8 April 2024 6:01 PM IST
Summary
3 മാസത്തിനിടെ വില വർധിച്ചത് 50 രൂപ
സംസ്ഥാനത്ത് സർവ്വകാല റെക്കോർഡിൽ എത്തി ചിക്കൻ വില.
ഒരു കിലോ കോഴിയിറച്ചിക്ക് വില 240 രൂപ മുതൽ 260 രൂപ വരെയാണ് , ഒരു കിലോ കോഴിക്ക് വില 190 രൂപയുമാണ് വില.
3 മാസത്തിനിടെ കോഴിയുടെ വില വർധിച്ചത് 50 രൂപയിൽ അധികമാണ്. ഇറച്ചി വില 200 രൂപയിൽ നിന്നും 260 രൂപയായി ഉയർന്നു.
സംസ്ഥാനത്ത് ചൂട് കൂടിയ സാഹചര്യത്തിൽ കോഴി ഉത്പാദനം കുറഞ്ഞതും അയൽ സംസ്ഥാനങ്ങളിൽ നിന്നും കോഴിയുടെ വരവ് കുറഞ്ഞതുമാണ് വില ഇത്രയധികം വർധിക്കുന്നതിന് ഇടയാക്കിയത്. വിഷു, റംസാൻ വരുന്നതോടെ ഇനിയും വില വർധിക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്.
തദ്ദേശീയ ഫാമുകളിലും മറുനാടൻ ഫാമുകളിലും ഉത്പാദനം കുറഞ്ഞതും വിലക്കയറ്റത്തിന് കാരണമായി. ജലക്ഷാമം മൂലം ചില ഫാമുകളുടെ പ്രവർത്തനം നിലച്ചതും കോഴിയുടെ ലഭ്യതക്കുറവിന് കാരണമായിട്ടുണ്ട്. റംസാൻ,ഈസ്റ്റർ, ചെറിയ പെരുന്നാൾ തുടങ്ങി ചിക്കന് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള അവസരങ്ങൾ ഒരുമിച്ച് വരികയും ചെയ്തതോടെ ഉപയോഗവും കുത്തനെ ഉയർന്നിട്ടുണ്ട്.
തമിഴ്‌നാട്ടിലെ നാമക്കലിൽ നിന്നുമാണ് പ്രധാനമായും ഇറച്ചിക്കോഴികൾ സംസ്ഥാനത്തെത്തുന്നത്. തമിഴ്‌നാട്ടിലും 280 രൂപ വരെയാണ് ഇപ്പോൾ കോഴിയുടെ വില. കഴിഞ്ഞ മാസം കോഴിയുടെ വില 125 രൂപയായിരുന്നു. അതേ സമയം മീനിൻ്റെ വിലയും വർധിച്ചിട്ടുണ്ട്. 60 രൂപ മുതൽ 100 രൂപ വരെയാണ് മീൻ വില കൂടിയത്.