29 Dec 2023 5:27 PM IST
Summary
- 3200 കോടി രൂപയുടെ സൗജന്യ ചികിത്സയാണ് പദ്ധതിയിലൂടെ ഉറപ്പാക്കിയത്
- 12.5 ലക്ഷത്തോളം പേര്‍ക്കാണ് മികച്ച ചികിത്സ ലഭ്യമാക്കിയത്
- കുടുംബത്തിലെ മുഴുവന്‍ വ്യക്തികള്‍ക്കോ ഒരു വ്യക്തിക്കു മാത്രമായോ സഹായം ലഭിക്കും.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 100 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.രണ്ടുവര്‍ഷത്തില്‍ 3200 കോടി രൂപയുടെ സൗജന്യ ചികിത്സയാണ് പദ്ധതിയിലൂടെ സര്‍ക്കാര്‍ ഉറപ്പാക്കിയത്. 12.5 ലക്ഷത്തോളം പേര്‍ക്കാണ് ഇതിലൂടെ മികച്ച ചികിത്സ ലഭ്യമാക്കിയതായി മന്ത്രി വാർത്ത കുറിപ്പിൽ വ്യക്തമാക്കി. കുടുംബത്തിന് ആശുപത്രി ചികിത്സക്കായി പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്. ഒരു കുടുംബത്തിലെ മുഴുവന്‍ വ്യക്തികള്‍ക്കോ അല്ലെങ്കില്‍ ഒരു വ്യക്തിക്കു മാത്രമായോ പദ്ധതിയിലൂടെ സഹായം ലഭിക്കും.
കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി
സര്‍ക്കാര്‍ പൊതുജനാരോഗ്യ സംരക്ഷണ പദ്ധതിയില്‍ പ്രധാനപ്പെട്ടതാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി അഥവാ കാസ്പ് (കെ.എ.എസ്.പി). സംസ്ഥാനത്തെ ദരിദ്രരും ദുര്‍ബലരുമായ കുടുംബങ്ങളിലെ ഏകദേശം 64 ലക്ഷത്തോളം ഗുണഭോക്താക്കള്‍ക്ക് ആശുപത്രി ചികിത്സക്കായി പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപയാണ് പദ്ധതിയിലൂടെ നല്‍കുന്നത്.
വിവിധ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന വ്യത്യസ്ത പദ്ധതികള്‍ പ്രകാരം ഓരോ കുടുംബത്തിനും 30,000 മുതല്‍ മൂന്ന് ലക്ഷം വരെയുള്ള ചികിത്സ ചെലവുകളാണ് നിലവില്‍ നല്‍കപ്പെട്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ കാസ്പ് പദ്ധതി പ്രകാരം അഞ്ച് ലക്ഷം രൂപ വരെ ചികിത്സക്കായി വിനിയോഗിക്കാം. ഇത്തരത്തില്‍ വിവിധ ചെലവുകള്‍ക്കായി ഒരു കുടുംബത്തിലെ മുഴുവന്‍ വ്യക്തികള്‍ക്കോ അല്ലെങ്കില്‍ ഒരു വ്യക്തിക്കു മാത്രമായോ ഈ പദ്ധതിയിലൂടെ സഹായം ലഭിക്കുന്നതായിരിക്കും. കുടുംബാംഗങ്ങങ്ങളുടെ പ്രായ പരിധിയോ കുടുംബാംഗങ്ങളുടെ എണ്ണമോ അര്‍ഹതാ ഈ പദ്ധതിക്കു മാനദണ്ഡമായിരിക്കില്ല. പദ്ധതിയില്‍ അംഗമാകുന്ന ഏതൊരു വ്യക്തിക്കും മുന്‍ഗണന മാനദണ്ഡങ്ങളില്ലാതെ ചികിത്സ സഹായം ലഭിക്കുന്നതാണ്.
പുതിയ സ്‌കീമിന്റെ ഭാഗമായി രോഗികള്‍ക്ക് ഉടനടി ചികിത്സ സഹായം ലഭിക്കുന്നതിനായി സര്‍ക്കാര്‍ നടപടി ക്രമങ്ങള്‍ ലഘൂകരിച്ചിട്ടുണ്ട്. വരുമാനം നിര്‍ണയിക്കുന്നതിന് വില്ലേജ് ഓഫീസര്‍ അനുവദിക്കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ് വേണമെന്ന വ്യവസ്ഥയില്‍ മാറ്റം വരുത്തി റേഷന്‍ കാര്‍ഡിലെ വരുമാനം അടിസ്ഥാനമാക്കിയാണ് അര്‍ഹത നിശ്ചയിക്കുന്നത്.
സര്‍ക്കാറിന് കീഴിലെ എല്ലാ ആരോഗ്യ പരിരക്ഷകളും സംയോജിപ്പിച്ചാണ് കാസ്പ് നടപ്പിലാക്കുന്നത്. കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ സംയോജിത പദ്ധതിയായ ആര്‍.എസ്.ബി.വൈ, സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, കേരള സര്‍ക്കാര്‍ പദ്ധതിയായ ചിസ്, ആര്‍.എസ്.ബി.വൈ / ചിസ് കുടുംബങ്ങളിലെ 60 വയസിനും അതിനു മുകളിലും പ്രായമുള്ളവര്‍ക്കായുള്ള സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ എസ്.ചിസ്, ലോട്ടറി വകുപ്പ് വഴി നടപ്പിലാക്കിയ ട്രസ്റ്റ്‌മോഡല്‍ പദ്ധതിയായ കരുണ്യ ബെനവലന്റ്ഫണ്ട് അഥവാ കെ.ബി.എഫ്, ആയുഷ്മാന്‍ ഭാരത് പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജന (പി.എം.ജെ.വൈ) എന്നിവയാണ് കാസ്പ് പദ്ധതിയുമായി സംയോജിപ്പിച്ചിരിക്കുന്നത്.
പി.എം.ജെ.വൈ കാസ്പ്
പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി മുഖേന നടപ്പിലാക്കുന്ന പദ്ധതിയായ കാസ്പ് വഴി സര്‍ക്കാര്‍ ആശുപത്രികളിലോ സര്‍ക്കാര്‍ എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലോ ചികിത്സക്കായി ഓരോ വര്‍ഷവും അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്കു അഞ്ച് ലക്ഷം രൂപ വരെയുള്ള ചികിത്സ ലഭ്യമാകും. പരിപൂര്‍ണ്ണമായ ചികിത്സ ഉറപ്പാക്കുന്നതോടൊപ്പം ചികിത്സ രംഗത്തെ വര്‍ധിച്ചു വരുന്ന ചെലവുകളില്‍ സാധാരണക്കാര്‍ക്ക് താങ്ങാവാനും ഈ പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നു.
ലഭ്യമാകുന്ന സേവനങ്ങള്‍
പരിശോധനക്കോ ചികിത്സക്കോ വേണ്ടി ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നതിനു മുമ്പുള്ള മൂന്ന് ദിവസത്തെ ചികിത്സ സംബന്ധമായ ചെലവും കൂടാതെ ആശുപത്രി വാസത്തിനു ശേഷമുള്ള 15 ദിവസത്തെ പ്രസ്തുത ചികിത്സക്കുള്ള മരുന്നുകളും ഈ പദ്ധതിയിലൂടെ നല്‍കുന്നു. കുടുംബാംഗങ്ങങ്ങളുടെ പ്രായം, ലിംഗം എന്നിവ പരിഗണിക്കാതെ എല്ലാ വ്യക്തികള്‍ക്കും ചികിത്സ ആനുകൂല്യം പദ്ധതിയിലൂടെ ലഭിക്കും.
സര്‍ക്കാര്‍, സ്വകാര്യ ആശുപത്രി എന്ന പരിഗണന കൂടാതെ രാജ്യത്തെ തെരെഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാപനങ്ങളില്‍ നിന്നും പണം ഈടാക്കാതെ പദ്ധതിയിലൂടെ ചികിത്സ ലഭിക്കും. മരുന്നുകള്‍ അനുബന്ധ വസ്തുക്കള്‍, പരിശോധനകള്‍, ഡോക്ടറുടെ ഫീസ്, ഓപ്പറേഷന്‍ തീയറ്റര്‍ ചാര്‍ജുകള്‍, ഐസിയു ചാര്‍ജ്, ഇംപ്ലാന്റ് ചാര്‍ജുകള്‍ എന്നിവയും ഉള്‍പ്പെടും.
കുടുംബാഗങ്ങളുടെ പേര് ചേര്‍ക്കാം
നിലവില്‍ കാസ്പ് എംപാനല്‍ ചെയ്ത ആശുപത്രികളിലെ കിയോസ്‌കുകളില്‍ നിന്ന് പുതിയ സ്‌കീമില്‍ പേര് നല്‍കാം. സ്‌കീമില്‍ അംഗമായ വ്യക്തിയുടെ കാസ്പ് തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍കാര്‍ഡ്, റേഷന്‍കാര്‍ഡ് എന്നിവ ഉപയോഗിച്ച് കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും സ്‌കീമില്‍ ചേരാനാകും. സേവനം നല്‍കുന്ന സ്വകാര്യ ആശുപത്രികളുടെ വിവരം www.sha.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
അര്‍ഹതയുണ്ടോയെന്ന് പരിശോധിക്കാം
കാസ്പ് സേവനത്തിനായി ആശുപത്രികളില്‍ കാസ്പ് കിയോസ്‌കുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ആധാര്‍ കാര്‍ഡ് അടക്കമുള്ള വ്യക്തിഗത തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിച്ചാല്‍ കാസ്പ് കാര്‍ഡിന് അര്‍ഹതയുണ്ടോ എന്ന് പരിശോധിക്കാനാകും. അര്‍ഹരായവര്‍ക്ക് കാസ്പ് കാര്‍ഡ് ലഭ്യമാകും. കാരുണ്യ സുരക്ഷാ പദ്ധതിയെക്കുറിച്ചുള്ള എല്ലാ സംശയങ്ങള്‍ക്കും ദിശയുടെ 1056 എന്ന നമ്പരിലോ 0471 2551056 എന്ന നമ്പരിലോ ബന്ധപ്പെടാവുന്നതാണ്. സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുടെ വെബ്‌സൈറ്റിലും (www.sha.kerala.gov.in) വിവരങ്ങള്‍ ലഭിക്കും.