image

22 Sept 2023 5:40 PM IST

Kerala

മറൈന്‍ ഡ്രൈവില്‍ ഹൗസിംഗ് ബോര്‍ഡിന്റെ 2000 കോടിയുടെ പദ്ധതി നിര്‍മാണം ഡിസംബറില്‍ തുടങ്ങും

MyFin Desk

മറൈന്‍ ഡ്രൈവില്‍ ഹൗസിംഗ് ബോര്‍ഡിന്റെ 2000 കോടിയുടെ പദ്ധതി നിര്‍മാണം ഡിസംബറില്‍ തുടങ്ങും
X

Summary

  • ആദ്യ ഘട്ടം 2025-ല്‍ പൂര്‍ത്തീകരിക്കും
  • കൊച്ചി മറൈന്‍ഡ്രൈവ് ഉള്‍പ്പെടെ സംസ്ഥാനത്തെ കണ്ണായ സ്ഥലങ്ങളില്‍ കേരള ഹൗസിംഗ് ബോര്‍ഡിന് മൊത്തം 220 ഏക്കറോളം ഭൂമിയാണു സ്വന്തമായുള്ളത്


കൊച്ചി മറൈന്‍ഡ്രൈവില്‍ ഗോശ്രീ പാലത്തിനു സമീപം കേരള ഭവന നിര്‍മാണ ബോര്‍ഡിനു കൈവശമുള്ള 17.9 ഏക്കര്‍ സ്ഥലത്ത് 40 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള എക്‌സിബിഷന്‍ സിറ്റിയുടെ നിര്‍മാണം ഈ വര്‍ഷം ഡിസംബറില്‍ ആരംഭിക്കും. 2200 കോടി രൂപയുടേതാണു പദ്ധതി.

3,60,000 ചതുരശ്ര അടി വാണിജ്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനാണു തീരുമാനമെന്നു റവന്യു, ഭവന വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു.

നാഷണല്‍ ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനുമായി ചേര്‍ന്നു കേരള ഭവന നിര്‍മാണ ബോര്‍ഡാണു കെട്ടിടം നിര്‍മിക്കുന്നത്. ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ ഇരു സ്ഥാപനങ്ങളും ഒപ്പുവച്ചു. നിര്‍മാണത്തിന് ആഗോളതലത്തില്‍ കൊട്ടേഷന്‍ ക്ഷണിക്കും.

വിവിധ ഘട്ടങ്ങളിലായി പദ്ധതി പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ആദ്യ ഘട്ടം 2025-ല്‍ പൂര്‍ത്തീകരിക്കും.

കൊച്ചി നഗരസഭയുടെ പകുതി മാലിന്യസംസ്‌കരണവും ഹൗസിംഗ് ബോര്‍ഡിന്റെ ഈ പുതിയ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ചു നഗരസഭാധികൃതരുമായി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.

കൊച്ചി മറൈന്‍ഡ്രൈവ് ഉള്‍പ്പെടെ സംസ്ഥാനത്തെ കണ്ണായ സ്ഥലങ്ങളില്‍ കേരള ഹൗസിംഗ് ബോര്‍ഡിന് മൊത്തം 220 ഏക്കറോളം ഭൂമിയാണു സ്വന്തമായുള്ളതെന്നു ചെയര്‍മാന്‍ പി.പി. സുനീര്‍ പറഞ്ഞു. കൊച്ചിയിലെ എക്‌സിബിഷന്‍ സിറ്റി പദ്ധതി പ്രകൃതി സൗഹൃദമായിരിക്കുമെന്നും സിയാലിലേതു പോലെ സൗരോര്‍ജ്ജം ഉപയോഗിക്കാനാണു തീരുമാനിച്ചിരിക്കുന്നതെന്നും സുനീര്‍ പറഞ്ഞു.