28 April 2025 2:36 PM IST
പെട്രോ കെമിക്കല്‍ പാര്‍ക്ക് ; പ്രതീക്ഷിക്കുന്നത് 10,000 കോടി നിക്ഷേപവും 20,000 തൊഴിൽ അവസരങ്ങളും
MyFin Desk
കേരളത്തിന്റെ അഭിമാനമായ 1200 കോടി രൂപയുടെ പെട്രോ കെമിക്കൽ പാർക്ക് പദ്ധതിയുടെ നിർമ്മാണം അതിവേഗം പുരോഗമിക്കുന്നതായി മന്ത്രി പി. രാജീവ് അറിയിച്ചു. വലിയ നിക്ഷേപം ലക്ഷ്യമിടുന്ന അമ്പലമുഗൾ കിൻഫ്ര പെട്രോ കെമിക്കൽ പാർക്കിന്റെ നിർമ്മാണം പകുതിഘട്ടം പിന്നിടുമ്പോൾ ശതകോടികളുടെ വ്യവസായങ്ങൾ കടന്നുവന്നതായി മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. പാർക്കിലൂടെ സർക്കാർ പ്രതീക്ഷിക്കുന്നത് 10,000 കോടി രൂപയോളം നിക്ഷേപവും, 20,000 തൊഴിൽ അവസരങ്ങളുമാണെന്ന് അദ്ദേഹം അറിയിച്ചു.
വ്യവസായത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളായ വൈദ്യുതി, വെള്ളം, മലിനജല ശുദ്ധീകരണ പ്ലാന്റ്, ഗെയിൽ പൈപ്പ് ലൈനിന്റെ സാന്നിധ്യം, അപകടകരമായ മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള സംവിധാനം തുടങ്ങിയവ പാർക്കിൽ സർക്കാർ ലഭ്യമാക്കും. തടസ്സമില്ലാത്ത ലോജിസ്റ്റിക് ക്രമീകരണവും വെയർഹൗസിംഗ് & ട്രേഡിംഗ് ഹബ് എന്നിവയും ഈ ബൃഹത് പദ്ധതിയിൽ ഉൾപ്പെടുമെന്ന് മന്ത്രി രാജീവ് പറഞ്ഞു.
5000 കോടി രൂപ നിക്ഷേപമുള്ള ബിപിസിഎലിന്റെ പോളി പ്രൊപ്പിലീൻ പ്ലാന്റ് ആരംഭിക്കാൻ പോകുന്നതും ഈ പാർക്കിൽ തന്നെയാണ്. വളരെ പെട്ടെന്ന് നിർമ്മാണം പുരോഗമിക്കുന്ന പാർക്ക് ഈ വർഷം തന്നെ പ്രവർത്തനക്ഷമമാകും. ഇതോടെ പ്രത്യക്ഷത്തിൽ തന്നെ 20,000ത്തിലധികം പേർക്ക് തൊഴിൽ ലഭ്യമാകുന്ന മറ്റൊരു വ്യാവസായിക കുതിപ്പിനായിരിക്കും കേരളം സാക്ഷ്യം വഹിക്കുകയെന്നും മന്ത്രി അറിയിച്ചു.