26 May 2025 4:47 PM IST
Summary
- വരുമാനം അഞ്ച് ശതമാനം വര്‍ധിച്ച് 1277 രൂപയായി
- നഷ്ടം 135.7 കോടി രൂപയായി ഉയര്‍ന്നു
ടാറ്റ സ്റ്റാര്‍ബക്സിന്റെ വരുമാനം വര്‍ധിച്ചപ്പോള്‍ നഷ്ടവും കൂടി. 2025 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം അഞ്ച് ശതമാനം വര്‍ധിച്ച് 1277 രൂപയായി. അതേസമയം നഷ്ടം 135.7 കോടി രൂപയായും ഉയര്‍ന്നു. ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ലിമിറ്റഡിന്റെ (ടിസിപിഎല്‍) ഏറ്റവും പുതിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.
ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ലിമിറ്റഡും (ടിസിപിഎല്‍) സ്റ്റാര്‍ബക്‌സ് കോര്‍പ്പറേഷനും തമ്മിലുള്ള 50:50 സംയുക്ത സംരംഭമായ ടാറ്റ സ്റ്റാര്‍ബക്‌സ്, 2024 സാമ്പത്തിക വര്‍ഷത്തില്‍ 82.16 കോടി രൂപയുടെ അറ്റനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
2028 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ 1,000 കഫേകളുടെ ശൃംഖല സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്ന ടിസിപിഎല്ലിന് വരുമാന വളര്‍ച്ച അനുഭവപ്പെടുന്നുണ്ട്. നിരവധി സ്റ്റോറുകളുടെ വികാസം ഇതിന് സഹായകമായി. 2025 സാമ്പത്തിക വര്‍ഷത്തില്‍ സ്റ്റാര്‍ബക്‌സ് 58 പുതിയ സ്റ്റോറുകള്‍ തുറക്കുകയും 19 പുതിയ നഗരങ്ങളില്‍ പ്രവേശിക്കുകയും ചെയ്തു. ഇതോടെ 80 നഗരങ്ങളിലായി സ്റ്റോറുകളുടെ എണ്ണം 479 -ല്‍ എത്തി.
'സ്റ്റോറുകളുടെ എണ്ണം വര്‍ദ്ധിച്ചതോടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 1,277 കോടി രൂപയായി,' ടാറ്റ ഗ്രൂപ്പിന്റെ എഫ്എംസിജി വിഭാഗമായ ടിസിപിഎല്‍ പറഞ്ഞു. സ്റ്റോറുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സംഘടിത കഫേ ഓപ്പറേറ്ററായി ടാറ്റ സ്റ്റാര്‍ബക്‌സ് മാറി.
മൊത്തത്തിലുള്ള ശൃംഖലയില്‍ ആവശ്യകത മിതമായിരുന്നു. തല്‍ഫലമായി, വില്‍പ്പന വളര്‍ച്ച മന്ദഗതിയിലായി, ഇത് ലാഭക്ഷമതയെ ബാധിച്ചു. അതേസമയം ഇന്ത്യയിലെ ദീര്‍ഘകാല ബിസിനസ് അവസരങ്ങളില്‍ സ്റ്റാര്‍ബക്‌സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹ്രസ്വകാലത്തേക്ക് കൂടുതല്‍ മിതമായ എണ്ണം സ്റ്റോറുകള്‍ തുറക്കുന്നുണ്ടെങ്കിലും, 'ഇന്ത്യയില്‍ ഞങ്ങളുടെ സ്റ്റോറുകളുടെ അടിത്തറ വര്‍ദ്ധിപ്പിക്കുന്നതിനും 2028 സാമ്പത്തിക വര്‍ഷത്തോടെ ഔട്ട്ലെറ്റുകളുടെ എണ്ണം 1,000 ആക്കുന്നതിനും സംയുക്ത സംരംഭം പ്രതിജ്ഞാബദ്ധമാണ്,' അത് കൂട്ടിച്ചേര്‍ത്തു.
2025 സാമ്പത്തിക വര്‍ഷത്തില്‍, ടിസിപിഎല്‍ ടാറ്റ സ്റ്റാര്‍ബക്‌സില്‍ 125 കോടി രൂപ നിക്ഷേപിച്ചു.
കൂടാതെ, സ്ഥാപനപരമായ ഉപഭോക്താക്കള്‍ക്ക് വൈവിധ്യമാര്‍ന്ന കാപ്പി, ചായ, മറ്റ് പാനീയങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്യുന്ന വിഭാഗത്തിലെ പുതിയ സംരംഭമായ 'ടാറ്റ മൈബിസ്‌ട്രോ' എന്ന വെന്‍ഡിംഗ് ബിസിനസില്‍ നിന്നും കമ്പനി വളര്‍ച്ച പ്രതീക്ഷിക്കുന്നു.