10 Jan 2024 4:53 PM IST
Summary
- ലോകക്രമത്തില്‍ ഇന്ത്യ 'വിശ്വ മിത്ര' (ലോകത്തിന്റെ സുഹൃത്ത്) ആയി മുന്നേറുന്നു
- 10 വര്‍ഷത്തിനുള്ളില്‍, ഇന്ത്യയുടെ കാപെക്സ് അഞ്ചിരട്ടി വളര്‍ന്നു
- വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ ഉച്ചകോടിയുടെ പത്താം പതിപ്പ് ഉദ്ഘാടനം ചെയ്തുകൊണ്ടാണ് മോദി പ്രസ്താവന നടത്തിയത്
ഗാന്ധിനഗര്‍: ആഗോളതലത്തില്‍ നിരവധി അനിശ്ചിതത്വങ്ങള്‍ നേരിടുന്നതിനിടയില്‍ ഇന്ത്യ പ്രതീക്ഷയുടെ പുതിയ കിരണമായി ഉയര്‍ന്നുവന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകക്രമത്തില്‍ ഇന്ത്യ 'വിശ്വ മിത്ര' (ലോകത്തിന്റെ സുഹൃത്ത്) ആയി മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രമുഖ സ്വകാര്യ കമ്പനികളുടെ സംസ്ഥാന തലവന്മാരും സിഇഒമാരും പങ്കെടുത്ത വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ ഉച്ചകോടിയുടെ പത്താം പതിപ്പ് ഉദ്ഘാടനം ചെയ്തുകൊണ്ടാണ് മോദി പ്രസ്താവന നടത്തിയത്. അടുത്ത ഏതാനും വര്‍ഷങ്ങളില്‍ ലോകത്തിലെ ഏറ്റവും വലിയ മൂന്ന് സമ്പദ്വ്യവസ്ഥകളിലൊന്നായി ഇന്ത്യ മാറുമെന്ന് എല്ലാ പ്രമുഖ റേറ്റിംഗ് ഏജന്‍സികളും അഭിപ്രായപ്പെടുന്നതായും മോദി പറഞ്ഞു.
സുസ്ഥിരതയുടെ ഒരു പ്രധാന കേന്ദ്രം, വിശ്വസിക്കാന്‍ കഴിയുന്ന സുഹൃത്ത്, വളര്‍ച്ചയുടെ എഞ്ചിന്‍ എന്നിങ്ങനെയാണ് ലോകം ഇന്ത്യയെ കാണുന്നതെന്ന് മോദി പറഞ്ഞു.
ഇന്ത്യയിലെ 1.4 ബില്യണ്‍ ജനങ്ങളുടെ മുന്‍ഗണനകളും അഭിലാഷങ്ങളും, മനുഷ്യ കേന്ദ്രീകൃത വികസനത്തിലുള്ള അവരുടെ വിശ്വാസം എന്നിവ ലോക അഭിവൃദ്ധിക്കും ലോകവികസനത്തിനും പ്രധാന അടിത്തറയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉള്‍ക്കൊള്ളുന്നതിനും സമത്വത്തിനും വേണ്ടിയുള്ള നമ്മുടെ പ്രതിബദ്ധത, ലോക അഭിവൃദ്ധിക്കും ലോകവികസനത്തിനും പ്രധാന അടിത്തറയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുസ്ഥിര വ്യവസായം, അടിസ്ഥാന സൗകര്യങ്ങള്‍, നിര്‍മ്മാണം, ഭാവി സാങ്കേതികവിദ്യ, ഇന്നൊവേഷന്‍, ഗ്രീന്‍ ഹൈഡ്രജന്‍, പുനരുപയോഗ ഊര്‍ജം, അര്‍ദ്ധചാലകങ്ങള്‍ എന്നിവയാണ് ഇന്ത്യയുടെ മുന്‍ഗണനകള്‍.
10 വര്‍ഷത്തിനുള്ളില്‍, ഇന്ത്യയുടെ കാപെക്സ് അഞ്ചിരട്ടി വളര്‍ന്നു. ഗ്രീന്‍ എനര്‍ജിയിലും പുനരുപയോഗിക്കാവുന്ന ഊര്‍ജ മേഖലകളിലും രാജ്യം അതിവേഗം മുന്നേറുന്നതായും ഹരിത ഊര്‍ജ്ജത്തില്‍ മൂന്നിരട്ടിയും സൗരോര്‍ജ്ജ ശേഷിയില്‍ ഇരുപത് മടങ്ങും വര്‍ദ്ധനവ് നേടിയതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ത്യയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ പൗരന്മാരുടെ ജീവിത സൗകര്യം വര്‍ദ്ധിപ്പിക്കുകയും അവരെ ശാക്തീകരിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.