image

11 Jan 2023 4:17 PM IST

India

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ് ബേബി പൗഡര്‍ വില്‍ക്കാം, നിരോധനം പിന്‍വലിച്ച് ഹൈക്കോടതി

MyFin Desk

johnson and johnson bombay high court
X

Summary

  • മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (എഫ്ഡിഎ) 2018 ഡിസംബറില്‍ ശേഖരിച്ച കമ്പനിയുടെ ബേബി പൗഡറിന്റെ സാമ്പിള്‍ പരിശോധന നടത്തുന്നതില്‍ കാലതാമസം വരുത്തിയതിന് കോടതി അഡ്മിനിസ്ട്രേഷനെ രൂക്ഷമായി വിമര്‍ശിച്ചു.


മുംബൈ: നവജാത ശിശു പരിചരണ ഉത്പന്നങ്ങളുടെ നിര്‍മ്മാതാവായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ് ബേബി പൗഡര്‍ നിര്‍മിക്കുകയും, വിതരണം ചെയ്യുകയും, വില്‍പ്പന നടത്തുകയും ചെയ്യാമെന്ന് ബോംബെ ഹൈക്കോടതി. മഹാരാഷ്ട്ര സര്‍ക്കാര്‍ കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കുകയും, ഉത്പാദനവും, വില്‍പ്പനയും നിര്‍ത്തിവെയ്ക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തത് യുക്തിരഹിതവും, അകാരണവും, അന്യായവുമണെന്ന് വ്യക്തമാക്കിയ കോടതി സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കുകയും ചെയ്തു.

ജസ്റ്റിസ് ഗൗതം പട്ടേല്‍, എസ് ജി ഡിഗെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിറക്കിയത്. മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (എഫ്ഡിഎ) 2018 ഡിസംബറില്‍ ശേഖരിച്ച കമ്പനിയുടെ ബേബി പൗഡറിന്റെ സാമ്പിള്‍ പരിശോധന നടത്തുന്നതില്‍ കാലതാമസം വരുത്തിയതിന് കോടതി അഡ്മിനിസ്ട്രേഷനെ രൂക്ഷമായി വിമര്‍ശിച്ചു.

സൗന്ദര്യവര്‍ധക ഉത്പന്നങ്ങളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണ്. എന്നാല്‍, ഉത്പന്നങ്ങളുടെ ഗുണനിലവാരത്തില്‍ നേരിയ വ്യതിയാനം സംഭവിക്കുമ്പോള്‍ ലൈസന്‍സ് റദ്ദാക്കി ഉത്പാദനം നിര്‍ത്തിവെയ്ക്കുന്നത് ന്യായമാണെന്ന് തോന്നുന്നില്ലെന്നും അത് വാണിജ്യ മേഖലയെ മുഴുവന്‍ പ്രതിസന്ധിയിലാക്കുന്നതാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

പൗഡറില്‍ പിഎച്ച് ലെവല്‍ അനുവദനീയമായ അളവിലും കൂടുതലാണെന്നും, ഇത് നവജാത ശിശുക്കളുടെ ആരോഗ്യത്തിനും ഹാനികരമാണെന്നും കണ്ടെത്തയിരുന്നു. തുടര്‍ന്നാണ്, കമ്പനിയുടെ പൗഡര്‍ നിര്‍മാണത്തിനുള്ള ലൈസന്‍സ് മഹാരാഷ്ട്രയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ റദ്ദാക്കിയത്. കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കല്‍, പൗഡര്‍ നിര്‍മാണവും വിതരണവും അടിയന്തരമായി നിര്‍ത്തലാക്കിയത് എന്നിവ ചോദ്യം ചെയ്താണ് കമ്പനി കോടതിയെ സമീപിച്ചത്.