29 Nov 2023 6:09 PM IST
Summary
- കൊച്ചിയെ സ്‌പോര്‍ട്‌സ് ടൂറിസം ഹബ്ബാക്കി മാറ്റുക, ക്ലീന്‍,ഗ്രീന്‍, സേഫ് കൊച്ചി എന്നീവയാണ് ലക്ഷൃം
- സമ്മാനത്തുക പത്ത് ലക്ഷത്തില്‍ നിന്ന് പതിനഞ്ച് ലക്ഷമാക്കി ഉയര്‍ത്തി
പൊതുജനാരോഗ്യവും, ശാരീരികക്ഷമതയും മെച്ചപ്പെടുത്തുന്നതിനായി ക്ലിയോസ്‌പോര്‍ട്‌സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണിന്റെ രണ്ടാം പതിപ്പ് 2024 ഫെബ്രുവരി 11ന് നടക്കും. കൊച്ചിയെ സ്‌പോര്‍ട്‌സ് ടൂറിസം ഹബ്ബാക്കി മാറ്റുക, ക്ലീന്‍,ഗ്രീന്‍, സേഫ് കൊച്ചി എന്നീ ദീര്‍ഘകാല ലക്ഷൃം മുന്‍നിര്‍ത്തിയാണ് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ സംഘടിപ്പിക്കുന്നത്.
42.195 കിലോമീറ്റര്‍ മാരത്തണ്‍, 21.097 കിലോമീറ്റര്‍ ഹാഫ് മാരത്തണ്‍, 10 കിലോമീറ്റര്‍ ഓട്ടം, 3 കിലോമീറ്റര്‍ ഗ്രീന്‍ റണ്‍, എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായി് ശാരീരിക വൈകല്യമുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി പ്രത്യേക വിഭാഗങ്ങളിലായാണ് മാരത്തണ്‍ നടക്കുന്നത്. മാരത്തണ്‍, ഹാഫ് മാരത്തണ്‍, 10 കിലോമീറ്റര്‍ ഓട്ടം എന്നിവയില്‍ പങ്കെടുക്കുന്നവര്‍ക്ക് അടുത്തിടെ നടന്ന ഏതെങ്കിലും മാരത്തണില്‍ ഓടിയ പരിചയമുണ്ടായിരിക്കണം.
വിനോദ ഓട്ടമായ ഗ്രീന്‍ റണ്ണില്‍ സ്‌കൂളുകള്‍, കോളേജുകള്‍, ഹൗസിംഗ് സൊസൈറ്റികള്‍, വനിതാ സംഘടനകള്‍, കോര്‍പ്പറേറ്റ് ജീവനക്കാര്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങി വിവിധ മേഖലകളിലുളളവര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നുണ്ട്. ഗ്രീന്‍ റണ്ണില്‍ പങ്കെടുക്കുന്നവര്‍ക്ക് ക്ലീന്‍, ഗ്രീന്‍, സേഫ് കേരള എന്ന തീം ഉള്‍ക്കൊള്ളുന്ന സന്ദേശങ്ങള്‍ സമര്‍പ്പിക്കാം. മികച്ച എന്‍ട്രികള്‍ക്ക് സമ്മാനങ്ങളുമുണ്ട്. സമ്മാനത്തുക പത്ത് ലക്ഷത്തില്‍ നിന്ന് ഇത്തവണ പതിനഞ്ച് ലക്ഷമാക്കി ഉയര്‍ത്തിയിട്ടുണ്ട്.
ഫെഡറല്‍ ബാങ്കാണ് മാരത്തോണിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍. ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ നടന്ന മാരത്തണ്‍ രണ്ടാം പതിപ്പി ന്റെ പ്രഖ്യാപനച്ചടങ്ങില്‍ അത്‌ലെറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് പത്മശ്രീ അഞ്ജു ബോബി ജോര്‍ജ്, ഹൈബി ഈഡന്‍ എംപി, ഫെഡറല്‍ ബാങ്ക് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ എംവിഎസ് മൂര്‍ത്തി, ക്ലിയോ സ്‌പോര്‍ട്‌സ് ഉടമകളായ ബൈജു പോള്‍, അനീഷ് പോള്‍, ശബരി നായര്‍, എം ആര്‍ കെ ജയറാം, വിപിന്‍ നമ്പ്യാര്‍, ജോസഫ്, തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.
മാരത്തോണ്‍ വന്‍ വിജയമാക്കാനായി വന്‍കിട ബ്രാന്‍ഡുകള്‍, സംസ്ഥാന സര്‍ക്കാര്‍, സന്നദ്ധസംഘടനകള്‍, കേരള പോലീസ്, വിദ്യാര്‍ഥികള്‍, ഓട്ടക്കാര്‍ തുടങ്ങിയവരെ സംഘാടകരായ ക്ലിയോസ്‌പോര്‍ട്‌സ് അണിനിരത്തുന്നുണ്ട്. മാരത്തോണിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. ഓൺലൈൻ രജിസ്ട്രേഷന് www.kochimarathon.in സന്ദർശിക്കുക.