2 Aug 2023 6:45 PM IST
Summary
പൊതു- സ്വകാര്യ പങ്കാളിത്തത്തോടയാണ് കമ്പനി രൂപീകരിക്കുക
കേരള അഗ്രോ ബിസിനസ് കമ്പനി (കാബ്‌കോ) രൂപീകരിക്കുന്നതിന് മന്ത്രിസഭായോഗം അനുമതി നല്‍കി. സംസ്ഥാനത്ത് ഊര്‍ജ്ജിതമായ കാര്‍ഷിക വിപണന, സംസ്കരണ സംവിധാനം ഒരുക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
കേരളത്തില്‍ കാര്‍ഷിക ഉത്പന്നങ്ങളുടെ മൂല്യവര്‍ദ്ധനക്കും സംസ്‌കരണത്തിനും ഊന്നല്‍ നല്‍കുന്നതിനായി അഗ്രി പാര്‍ക്കുകളും ഫ്രൂട്ട് പാര്‍ക്കുകളും സ്ഥാപിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും കമ്പനി രൂപീകരിക്കുന്നതിലൂടെ സാധ്യമാകും. കൃഷി വകുപ്പ് കേന്ദ്രീകരിച്ച് കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണി കൈകാര്യം ചെയ്യുന്നതിനും കാര്‍ഷികോല്‍പാദനത്തെ അടിസ്ഥാനമാക്കി വിപണി കണ്ടെത്തുന്നതിനും വിശകലനം ചെയ്യുന്നതിനുമുള്ള ഏജന്‍സിയായി പ്രവര്‍ത്തിക്കാനും കമ്പനിക്കാവും. കേരളത്തിന്റെ കാര്‍ഷിക ഉത്പന്നങ്ങളുടെ ഗുണമേന്മകള്‍ പ്രചാരത്തിലാകുന്ന തരത്തില്‍ പൊതു ബ്രാന്‍ഡിങ്ങുമാണ് കമ്പനിയുടെ ലക്ഷ്യം.
കൊച്ചിന്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് കമ്പനി മാതൃകയില്‍ പൊതു- സ്വകാര്യ പങ്കാളിത്തത്തോടയാണ് കമ്പനി രൂപീകരിക്കുക. സര്‍ക്കാരിന്റെ 33 ശതമാനം ഓഹരി വിഹിതവും കര്‍ഷകരുടെ 24 ശതമാനം ഓഹരി വിഹിതവും കാര്‍ഷിക സഹകരണ സംഘങ്ങള്‍ ഉള്‍പ്പെടെയുള്ള കര്‍ഷക കൂട്ടായ്മകളുടെ 25 ശതമാനം ഓഹരി വിഹിതവും ഉള്‍പ്പെടും.
കൃഷി വകുപ്പ് മന്ത്രി ചെയര്‍മാനും കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കൃഷി വകുപ്പ് ഡയറക്ടര്‍, ധനകാര്യ വകുപ്പിന്റെ പ്രതിനിധി, കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ എന്നിവര്‍ പ്രാരംഭ ഡയറക്ടര്‍മാരാകും.
വട്ടവട വെജിറ്റബില്‍ അഗ്രോപാർക്ക്, തൃശൂരിലെ കണ്ണാരയിലെ ബനാന ഹണി പാർക്ക്, വേങ്ങേരിയിലെ കോക്കനട്ട് ട്രേഡിംഗ് ആന്‍ഡ് മാര്ർക്കറ്റിംഗ് ഹബ്ബ് ആഗ്രോ പാർക്ക്, പാലക്കാട് മുതമല മാംഗോ അഗ്രോ പാർക്ക് എന്നിവ ആദ്യഘട്ട് യൂണിറ്റുകളായി പ്രവർത്തിക്കും.
ഈ സംരഭത്തിന് കേന്ദ്രസർക്കാരിന്‍റെ അഗ്രികള്‍ച്ചർ ആക്സിലറേറ്റർ ഫണ്ടില്‍ ( എഎഎഫ്) നിന്ന് സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.