13 Oct 2023 10:11 PM IST
Summary
- ഒക്ടോബര്‍ 26, 27 തീയതികളില്‍. അങ്കമാലിക്കടുത്തുള്ള അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.
- ആയുര്‍വേദ, ഹെല്‍ത്ത് കെയര്‍ മേഖലകളിലെ പ്രമുഖരുടെ ഉത്പന്നങ്ങളും സേവനങ്ങളും ഉച്ചകോടിയില്‍ പ്രദര്‍ശിപ്പിക്കും.
കൊച്ചി:സിഐഐ കേരള സംഘടിപ്പിക്കുന്ന അഞ്ചാമത് ആഗോള ആയുര്‍വേദ ഉച്ചകോടിയും പത്താമത് കേരള ഹെല്‍ത്ത് ടൂറിസം എഡിഷനും ഒക്ടോബര്‍ 26, 27 തീയതികളില്‍. അങ്കമാലിക്കടുത്തുള്ള അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ് മന്ത്രാലയത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ബ്രാന്‍ഡിംഗ്, ഗവേഷണം, എഐ, സ്റ്റാര്‍ട്ടപ്പുകള്‍എന്നിവ വഴി ആയുര്‍വേദത്തെ മുഖ്യധാരയില്‍എത്തിക്കുക എന്നതാണ് ഉച്ചകോടിയുടെ മുഖ്യ പ്രമേയം. സമഗ്രമായ ആരോഗ്യ പരിപാലനവും, മൂല്യവത്തായമെഡിക്കല്‍ ടൂറിസവും പ്രദാനം ചെയ്യുന്നതില്‍ ആഗോളതലത്തില്‍ പ്രതിബദ്ധരായ ഡോക്ടര്‍മാര്‍, ചിന്തകര്‍, സമാനമാ താല്‍പ്പര്യങ്ങളുള്ളവര്‍ എന്നിവര്‍ക്ക് സംഗമിക്കാനുള്ള അവസരമൊരുക്കുന്ന വേദി കൂടിയാണ് ഈ ഉച്ചകോടി.
നൂതനമായ കണ്ടുപിടുത്തങ്ങള്‍, ഗവേഷണം, തെളിവുകളും പരീക്ഷണങ്ങളും അടിസ്ഥാനമാക്കിയുള്ള ഔഷധങ്ങള്‍, വിജ്ഞാന കൈമാറ്റം എന്നീ വിഷയങ്ങളിലൂന്നിയുള്ള ഉച്ചകോടി ആധുനിക ലോകത്തില്‍ ലഭ്യമായ സാധ്യതകളും വെല്ലുവിളികളും, ആയുര്‍വേദത്തില്‍ സ്റ്റാര്‍ട്ടപ്പുകളുടെ സാധ്യതകള്‍, ആയുര്‍വേദ സേവനങ്ങളും ഉത്പന്നങ്ങളും ആഗോള തലത്തില്‍ എത്തിക്കുക, എഐയും സാങ്കേതിക വിദ്യകളും ആയുര്‍വേദത്തില്‍ എന്നീ വിഷയങ്ങളിലും ചര്‍ച്ചകളുണ്ടാകും. ഓസ്‌ട്രേലിയ, തായ്ലന്‍ഡ്, തായ്വാന്‍, ഒമാന്‍, ബംഗ്ലാദേശ്, ശ്രീലങ്കതുടങ്ങിയരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുക്കും.
ആയുര്‍വേദ, ഹെല്‍ത്ത് കെയര്‍ മേഖലകളിലെ പ്രമുഖരുടെ ഉത്പന്നങ്ങളും സേവനങ്ങളും ഉച്ചകോടിയില്‍ പ്രദര്‍ശിപ്പിക്കും. ആയുര്‍വേദ ഹെല്‍ത്ത് കെയര്‍ മേഖലകളിലെ നൂതനമായ ട്രെന്‍ഡുകള്‍ വെളിപ്പെടുത്തുന്ന സ്റ്റാര്‍ട്ടപ്പ് പവലിയനും ഉച്ചകോടിയോടനുബന്ധിച്ച് ഉണ്ടാകും. പൊതുജനങ്ങള്‍ക്ക് പ്രദര്‍ശനങ്ങളിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
സിഐഐ ആയുര്‍വേദ പാനല്‍ 2023-24 ന്റെ കണ്‍വീനര്‍ കോട്ടക്കല്‍ ആര്യ വൈദ്യശാലയുടെ ചീഫ് ഫിസിഷ്യനും ട്രസ്റ്റിയുമായ ഡോ.പി.എം വാരിയര്‍, ധാത്രി ആയുര്‍വേദ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ ഡോ.എസ്. സജികുമാറാണ് കോണ്‍ഫറന്‍സിന്റെ അധ്യക്ഷന്‍. സിഐഐ ആയുര്‍വേദ പാനലിന്റെ സഹ കണ്‍വീനര്‍ വൈദ്യരത്‌നം എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ.യദു എന്നിവരാണ്. ഇവരുടെ നേതൃത്വത്തിലാണ് ഉച്ചകോടിയുടെ സംഘാടനം.
സിഐഐ കേരള ഹെല്‍ത്ത് കെയര്‍ പാനല്‍ കണ്‍വീനറും അനന്തപുരി ഹോസ്പിറ്റല്‍സിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.മാര്‍ത്താണ്ഡ പിള്ള, സിഐഐ കേരള ഹെല്‍ത്ത്‌കെയര്‍ പാനല്‍ സഹ കണ്‍വീനറും മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടറുമായ ഡോ. പി വി ലൂയിസ് എന്നിവരാണ് ഹെല്‍ത്ത് ടൂറിസത്തിന് നേതൃത്വം നല്‍കുന്നത്.
'പ്രൊഫഷണല്‍ മികവുള്ള ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും താങ്ങാനാവുന്ന ചെലവില്‍ ഫലപ്രദമായ ചികിത്സ, ആധുനികമായ പശ്ചാത്തല സൗകര്യങ്ങള്‍ എന്നിവയുടെ സഹായത്തോടെ ആരോഗ്യ പരിപാലന ടൂറിസത്തിന് പ്രിയമുള്ള ഇടമായി കേരളം ഇതിനകം പേരെടുത്തു കഴിഞ്ഞു. മെഡിക്കല്‍ ടൂറിസം മേഖലയില്‍ ഒരു സുപ്രധാന ഇടമായി ഇന്ത്യയെ വളര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ ജി-20 തലത്തില്‍ നടക്കുന്നത് കേരളത്തിന്റെ വളര്‍ച്ചയെയും ത്വരിതപ്പെടുത്തുമെന്ന് രാജഗിരി ഹോസ്പിറ്റല്‍ എക്‌സിക്യുട്ടീവ് ഡയറക്ടറും സിഇഒയുമായ ഫാദര്‍ ജോണ്‍സണ്‍ വാഴപ്പള്ളി അഭിപ്രായപെട്ടു.രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും www.ciiglobalayurvedasummit.in & www.ciikeralahealthtourism.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാം.