30 April 2025 1:06 PM IST
ഇനി മുതൽ ഒന്നാം സമ്മാനം ലക്ഷമല്ല, കോടിയാണ്; പേരിലും സമ്മാന ഘടനയിലും മാറ്റവുമായി കേരള ലോട്ടറി
MyFin Desk
Summary
ടിക്കറ്റ് വില 50 രൂപയാക്കി ഉയര്‍ത്തി
പേരിലും സമ്മാനഘടനയിലും മാറ്റം വരുത്തി കേരള ലോട്ടറി. ഇനി മുതൽ ഒന്നാം സമ്മാനം ഒരു കോടി രൂപയും ടിക്കറ്റുവില 50 രൂപയുമാണ്. ദിവസം മൂന്നുലക്ഷം സമ്മാനമെന്നത് ഇനി ആറരലക്ഷം സമ്മാനങ്ങളാകും. എട്ട് സമ്മാനമെന്നത് 10 ആക്കി ഉയർത്തിയിട്ടുണ്ട് . അവസാന സമ്മാനം നൂറ് രൂപയായിരുന്നത് 50 രൂപയാക്കി കുറക്കുകയും ചെയ്തു.
നിലവിൽ ഉച്ചയ്ക്കുശേഷം മൂന്ന് മണിയ്ക്ക് നടക്കുന്ന നറുക്കെടുപ്പ് മെയ് രണ്ടുമുതല്‍ രണ്ട് മണിക്കായിരിക്കും നടക്കുക. പേരിലും സമ്മാനഘടനയിലും മാറ്റം വരുത്തി കേരള ലോട്ടറിയുടെ പുതിയ ടിക്കയറ്റുകളുടെ വിൽപ്പന വിപണിയിൽ ആരംഭിച്ചിട്ടുണ്ട്.
പുതിയ പേരും/ സമ്മാന തുകയും
ഞായറാഴ്ചകളില്‍ സമൃദ്ധി ലോട്ടറി, തിങ്കളാഴ്ച ഭാഗ്യതാര , ചൊവ്വാഴ്ച സ്ത്രീശക്തി , ബുധനാഴ്ച ധനലക്ഷ്മി, വ്യാഴാഴ്ച കാരുണ്യ പ്ലസ്, വെള്ളിയാഴ്ച സുവർണ്ണ കേരളം , ശനിയാഴ്ച കാരുണ്യ എന്നീ ലോട്ടറികളാണ് ഇനി മുതൽ ഉണ്ടാവുക.
ഞായറാഴ്ചത്തെ 'അക്ഷയ' ടിക്കറ്റിന് പകരമായെത്തുന്ന 'സമൃദ്ധി'യുടെയും തിങ്കളാഴ്ചത്തെ 'വിന്‍ വിന്‍' ടിക്കറ്റിന് പകരമായെത്തിയ 'ഭാഗ്യധാര'യുടെയും രണ്ടാം സമ്മാനം 75 ലക്ഷം രൂപയാണ്. നിലവില്‍ 'വിന്‍ വിന്‍' ലോട്ടറിയുടെ ഒന്നാം സമ്മാനമായിരുന്നു 75 ലക്ഷം രൂപ. 'അക്ഷയ' ടിക്കറ്റിന് ഒന്നാം സമ്മാനമായി നൽയിരുന്നത് 70 ലക്ഷം രൂപയാണ്.
വ്യാഴാഴ്ചത്തെ 'കാരുണ്യ പ്ലസ്', ബുധനാഴ്ചത്തെ 'ഫിഫ്റ്റി-ഫിഫ്റ്റിക്ക് പകരമായെത്തുന്ന 'ധനലക്ഷ്മി', ശനിയാഴ്ചത്തെ 'കാരുണ്യ' എന്നീ ടിക്കറ്റുകളുടെ രണ്ടാം സമ്മാനം 50 ലക്ഷം രൂപയും ചൊവ്വാഴ്ചത്തെ 'സ്ത്രീശക്തി'യുടേത് 40 ലക്ഷം രൂപയുമാക്കി. വെള്ളിയാഴ്ചത്തെ ‘നിർമൽ' ടിക്കറ്റിന് പകരമെത്തുന്ന ‘സുവർണ കേരള'ത്തിന് രണ്ടാംസമ്മാനം 30 ലക്ഷമാണ്. ‘സ്ത്രീശക്തി', ‘സുവർണ കേരളം', ‘സമൃദ്ധി' ടിക്കറ്റുകൾക്ക് മൂന്നാംസമ്മാനം 25 ലക്ഷം രൂപയും ‘ധനലക്ഷ്മി' ടിക്കറ്റിന് മൂന്നാംസമ്മാനം 20 ലക്ഷവുമാകും.