9 Oct 2023 8:59 PM IST
Summary
- ഇരുപത് വര്‍ഷത്തെ കരാര്‍ വ്യവസായത്തില്‍ ആരംഭിക്കുന്ന സ്റ്റേഷനുകളുടെ ദൈനംദിന നടത്തിപ്പ് ചുമതല മില്‍മയ്ക്കാണ്.
- സ്റ്റേഷനുകളോട് ചേര്‍ന്ന് മില്‍മയുടെ പാര്‍ലര്‍, ഭക്ഷണശാല, അനുബന്ധ സൗകര്യങ്ങള്‍ എന്നിവയും ഒരുക്കും.
തിരുവനന്തപുരം: ആലപ്പുഴയിലെ മില്‍മയുടെ ഭൂമിയില്‍ ഇന്ധന-ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍. ജില്ലയിലെ പട്ടണക്കാട്, പുന്നപ്ര എന്നിവിടങ്ങളിലാണ് ഇന്ധന-ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വരുന്നത്. ഇത് സംബന്ധിച്ച ധാരണാപത്രം മില്‍മയും എച്ച്പിസിഎല്ലും ഒപ്പുവെച്ചു. ഇരുപത് വര്‍ഷത്തെ കരാര്‍ വ്യവസായത്തില്‍ ആരംഭിക്കുന്ന സ്റ്റേഷനുകളുടെ ദൈനംദിന നടത്തിപ്പ് ചുമതല മില്‍മയ്ക്കാണ്.
പട്ടണക്കാട് മില്‍മ കാലിത്തീറ്റ ഫാക്ടറി (സിഎഫ്പി പട്ടണക്കാട്), പുന്നപ്ര സെന്‍ട്രല്‍ പ്രോഡക്ട്‌സ് ഡയറി (സിപിഡി പുന്നപ്ര) എന്നിവിടങ്ങളിലുള്ള മില്‍മയുടെ സ്ഥലത്താണ് സ്റ്റേഷനുകള്‍ വരുന്നത്. റീട്ടെയില്‍ ഇന്ധന ഔട്ട്‌ലെറ്റിനും അനുബന്ധ സൗകര്യങ്ങള്‍ക്കുമായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ ഓരോ യൂണിറ്റിനും 3.5 കോടി രൂപ വീതം എച്ച്പിസിഎല്‍ ചെലവാക്കും. ചാര്‍ജിംഗ് സ്റ്റേഷന്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ലൈസന്‍സ് നേടുന്നതും അതിന്റെ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നതും എച്ച്പിസിഎല്‍ ആയിരിക്കും. മില്‍മയുടെ വൈവിധ്യവത്കരണത്തിന്റെ ഭാഗമായി കൂടുതല്‍ വരുമാനം, ഉത്പന്നങ്ങളുടെ വിപണി വികസനം എന്നിവയാണ് ഈ കരാറുകളുടെ ലക്ഷ്യം. സ്റ്റേഷനുകളോട് ചേര്‍ന്ന് മില്‍മയുടെ പാര്‍ലര്‍, ഭക്ഷണശാല, അനുബന്ധ സൗകര്യങ്ങള്‍ എന്നിവയും ഒരുക്കും.
പട്ടം മില്‍മ ഭവനില്‍ നടന്ന ചടങ്ങില്‍ മില്‍മ എംഡി ആസിഫ് കെ. യൂസഫും എച്ച്പിസിഎല്‍ സീനിയര്‍ റീജിയണല്‍ മാനേജര്‍ (കൊച്ചിന്‍ റീട്ടെയ്ല്‍ ആര്‍ ഒ) കെ. അരുണുമാണ് ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പിട്ടത്. മില്‍മ ചെയര്‍മാന്‍ കെ എസ്. മണി, എച്ച്പിസിഎല്‍ ജനറല്‍ മാനേജര്‍ (ഇന്‍ ചാര്‍ജ് ഓഫ് സൗത്ത് വെസ്റ്റ് സോണ്‍ റീട്ടെയില്‍) എം. സന്ദീപ് റെഡ്ഡി, എറണാകുളം റീജിയണല്‍ കോ ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന്‍ (ഇആര്‍സിഎംപിയു) ചെയര്‍മാന്‍ എം. ടി ജയന്‍, തിരുവനന്തപുരം റീജിയണല്‍ കോ ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന്‍ (ടിആര്‍സിഎംപിയു) അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എന്‍. ഭാസുരാംഗന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.