image

29 Feb 2024 6:10 PM IST

Kerala

20 ലക്ഷം പേർക്ക് തൊഴിൽ; പദ്ധതിക്ക് തുടക്കമിട്ട് ന്യൂനപക്ഷ കമ്മിഷന്‍

MyFin Desk

employment for 20 lakh people, minorities commission initiated the scheme
X

Summary

  • പരിശീലനം പൂര്‍ത്തിയാകുന്നവര്‍ക്ക് പ്രത്യേക മേളകളിലൂടെ തൊഴില്‍ ഉറപ്പാക്കും
  • ന്യൂനപക്ഷ വിഭാ​ഗത്തിൽപ്പെട്ട ഒരു ലക്ഷം പേർക്ക് ജോലി ലഭ്യമാക്കുക എന്നതാണ് പദ്ധതി
  • 18-നും 58-നും ഇടയിൽ പ്രായമുള്ള, പ്ലസ് ടുവോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് പദ്ധതി ആനുകൂല്യങ്ങൾ ലഭിക്കും


20 ലക്ഷം പേര്‍ക്ക് തൊഴില്‍ എന്ന പദ്ധതിയില്‍ ന്യൂനപക്ഷ വിഭാഗങ്ങളിലെ തൊഴിലന്വേഷകര്‍ക്ക് പ്രയോജനകരമാം വിധമുള്ള പരിപാടികള്‍ക്ക് സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ രൂപം നല്‍കി.

സംസ്ഥാന ന്യൂനപക്ഷ കമ്മിഷനും കേരള നോളജ് ഇക്കോണമി മിഷനും സംയുക്തമായി നടപ്പാക്കുന്ന പദ്ധതി ക്യാമ്പസുകളിലേക്കും വ്യാപിപ്പിക്കും. പദ്ധതിയുടെ നടത്തിപ്പിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രത്യേക സംവിധാനം ഒരുക്കും.

കേരള നോളജ് ഇക്കണോമി മിഷനും കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലും (കെ -ഡിസ്‌ക്) സംയുക്തമായി നടപ്പിലാക്കുന്ന 5 വർഷത്തിനുള്ളിൽ 20 ലക്ഷം തൊഴിലുകൾ ലഭ്യമാക്കാൻ ലക്ഷ്യമിടുന്ന എന്റെ തൊഴിൽ എന്റെ അഭിമാനം 2.0 യുടെ ഭാ​ഗമായാണ് പദ്ധതി നടപ്പാക്കുന്നത്.

ന്യൂനപക്ഷ വിഭാ​ഗത്തിൽപ്പെട്ട ഒരു ലക്ഷം പേർക്ക് ജോലി ലഭ്യമാക്കുക എന്നതാണ് പദ്ധതി വിഭാ​വനം ചെയ്യുന്നത്. തൊഴിൽ സാധ്യതകളെ കൂടാതെ ജീവിതനിലവാരം മെച്ചപ്പെടുത്തുക,സാമൂഹിക സാമ്പത്തിക സമത്വം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.

18-നും 58-നും ഇടയിൽ പ്രായമുള്ള, പ്ലസ് ടുവോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് പദ്ധതി ആനുകൂല്യങ്ങൾ ലഭിക്കും. യോഗ്യരായ ഉദ്യോഗാർഥികളെ രണ്ട് ഗ്രൂപ്പുകളായി പരിഗണിച്ച് ഉന്നതവിദ്യാഭ്യാസം ആവശ്യമുള്ളവർക്ക് അത് നൽകും.

തൊഴിൽ അന്വേഷകർക്ക് നൈപുണ്യവികസനം, പരിശീലനം, ഇന്റേൺഷിപ്പ് തുടങ്ങിയ പരിപാടികൾ നടപ്പിലാക്കും. പ്രായോ​ഗിക പരിശീലനങ്ങൾക്കായിരിക്കും മുൻ​ഗണന.ജില്ലാ തലത്തിൽ ക്ലസ്റ്ററുകളുണ്ടാക്കി പ്രത്യേക പരിശീലനം നൽകിയ ശേഷം നോളജ് മിഷൻെറ DWMSപോർട്ടലിൽ രജിസ്റ്റർ ചെയ്യിപ്പിക്കും.

യോ​ഗ്യത നേടുന്നവർക്ക് തൊഴിൽ ദാതാക്കളെ സമീപിക്കാൻ അവസരമൊരുക്കും. പദ്ധതിയിലൂടെ ന്യൂനപക്ഷ വിഭാ​ഗങ്ങളിൽപ്പെടുന്നവരുടെ തൊഴിൽ സാധ്യതകൾ വർധിപ്പിച്ച് അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ സാധിക്കും.

മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ആദ്യഘട്ട രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കും. തുടര്‍ന്നുള്ള മാസങ്ങളില്‍ മിഷന്റെ വിവിധ സേവനങ്ങളും നൈപുണ്യ പരിശീലനവും നല്‍കി തൊഴില്‍ സജ്ജരാക്കും. പരിശീലനം പൂര്‍ത്തിയാകുന്നവര്‍ക്ക് പ്രത്യേക മേളകളിലൂടെ തൊഴില്‍ ഉറപ്പാക്കുന്നതാണ് പദ്ധതി.

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ കമ്മിഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളിലൂടെ മൂന്ന് മാസത്തിനുള്ളില്‍ ഒരു ലക്ഷം തൊഴിലന്വേഷകരെ കണ്ടെത്തി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യിക്കുക എന്ന ലക്ഷ്യത്തോടെയുള്ള കര്‍മ്മ പദ്ധതികള്‍ക്കാണ് കമ്മിഷന്‍ രൂപം നല്‍കിയിട്ടുള്ളതെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് അറിയിച്ചു.