10 Feb 2026 6:57 PM IST
Critical Minerals:നിര്‍ണായക ധാതുക്കളുടെ ലഭ്യത ഉറപ്പാക്കാന്‍ ഇന്ത്യ. ലോകരാജ്യങ്ങളുമായി ധാതു ഇടപാടുകളെക്കുറിച്ച് ഇന്ത്യ ചര്‍ച്ച നടത്തുന്നതായി റിപ്പോര്‍ട്ട്
MyFin Desk
Summary
ബ്രസീല്‍, കാനഡ, ഫ്രാന്‍സ്, നെതര്‍ലാന്‍ഡ്സ് എന്നീ രാജ്യങ്ങളുമായി കരാറുകള്‍ക്കായുള്ള ചര്‍ച്ചകള്‍ നടത്തിവരുന്നതായി റിപ്പോര്‍ട്ടകള്‍
ലിഥിയം, റെയര്‍ എര്‍ത്ത് ധാതുക്കള്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക ധാതുക്കളുടെ ലഭ്യത ഉറപ്പാക്കാന്‍ ഇന്ത്യ ആഗോള തലത്തില്‍ നീക്കങ്ങള്‍ ശക്തമാക്കുന്നു. ബ്രസീല്‍, കാനഡ, ഫ്രാന്‍സ്, നെതര്‍ലാന്‍ഡ്സ് എന്നീ രാജ്യങ്ങളുമായി ധാതു പര്യവേഷണം, ഖനനം, പ്രോസസ്സിംഗ്, റീസൈക്ലിംഗ് മേഖലകളില്‍ സംയുക്ത സഹകരണ കരാറുകള്‍ക്കായുള്ള ചര്‍ച്ചകള്‍ നടത്തിവരുന്നതായി റിപ്പോര്‍ട്ടകള്‍ സൂചിപ്പിക്കുന്നു. പ്രധാന അസംസ്കൃത വസ്തുക്കളുടെ വിതരണം സുരക്ഷിതമാക്കുന്നതിനായി ആഗോളതലത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ് ഇന്ത്യ. ധാതുക്കള്‍ സംസ്കരിക്കുന്നതിനുള്ള സാങ്കേതിക വിദ്യകളിലേക്കുള്ള പ്രവേശനവും ഇന്ത്യ ലക്ഷ്യമിടുന്നു.
ലോകത്തെ പല നിര്‍ണായക ധാതുക്കളുടെ വിതരണത്തില്‍ ആധിപത്യം പുലര്‍ത്തുന്ന ചൈനയെ ആശ്രയിക്കേണ്ടി വരുന്നത് ഇന്ത്യക്ക് വലിയ വെല്ലുവിളിയാണെന്ന് ഖനന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഊര്‍ജ്ജ പരിവര്‍ത്തന പദ്ധതികളുടെ ഭാഗമായി പല രാജ്യങ്ങളുമായുള്ള സഹകരണം അനിവാര്യമാണെന്നും അവര്‍ പറയുന്നു. എന്നാല്‍ ധാതുക്കള്‍ കണ്ടെത്തുന്നതില്‍ നിന്ന് ഉത്പാദനത്തിലേക്ക് എത്താന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നതും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ധാതുക്കളുടെ അന്വേഷണത്തിന് മാത്രം അഞ്ച് മുതല്‍ ഏഴ് വര്‍ഷം വരെ സമയമെടുക്കും. പലപ്പോഴും ഖനനം സാധ്യമാകാതെ പദ്ധതികള്‍ അവസാനിക്കാറുമുണ്ട്.
ജനുവരിയില്‍ ജര്‍മ്മനിയുമായി ഇന്ത്യ ഒപ്പുവെച്ച ക്രിട്ടിക്കല്‍ മിനറല്‍സ് കരാറിന്റെ ചില ഘടകങ്ങള്‍ മറ്റ് രാജ്യങ്ങളുമായുള്ള കരാറുകളിലും ഉള്‍പ്പെടുത്താനാണ് ഇന്ത്യയുടെ ശ്രമം. ഈ കരാര്‍ ഖനനം, പ്രോസസ്സിംഗ്, റീസൈക്ലിംഗ്, മൂന്നാം രാജ്യങ്ങളിലെ ധാതു ആസ്തികളുടെ വികസനം എന്നിവയും ഉള്‍ക്കൊള്ളുന്നതാണ്. ഫ്രാന്‍സ്, നെതര്‍ലാന്‍ഡ്സ്, ബ്രസീല്‍ എന്നിവയുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും കാനഡയുമായുള്ള കരാര്‍ സജീവ പരിഗണനയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയുടെ ഖനന മന്ത്രാലയമാണ് ഈ നീക്കങ്ങള്‍ക്ക് നേതൃത്വം നല്കുന്നത്കാനഡയുടെ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി മാര്‍ച്ച് മാസം ആദ്യം ഇന്ത്യ സന്ദര്‍ശിക്കുമെന്നും യുറേനിയം, ഊര്‍ജ്ജം, ധാതുക്കള്‍, കൃത്രിമ ബുദ്ധി മേഖലകളില്‍ കരാറുകള്‍ ഒപ്പുവെക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
നിലവില്‍ അര്‍ജന്റീന, ഓസ്ട്രേലിയ, ജപ്പാന് എന്നീ രാജ്യങ്ങളുമായി ഇന്ത്യ കരാറുകള്‍ ഒപ്പുവെച്ചിട്ടുണ്ട്. പെറു, ചിലി എന്നിവരുമായി ചര്‍ച്ചകളും പുരോഗമിക്കുകയാണ്. 2023-ല്‍ ഇന്ത്യ ലിഥിയം ഉള്‍പ്പെടെ ഇരുപതിലധികം ധാതുക്കളെ ഊര്‍ജ്ജ പരിവര്‍ത്തനത്തിനും വ്യവസായ ആവശ്യങ്ങള്‍ക്കുമായി ''ക്രിട്ടിക്കല്‍ മിനറല്‍സ്'' ആയി തിരിച്ചറിഞ്ഞിരുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
