5 Nov 2023 12:15 PM IST
Summary
- ഡീലര്‍മാരുടെ എണ്ണം ഇരട്ടിയാക്കി വര്‍ധിപ്പിക്കും
- ഒരു വര്‍ഷത്തോളം നീണ്ടു നില്‍ക്കുന്ന പ്രചാരണ പരിപാടികള്‍
- വ്യാജബ്രാന്‍ഡുകളെ പ്രതിരോധിക്കുമെന്നും കമ്പനി
പ്രമുഖ ബിരിയാണി റൈസ് ബ്രാൻഡുകളിലൊന്നായ " ബാദ്ഷ '' ബ്രാൻഡ് ബിരിയാണി അരിയുടെ കേരള വിപണിയിലെ വിൽപ്പന വിപുലീകരിക്കുന്നു. വ്യാജ ബ്രാൻഡുകളെ പ്രതിരോധിക്കാനുള്ള പദ്ധതികളും " ബാദ്ഷ '' ബ്രാൻഡ് അരി വിപണിയിലെത്തിക്കുന്ന മെസ ആഗ്രോ പ്രോഡക്ഷൻസ് പ്രഖ്യാപിച്ചു.
വിപണി സാന്നിധ്യം വിപുലീകരിക്കുന്നതിൻറെ ഭാഗമായി ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ നിലവിലെ ഡീലർമാരുടെ എണ്ണം ഇരട്ടിയാക്കും. വില്പന വിഹിതം 10 ൽ നിന്നും 20 ശതമാനമായി വർദ്ധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് മാനേജിംഗ് ഡയറക്ടർ ഗണേഷ് മെഹ്റ പത്രസമ്മേളനത്തിൽ അറിയിച്ചു. കൂടാതെ ബ്രാന്‍ഡ് പ്രമോഷന്‍റെ ഭാഗമായി ഒരു വര്‍ഷത്തോളം നീളുന്ന പരിപാടികളും പ്രഖ്യാപിച്ചിട്ടുണ്ട്.
വീട്ടമ്മമാർ, പാചക വിദഗ്ദ്ധർ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പാചക ക്ലാസുകൾ, പാചക മത്സരങ്ങൾ, ഉപഭോക്താക്കൾക്കായുള്ള സമ്മാനപദ്ധതികൾ എന്നിവ സംഘടിപ്പിക്കും. ബ്രാൻഡ് പ്രമോഷൻറെ ഭാഗമായുള്ള റോഡ് ഷോ കൊച്ചിയിൽ ഫ്ലാഗ് ഓഫ് ചെയ്തതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 40 വർഷങ്ങളായി ഇന്ത്യൻ വിപണിയിൽ സജീവ സാന്നിധ്യമുള്ള ബാൻഡ് 1996 മുതലാണ് കേരളത്തിൽ വിതരണം ആരംഭിച്ചതെന്ന് കമ്പനി മാർക്കറ്റിംഗ് മാനേജർ (കേരളം) സതീശൻ ടി.ഇ പറഞ്ഞു. എന്നാൽ ഏതാനും നാളുകളായി കമ്പനിയുടെ ട്രേഡ് മാർക്കിനെ അനുകരിച്ചുകൊണ്ട് വ്യാജ ബ്രാൻഡുകൾ വിപണിയില്‍ എത്തിയിരിക്കുകയാണ്. ഇത് ഉപഭോക്താക്കളെയും വ്യാപാരികളെയും കമ്പനിയെയും ഒരുപോലെ ബാധിക്കുന്നുണ്ട്. ഇതിനൊരു പരിഹാരമായി കൂടിയാണ് ഈ ബ്രാൻഡ് പ്രമോഷൻ പരിപാടികളെന്നും അദ്ദേഹം അറിയിച്ചു.
ഉന്നത ഗുണ നിലവാരമുള്ള കൈമ റൈസ് ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്ന, ഗോവിന്ദ് ബോഗ് ഇനത്തിൽപ്പെട്ട നെല്ലാണ് ബാദ്ഷ ബ്രാന്‍ഡ് ഉപയോഗിക്കുന്നത്. പശ്ചിമ ബംഗാളിലെ വർദ്ധമാൻ ജില്ലയിൽ നിന്നാണ് ഇത് ലഭ്യമാക്കുന്നത്. വയലുകളിൽ നിന്നും നേരിട്ട് നെല്ല് ശേഖരിച്ച് ശുദ്ധീകരിച്ചു രണ്ടു വർഷം ആധുനിക സൗകര്യങ്ങളുള്ള സംഭരണശാലകളിൽ സൂക്ഷിച്ച ശേഷം വിവിധ പ്രക്രിയകളിലൂടെ അരിയാക്കും. തുടർന്ന് 50, 25, 5, 2, 1 കിലോ പാക്കറ്റുകളിലാക്കി വിപണികളിൽ എത്തിക്കുന്നു. ശ്രീ മഹാവീർ ട്രേഡേഴ്സ് ഉടമ ഭാവിക് എം. പോർച്ചേ, സിനിമാതാരം ദേവരാജ് പയ്യന്നൂർ, സംവിധായകൻ ആർ. അജയ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.