15 Jan 2023 2:10 PM IST
Summary
- ഒമ്പത് ലക്ഷം കോടി രൂപയായി ഉയര്‍ത്തുന്നതോടെ മൊത്തം ചെലവഴിക്കലിന്റെ 19.5 ശതമാനത്തോളം മൂലധന ചെലവിനായി മാറ്റിവെയ്ക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ട്
മുംബൈ: 2023-24 സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മൂലധന ചെലവുകള്‍ക്കുള്ള തുക 30 ശതമാനം ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഒമ്പത് ലക്ഷം കോടി രൂപയായി ഉയര്‍ത്തുന്നതോടെ മൊത്തം സര്‍ക്കാര്‍ ചെലവഴിക്കലിന്റെ 19.5 ശതമാനത്തോളം മൂലധന ചെലവിനായി മാറ്റിവെയ്ക്കപ്പെടുമെന്നാണ് വിദേശ ബ്രോക്കറേജ് സ്ഥാപനമായ ബാര്‍ക്ലേയ്‌സിന്റെ റിപ്പോര്‍ട്ട്.
കഴിഞ്ഞ വര്‍ഷം വാക്‌സിനേഷന്‍ തുടങ്ങിയ പദ്ധതികള്‍ക്കായി നീക്കി വെച്ച തുക ഇത്തവണ മറ്റ് ചെലവുകള്‍ക്കായി നീക്കി വെയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റ് 2024 ലെ പൊതു തെരഞ്ഞെടുപ്പിനു മുമ്പുള്ള അവസാനത്തെ മുഴുനീള ബജറ്റാണ്. റവന്യു ചെലവുകള്‍ സ്ഥിരമായി തുടരുന്നതിനാല്‍ ധനകാര്യ ഏകീകരണത്തിനായി, സര്‍ക്കാരിന് മൂലധന ചെലവുകളില്‍ കൂടുതല്‍ ശ്രദ്ധവെയ്ക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇലക്ട്രോണിക്‌സ് ഉള്‍പ്പെടെയുള്ള നിരവധി മേഖലകളില്‍ ഉത്പാദനവും, കയറ്റുമതിയും വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ്‌സ് (പിഎല്‍ഐ) പദ്ധതികള്‍ക്കുള്ള പിന്തുണ തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. ധനകമ്മി നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ 6.4 ശതമാനത്തില്‍ നിന്നും ജിഡിപിയുടെ 5.8 ശതമാനമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും. മൊത്തം ചെലവഴിക്കല്‍ 46 ലക്ഷം കോടി രൂപയായിരിക്കുമെന്നുമാണ് റ്ിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
മൂലധന പദ്ധതികള്‍ക്കായുള്ള ഫണ്ടിംഗിന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികളില്‍ നിന്നുള്ള പണം സര്‍ക്കാര്‍ ഉപയോഗിക്കുമെന്നുമാണ് വിദേശ ബ്രോക്കറേജ് സ്ഥാപനത്തിന്റെ പ്രതീക്ഷ. കൂടുതല്‍ അടിസ്ഥാന സൗകര്യ ചെലവുകള്‍ക്കായി ഈ സാമ്പത്തിക വര്‍ഷം സംസ്ഥാനങ്ങള്‍ക്കുള്ള ബജറ്റ് വിഹിതം ഒരു ലക്ഷം കോടി രൂപയില്‍ നിന്നും 1.50 ലക്ഷം കോടി രൂപയായി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയേക്കുമെന്നുമാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.