image

10 Jan 2023 12:04 PM IST

Technology

ഇന്ത്യയിലെ ഐഫോണ്‍ നിര്‍മ്മാണം ടാറ്റയുടെ കരങ്ങളിലേക്ക്: റിപ്പോര്‍ട്ട്

MyFin Desk

tata to acquire iphone production plant
X

Summary

  • ടാറ്റ കോര്‍പ്പറേഷന്റെയും തായ്‌വാന്‍ ആസ്ഥാനമായ വിസ്ട്രണ്‍ കോര്‍പ്പറേഷന്റേയും ഉന്നത ഉദ്യോഗസ്ഥര്‍ ചര്‍ച്ചയിലാണെന്നും റിപ്പോര്‍ട്ടിലുണ്ട്.


മുംബൈ: ആപ്പിള്‍ ഐഫോണിന്റെ ഇന്ത്യയിലെ ആദ്യത്തെ പ്രാദേശിക നിര്‍മ്മാതാക്കളാന്‍ ടാറ്റ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ രാജ്യത്ത് ഐഫോണ്‍ നിര്‍മ്മിക്കുന്ന വിസ്ട്രണ്‍ കോര്‍പ്പറേഷന്റെ ദക്ഷിണേന്ത്യയിലെ പ്ലാന്റ് ടാറ്റ ഏറ്റെടുത്തേക്കുമെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ടാറ്റ കോര്‍പ്പറേഷന്റെയും തായ്‌വാന്‍ ആസ്ഥാനമായ വിസ്ട്രണ്‍ കോര്‍പ്പറേഷന്റേയും ഉന്നത ഉദ്യോഗസ്ഥര്‍ ചര്‍ച്ചയിലാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

വിസ്ട്രോണും ഫോക്സ്‌കോണ്‍ ടെക്നോളജീസുമാണ് ഐഫോണുകളുടെ ഘടകങ്ങള്‍ സംയോജിപ്പിക്കുന്നത് (അസംബ്ലിംഗ്). യുഎസുമായി നിലനില്‍ക്കുന്ന ആസ്വാരസ്യങ്ങളും കോവിഡ് മൂലമുള്ള തടസ്സങ്ങളും മൂലം ചൈനയിലെ ഇലക്ട്രോണിക് വ്യവസായം പ്രതിസന്ധിയിലായിരുന്നു. ഇതോടെ ഇന്ത്യയില്‍ ആപ്പിള്‍ ഉത്പന്നങ്ങള്‍ കൂടുതലായി അസംബിള്‍ ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളിലായിരുന്നു കമ്പനി. ചൈനയെ ഒരു പരിധി വരെ ആശ്രയിക്കാതിരിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.

കോവിഡിനെതുടര്‍ന്ന് വിതരണ ശൃംഖലയിലുണ്ടായ തടസ്സവും മറ്റുംമൂലം ഉപകരണങ്ങള്‍ കൃത്യസമയത്ത് ലഭ്യമാക്കുന്നതില്‍ പരാജയപ്പെട്ടതാണ് കാരണം. വിസ്ട്രോണിന്റെ 2.2 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഫാക്ടറി ബാംഗ്ലൂരില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ ഹൊസൂരിലാണ് പ്രവര്‍ത്തിക്കുന്നത്.

ഏറ്റെടുക്കല്‍ പൂര്‍ത്തിയായാല്‍ ഫാക്ടറിയിലെ 10,000 തൊഴിലാളികളും രണ്ടായിരം എന്‍ജിനീയര്‍മാരും ടാറ്റയുടെ ഭാഗമാകും. എന്നാല്‍ ഇന്ത്യയിലെ ഐഫോണുകളുടെ സേവന പങ്കാളിയായി വിസ്ട്രോണ്‍ തുടരുമെന്നും റിപ്പോര്‍ട്ടിലുണ്ട്. വിസ്ട്രോണും ഫോക്സകോണും പെഗാട്രോണുമാണ് ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മാണത്തിന് നേതൃത്വം നല്‍കുന്ന പ്രധാന കമ്പനികള്‍.

ഇന്ത്യയില്‍ 100 ആപ്പിള്‍ സ്റ്റോറുകള്‍ ആരംഭിക്കുമെന്ന് ടാറ്റ അറിയിച്ചതിന് പിന്നാലെയാണ് വിസ്ട്രണിന്റെ പ്ലാന്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ചും റിപ്പോര്‍ട്ടുകള്‍ വരുന്നത്. എന്നാല്‍ വിസ്‌ട്രോണ്‍ ഏറ്റെടുക്കല്‍ സംബന്ധിച്ച് ടാറ്റ കമ്പനിയില്‍ നിന്നും ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.