image

1 Nov 2023 9:12 PM IST

Kerala

ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റ്;നേത്ര, മര്‍മ, പഞ്ചകര്‍മ്മ വിഷയങ്ങളില്‍ ശില്‍പ്പശാല

MyFin Desk

global ayurveda fest, workshop on netra, marma and panchakarma
X

തിരുവനന്തപുരം: ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍ (ജിഎഎഫ് 2023) അഞ്ചാം പതിപ്പിനു മുന്നോടിയായി ദ്വിദിന ശില്‍പ്പശാല സംഘടിപ്പിക്കുന്നു. ശാലക്യ (നേത്ര), മര്‍മ, പഞ്ചകര്‍മ്മ എന്നീ വിഷയങ്ങളിലുള്ള ശില്‍പ്പശാല നവംബര്‍ 29, 30 തീയതികളില്‍ സംസ്ഥാനത്തെ വിവിധ വേദികളില്‍ നടക്കും. ശില്‍പ്പശാല രജിസ്‌ട്രേഷനുള്ള അവസാന തീയതി നവംബര്‍ 15 ആണ്.

എറണാകുളം കൂത്താട്ടുകുളത്തെ ശ്രീധരീയത്തില്‍ നടക്കുന്ന നേത്ര ശില്‍പ്പശാലയില്‍ ശസ്ത്രക്രിയാ രീതിയായ ലേഖന, അനുശസ്ത്ര രീതിയായ ജലുകാവചരണ എന്നിവയെക്കുറിച്ച് പ്രാഥമിക പരിശീലനം നല്‍കും. തിരുവനന്തപുരം വഞ്ചിയൂരിലെ ത്രിവേണി ആയുര്‍വേദ നഴ്‌സിംഗ് ഹോമില്‍ സംഘടിപ്പിക്കുന്ന മര്‍മ ശില്‍പ്പശാല ശരീരത്തിലെ സുപ്രധാന ഭാഗങ്ങളെക്കുറിച്ചുള്ള ഘടനാപരവും പ്രവര്‍ത്തനപരവുമായ ധാരണ നല്‍കും. കൊല്ലം പുത്തൂര്‍ ശ്രീനാരായണ ആയുര്‍വേദ കോളേജില്‍ നടക്കുന്ന പഞ്ചകര്‍മ്മ ശില്‍പ്പശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്കും പുതിയ ഡോക്ടര്‍മാര്‍ക്കും സൈദ്ധാന്തികവും പ്രായോഗികവുമായ പരിശീലനം നല്‍കും. പരിചയസമ്പന്നരായ അധ്യാപകരും ആയുര്‍വേദ ഭിഷഗ്വരന്‍മാരുമാണ് പരിശീലനം നല്‍കുക. ശില്‍പ്പശാലയുടെ രജിസ്‌ട്രേഷന്: www.gafindia.org വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഈ വര്‍ഷം ഡിസംബര്‍ 1 മുതല്‍ 5 വരെ തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ജിഎഎഫിന്റെ പ്രമേയം 'ആരോഗ്യപരിപാലനത്തില്‍ ഉയര്‍ന്നുവരുന്ന വെല്ലുവിളികളും നവോര്‍ജ്ജത്തോടെ ആയുര്‍വേദവും' എന്നതാണ്. കേന്ദ്ര-സംസ്ഥാന ആയുഷ് വകുപ്പുകള്‍, ആയുര്‍വേദ മേഖലയിലെ സന്നദ്ധ സ്ഥാപനങ്ങളായ എ.എം.എ.ഐ, എ.എം.എം.ഒ.ഐ, എ.എച്ച്.എം.എ, കെ.ഐ.എസ്.എം.എ, എ.ഡി.എം.എ, വിശ്വ ആയുര്‍വേദ പരിഷത്ത്, മറ്റ് 14 ആയുര്‍വേദ അസോസിയേഷനുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ (സി.ഐ.എസ്.എസ്.എ) ജിഎഎഫ് സംഘടിപ്പിക്കുന്നത്.