image

10 Feb 2024 5:41 PM IST

Kerala

സംരംഭകര്‍ കേരളത്തിന്റെ അംബാസഡര്‍മാരാകണം: മന്ത്രി പി രാജീവ്

MyFin Desk

Provident Fund Interest Rate chart
X

Summary

  • സ്വന്തം വേദിയില്‍ മെഷിനറി എക്സ്പോ 6ാം പതിപ്പിന് തുടക്കം.
  • എംഎസ്എംഇ മേഖലയില്‍ 91,000 കോടി രൂപയുടെ നിക്ഷേപം.
  • സംസ്ഥാനത്തെ രണ്ടു സംരംഭക വര്‍ഷങ്ങളും വിജയം.


വ്യവസായ സംരംഭകര്‍ കേരളത്തിന്റെ അംബാസഡര്‍മാരാകണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. അതിനു യോജിച്ച മികച്ച വ്യാവസായിക അന്തരീക്ഷമാണ് കേരളത്തില്‍ സംജാതമായിട്ടുള്ളതെന്നും, സംസ്ഥാന വ്യവസായ മേഖലയില്‍ മറ്റിടങ്ങളിലെ പോലെ കലുഷിത പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കാക്കനാട് കിന്‍ഫ്ര ഇന്റര്‍നാഷണല്‍ എക്സിബിഷന്‍ സെന്ററില്‍

സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന മെഷിനറി എക്സ്പോ 2024 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സ്വന്തം വേദിയില്‍ നടക്കുന്ന എക്സ്പോയില്‍ കേരളത്തിന്റെ വ്യാവസായിക വളര്‍ച്ചയുടെ പ്രത്യക്ഷ സാക്ഷ്യങ്ങള്‍ ദൃശ്യമാണ്. സംസ്ഥാനത്തെ രണ്ടു സംരംഭക വര്‍ഷങ്ങളും വിജയമായി. അഞ്ചുവര്‍ഷത്തിനിടെ എംഎസ്എംഇ മേഖലയില്‍ 91,000 കോടി രൂപയുടെ നിക്ഷേപമുണ്ടായി. ദീര്‍ഘകാല പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞതും സംരംഭക സമൂഹത്തിന് ആത്മവിശ്വാസം പകർന്നു.

സ്ഥലപരിമിതി എന്ന യാഥാര്‍ഥ്യം കണക്കിലെടുക്കണം. എന്നാല്‍ വൈദഗ്ധ്യ നൈപുണിയിലെ മികവ് ആധാരമാക്കാനാകുന്ന വ്യവസായങ്ങള്‍ നടപ്പാക്കുന്നത് ലോകതലത്തില്‍ കേരളത്തെ ശ്രദ്ധേയമാക്കും. എക്സ്പോര്‍ട്ട് പ്രൊമോഷന്‍ , ലോജിസ്റ്റിക്‌സ് , എന്‍വയണ്‍മെന്റല്‍ -സോഷ്യല്‍ ഗവേണന്‍സ് പോളിസികള്‍ അടുത്തമാസം ആദ്യത്തോടെ മന്ത്രിസഭാ അംഗീകാരത്തോടെ പ്രസിദ്ധപ്പെടുത്താനാകുമെന്നാണ് കരുതുന്നത്. നിലവില്‍ 7.5 ഏക്കറിലുള്ള കിന്‍ഫ്ര ഇന്റര്‍നാഷനല്‍ എക്സിബിഷന്‍ സെന്റര്‍ അഞ്ചേക്കര്‍ കൂടി വികസിപ്പിക്കുന്നത് ആലോചിക്കുകയാണ്. ജൂലൈയില്‍ കൊച്ചിയില്‍ എഐ കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്നും മന്ത്രി രാജീവ് പറഞ്ഞു.

ഉമ തോമസ് എംഎല്‍എ അധ്യക്ഷയായി. എക്സ്പോ ഡയറക്ടറിയുടെ ഓണ്‍ലൈന്‍ പ്രകാശനവും എംഎല്‍എ നിര്‍വ്വഹിച്ചു. വ്യവസായ വാണിജ്യ ഡയറക്ടര്‍ എസ് ഹരികിഷോര്‍, തൃക്കാക്കര മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ രാധാമണി പിള്ള, കൗണ്‍സിലര്‍ എം ഒ വര്‍ഗീസ്, കിന്‍ഫ്ര എംഡി സന്തോഷ് കോശി തോമസ്, എംഎസ്എംഇ - ഡിഎഫ്ഒ ജോയിന്റ് ഡയറക്ടര്‍ ജി എസ് പ്രകാശ്, ഇന്‍ഫോ പാര്‍ക്ക് അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ റെജി കെ തോമസ്, കെഎസ്എസ്‌ഐഎ സംസ്ഥാന പ്രസിഡന്റ് എ നിസാറുദ്ദീന്‍, വ്യവസായ, വാണിജ്യ അഡീഷണല്‍ ഡയറക്ടര്‍മാരായ കെ എസ് കൃപകുമാര്‍, ജി രാജീവ്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജരും എക്‌സ്‌പോ സംഘാടക സമിതി ജനറല്‍ കണ്‍വീനറുമായ പി എ നജീബ് എന്നിവര്‍ പങ്കെടുത്തു.

ഈ മാസം 13 വരെ തുടരുന്ന എക്സ്പോയില്‍ രാവിലെ പത്തുമുതല്‍ വൈകിട്ട് ഏഴുവരെ പ്രദര്‍ശനം സൗജന്യമായി കാണാം. 166 സ്റ്റാളുകളിലായി രാജ്യത്തെ നൂറിലേറെ പ്രമുഖ മെഷീന്‍ നിര്‍മ്മാണ സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന അതിനൂതന മെഷീനുകളുടെ പ്രദര്‍ശനവും, ലൈവ് ഡെമോയും, മെഷീനറി നിര്‍മ്മാതാക്കളുമായി ആശയവിനിമയത്തിനുള്ള അവസരങ്ങളുമുണ്ട്. ഹെവി മെഷീനറികള്‍ക്കായി 5000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ 6 ഡോമുകളായി സജ്ജീകരിച്ച വേദിയില്‍ പ്രദര്‍ശനം സെക്ടർ അടിസ്ഥാനത്തിലാണ്. വൈവിധ്യമാര്‍ന്ന ഭക്ഷ്യവിഭവങ്ങളുമായി ഫുഡ് കോര്‍ട്ടുകളും എക്സ്പോയിലുണ്ട്.