17 Jun 2025 3:36 PM IST
Summary
- ഇന്ത്യന്‍ കളിപ്പാട്ടങ്ങളുടെ വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിന് മികച്ച മാനദണ്ഡങ്ങള്‍ സഹായിച്ചു
- 2023-24 ല്‍ ഇന്ത്യയുടെ കളിപ്പാട്ട കയറ്റുമതി 152.34 മില്യണ്‍ ഡോളറായിരുന്നു
കളിപ്പാട്ടങ്ങളുടെ ഇന്ത്യന്‍ ഗുണനിലവാര മാനദണ്ഡങ്ങള്‍ ആഗോള മാനദണ്ഡത്തേക്കാള്‍ മികച്ചതാണെന്ന് ബിഐസ് ഉദ്യോഗസ്ഥര്‍. ഇത് ആഭ്യന്തര നിര്‍മ്മാതാക്കള്‍ക്ക് വിദേശ വിപണികളിലേക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന് സഹായകമാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
കളിപ്പാട്ടങ്ങള്‍ക്കായുള്ള ഇന്ത്യന്‍ മാനദണ്ഡങ്ങള്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് വികസിപ്പിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇത് 2021 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വന്നു.
ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ കളിപ്പാട്ടങ്ങളും, ആഭ്യന്തരമായി നിര്‍മ്മിച്ചതായാലും ഇറക്കുമതി ചെയ്തതായാലും, ഏഴ് നിര്‍ദ്ദിഷ്ട ഇന്ത്യന്‍ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും സാധുവായ ബിഐഎസ് ലൈസന്‍സിന് കീഴില്‍ ഐഎസ്‌ഐ മാര്‍ക്ക് വഹിക്കണമെന്നും ഈ ഉത്തരവ് അനുശാസിക്കുന്നു.
ഈ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഏതെങ്കിലും കളിപ്പാട്ടം നിര്‍മ്മിക്കുന്നതും ഇറക്കുമതി ചയ്യുന്നതും സംഭരിക്കുന്നതും വില്‍ക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും നിരോധിച്ചിട്ടുണ്ട്.
'കളിപ്പാട്ടങ്ങളുടെ കാര്യത്തില്‍ ഇന്ത്യന്‍ നിലവാരം ആഗോള നിലവാരത്തേക്കാള്‍ മികച്ചതാണ്,' മുംബൈയിലെ ബിഐഎസിലെ വെസ്റ്റേണ്‍ റീജിയണല്‍ ഓഫീസ് ലബോറട്ടറിയിലെ (ഡബ്ല്യുആര്‍ഒഎല്‍) സയന്റിസ്റ്റ് ഇ/ഡയറക്ടര്‍ അത്ഭുത് സിംഗ് പറഞ്ഞു. ആഭ്യന്തര, ആഗോള വിപണികളില്‍ ഇന്ത്യന്‍ കളിപ്പാട്ടങ്ങളുടെ വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിന് ബിഐഎസ് മാനദണ്ഡങ്ങള്‍ സഹായിച്ചിട്ടുണ്ടെന്ന് സിംഗ് പറഞ്ഞു. ''നമ്മുടെ കാലാവസ്ഥയും മറ്റ് ആഭ്യന്തര ആവശ്യങ്ങളും കണക്കിലെടുത്താണ് ഇന്ത്യന്‍ മാനദണ്ഡങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്,'' അദ്ദേഹം മാധ്യമങ്ങളുമായുള്ള ആശയവിനിമയത്തില്‍ പറഞ്ഞു.
ജിടിആര്‍ഐ റിപ്പോര്‍ട്ട് അനുസരിച്ച്, 2023-24 ല്‍ ഇന്ത്യയുടെ കളിപ്പാട്ട കയറ്റുമതി നേരിയ തോതില്‍ കുറഞ്ഞ് 152.34 മില്യണ്‍ യുഎസ് ഡോളറായിയിരുന്നു. മുന്‍ വര്‍ഷം ഇത് 153.89 മില്യണ്‍ യുഎസ് ഡോളറായിരുന്നു.
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ഇന്ത്യയില്‍ 1,640 ബിഐഎസ് സര്‍ട്ടിഫൈഡ് കളിപ്പാട്ട വ്യവസായങ്ങളുണ്ട്. അതില്‍ 1,165 ലൈസന്‍സുകള്‍ ഇലക്ട്രോണിക് ഇതര കളിപ്പാട്ടങ്ങള്‍ക്കുള്ളതും 475 ലൈസന്‍സുകള്‍ ഇലക്ട്രിക് കളിപ്പാട്ടങ്ങള്‍ക്കുള്ളതുമാണ്.
ബിഐഎസ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉല്‍പ്പന്ന സുരക്ഷയെ ഗണ്യമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും ഇത് ഉപഭോക്തൃ പരാതികളില്‍ ഗണ്യമായ കുറവുണ്ടാക്കിയെന്നും ബ്യൂറോ എടുത്തുപറയുന്നു.