിലെ കേക്ക് നിര്‍മാണം; ലൈസന്‍സ് എങ്ങനെ എടുക്കാം
X

Summary

ലൈസന്‍സ് എടുക്കാനുള്ള നടപടിക്രമങ്ങള്‍ ലളിതമാണ്


കെ.കെ. രാജേഷ്

(ഇന്‍ഡസ്ട്രീസ് എക്‌സ്റ്റെന്‍ഷന്‍ ഓഫീസര്‍, കേരള സര്‍ക്കാര്‍)

ഹോം മെയ്ഡ് കേക്കുകള്‍ക്ക് ഇന്ന് നല്ല ഡിമാന്‍ഡുണ്ട്. കോവിഡ്19 കാലത്താണ് കൂടുതല്‍ പേര്‍ ഹോം മെയ്ഡ് കേക്ക് നിര്‍മാണത്തിലേക്ക് തിരിഞ്ഞത്. ലോക്ക്ഡൗണിനെ തുടര്‍ന്നു പലരുടെയും വരുമാനം നിലച്ചപ്പോള്‍ കേക്ക് നിര്‍മാണമാണ് വരുമാനമായി തീര്‍ന്നത്.

ഈ സമയത്ത് പലരും ഉന്നയിച്ച ഒരു ചോദ്യമാണ് ഹോം മെയ്ഡ് കേക്ക് നിര്‍മിച്ച് വില്‍ക്കാന്‍ ലൈസന്‍സ് നിര്‍ബന്ധമാണോ എന്നത്.

ലൈസന്‍സില്ലാതെ ഭക്ഷ്യ വസ്തുക്കള്‍ വിപണനം നടത്തിയാല്‍ ഭക്ഷ്യ സുരക്ഷ ഗുണനിലവാര നിയമം അനുസരിച്ച് ജയില്‍വാസവും പിഴയും ശിക്ഷയായി ലഭിക്കുമെന്ന റിപ്പോര്‍ട്ട് ഇത്തരത്തില്‍ ഉപജീവനം നടത്തുന്ന ആളുകളില്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.

വാസ്തവത്തില്‍ ലൈസന്‍സ് എടുക്കാനുള്ള നടപടിക്രമങ്ങള്‍ ലളിതമാണ്. വീട്ടില്‍ ഇരുന്ന് തന്നെ പ്രോസസ് ചെയ്യാവുന്നതുമാണ്.

2006-ല്‍ കേന്ദ്ര പാര്‍ലമെന്റ് പാസാക്കിയ ഭക്ഷ്യ സുരക്ഷ ഗുണനിലവാര നിയമം 2011 ഓഗസ്റ്റ് 5 മുതല്‍ കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും നിലവില്‍ വന്നു. ദില്ലി ആസ്ഥാനമായുള്ള ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (fssai) ആണ് ഈ നിയമം നടപ്പാക്കുന്നതിനുള്ള അധികാര സ്ഥാപനം. ഈ നിയമപ്രകാരം ഭക്ഷ്യ വസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കുന്നവര്‍, സൂക്ഷിക്കുന്നവര്‍ വ്യാപാരവും വിപണനവും നടത്തുന്നവര്‍ എന്നിവര്‍ നിര്‍ബന്ധമായും fssai ലൈസന്‍സ് / രജിസ്‌ട്രേഷന്‍ എടുത്തിരിക്കണം. എല്ലാ ജില്ലകളിലും നിയമസഭാ മണ്ഡലങ്ങളിലും ഓഫീസുകള്‍ ഉണ്ട്.

ആരൊക്കെയാണ് രജിസ്‌ട്രേഷന്‍ എടുക്കേണ്ടത് ?

വീടുകളിലും മറ്റും ഉല്‍പ്പന്നം നടത്തുന്ന ഇടത്തരക്കാരാണ് രജിസ്‌ട്രേഷന്റെ കീഴില്‍ വരുന്നത്.

ആകെ വിറ്റുവരവ് 12 ലക്ഷത്തില്‍ താഴെ വരുന്നവര്‍

100 കിലോ വരെ ഭക്ഷ്യ-ഖര ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നവര്‍

100 ലിറ്റര്‍ വരെ ലിക്വിഡ് ഫുഡ് ഉണ്ടാക്കുന്നവര്‍

ദിവസേന 2 വലിയ മൃഗങ്ങളെ വരെ കശാപ്പ് ചെയ്ത് വില്‍ക്കുന്നവര്‍

50 കോഴികളെ വരെ ഒരു ദിവസം വില്‍ക്കുന്നവര്‍

form a യില്‍ www.foscos.fssai.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ നല്‍കാവുന്നതാണ്. സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഇ-മെയില്‍, മൊബൈല്‍ നമ്പര്‍ എന്നിവ നിര്‍ബന്ധമാണ്.

100 രൂപയാണ് പ്രതിവര്‍ഷ ഫീസ്

ഫോട്ടോ, ആധാര്‍, ബിസിനസ് ഉടമസ്ഥത തെളിയിക്കുന്നതിനുള്ള രേഖ എന്നിവ അപ് ലോഡ് ചെയ്യണം

ആരൊക്കെയാണ് ലൈസന്‍സ് എടുക്കേണ്ടത്

വാര്‍ഷിക വിറ്റുവരവ് 12 ലക്ഷത്തിന് മുകളില്‍ വരുന്നവര്‍, രജിസ്‌ട്രേഷന്‍ പരിധിയിലും അധികം ഉല്‍പാദനം, വിതരണം, വ്യാപാരം നടത്തുന്നവര്‍ നിര്‍ബന്ധമായും കേന്ദ്ര സംസ്ഥാന ലൈസന്‍സ് എടുക്കേണ്ടതാണ്.

form b യിലാണ് അപേക്ഷിക്കേണ്ടത്. 2000 മുതല്‍ 7500 രൂപ വരെയാണ് പ്രതിവര്‍ഷ ഫീസ്

എയര്‍പോര്‍ട്ട്, സീപോര്‍ട്ട് എന്നിവിടങ്ങളില്‍ ഭക്ഷ്യ വിപണനം നടത്തുന്നവര്‍ വാര്‍ഷിക വിറ്റുവരവ് എത്രയായിരുന്നാലും കേന്ദ്ര ലൈസന്‍സ് എടുക്കേണ്ടതാണ്.

ആവശ്യമായ രേഖകള്‍

യൂണിറ്റിന്റെ ഫോട്ടോ

യൂണിറ്റിന്റെ ലേഔട്ട് പ്ലാന്‍

മെഷീനറി, ഉപകരണങ്ങള്‍ എന്നിവയുടെ വിവരങ്ങള്‍

ഉപയോഗിക്കുന്ന വെള്ളത്തിന്റെ പരിശോധന റിപ്പോര്‍ട്ട്

ഉടമയുടെ ഐഡന്റിറ്റി തെളിയിക്കുന്നതിനു സര്‍ക്കാര്‍ നല്‍കിയിട്ടുള്ള ഐഡന്റിറ്റി കാര്‍ഡ്, ആധാര്‍, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയവ

പാര്‍ട്ണര്‍ഷിപ്പ് ആണെങ്കില്‍ പാര്‍ട്ണര്‍ഷിപ്പ് ഡീഡിന്റെ പകര്‍പ്പ്-പാര്‍ട്ണര്‍ഷിപ്പ് യൂണിറ്റ്

അല്ലെങ്കില്‍

പ്രൊപ്രൈറ്ററി യൂണിറ്റ് അല്ലെങ്കില്‍ ഉടമസ്ഥന്റെ സെല്‍ഫ് ഡിക്ലറേഷന്‍-പ്രൊപ്രൈറ്ററി യൂണിറ്റ്

അല്ലെങ്കില്‍

കമ്പനി അല്ലെങ്കില്‍ മെമ്മോറാണ്ടം ആന്‍ഡ് ആര്‍ട്ടിക്കിള്‍ ഓഫ് അസോസിയേഷന്‍-കമ്പനി യൂണിറ്റിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖ/ വാടക കരാര്‍.

ലോക്കല്‍ ബോഡി ലൈസന്‍സ്

ഭൂഗര്‍ഭ ജലം ആണ് ഉപയോഗിക്കുന്നതെങ്കില്‍ ഭൂഗര്‍ഭ ജല അതോറിറ്റിയില്‍ നിന്നുള്ള എന്‍ഒസി സര്‍ട്ടിഫിക്കേറ്റ് അഥവാ നിരാക്ഷേപ പത്രം.

ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ ഒരുമിച്ച് രജിസ്‌ട്രേഷന്‍ / ലൈസന്‍സ് ലഭിക്കുന്നതാണ്. ഫീസ് അതനുസരിച്ച് അടച്ചാല്‍ മതി. പച്ചക്കറി, പഴവര്‍ഗങ്ങള്‍ വില്‍ക്കുന്നവരും വിതരണം നടത്തുന്നവര്‍ക്കും രജിസ്‌ട്രേഷന്‍ / ലൈസന്‍സ് എടുക്കണം. കര്‍ഷകര്‍, ക്ഷീര ഉല്‍പാദനത്തിലുള്ളവര്‍ എന്നിവര്‍ക്ക് രജിസ്‌ട്രേഷന്‍ / ലൈസന്‍സ് ആവശ്യമില്ല.