26 July 2023 4:45 PM IST
Summary
- മലക്കപ്പാറ മേഖലയിലേക്ക് ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തുന്നതും പരിഗണനയില്‍
പത്ത് ആദിവാസി കുടുംബങ്ങള്‍ക്ക് വരുമാനമാര്‍ഗ്ഗമൊരുക്കി പറമ്പിക്കുളത്ത് കുടുംബശ്രീ ഫ്‌ളോര്‍ മില്ലുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. കുടുംബശ്രീ പട്ടിക വര്‍ഗ്ഗ സുസ്ഥിര വികസന പദ്ധതിയുടെ കീഴില്‍ ഉപജീവന പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മുതലമട സിഡിഎസിലെ പറമ്പിക്കുളം വാര്‍ഡിലെ അഞ്ചാം കോളനിയിലാണ് മിനിശ്രീ, ജയശ്രീ എന്ന രണ്ട് മിനി ഫ്‌ളോര്‍ മില്‍ യൂണിറ്റുകള്‍ ആരംഭിച്ചത്.
സിഡിഎസിലെ സ്‌നേഹശ്രീ അയല്‍ക്കൂട്ട അംഗങ്ങളായ ശാന്തി, നഞ്ചി, ശെല്‍വി, രുഗ്മിണി, കാവേരി എന്നിവര്‍ ചേര്‍ന്ന് മിനിശ്രീ കറി പൗഡര്‍ യൂണിറ്റും ശ്രീഹരി അയല്‍ക്കൂട്ട അംഗങ്ങളായ മാധവി, ജയ, അല്ലി, പച്ച, രതി എന്നിവര്‍ ചേര്‍ന്ന് ജയശ്രീ കറി പൗഡര്‍ യൂണിറ്റും പ്രവര്‍ത്തിപ്പിക്കും. മില്ലുകള്‍ ആരംഭിക്കുന്നതിന് കുടുംബശ്രീ 60,000 രൂപയുടെ ധനസഹായം നല്‍കിയിട്ടുണ്ട്
കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ബിഎസ് മനോജും കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെകെ ചന്ദ്രദാസനും ചേര്‍ന്ന് സംരംഭങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഊരുകളില്‍ സാമൂഹ്യ സുരക്ഷ ഇന്‍ഷുറന്‍സ് ക്യാമ്പയിനും തുടക്കം കുറിച്ചു. പരിപാടിയില്‍ വാര്‍ഡ് മെമ്പര്‍ സെല്‍വി, മുതലമട സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കോമളം, സിഡിഎസ് അംഗം ആര്‍. മല്ലിക, ഊരുമൂപ്പന്‍ മുത്തുസ്വാമി, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ ജി ജിജിന്‍, സി സബിത, ആര്‍. ലക്ഷ്മി, കെ പ്രിയങ്ക, മുഹമ്മദ് നൗഷാദ്, എസ്.ഡി കോ-ഓര്‍ഡിനേറ്റര്‍ കെ.ജെ ജോമോന്‍, മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റ് രജിത, അനിമേറ്റര്‍മാരായ വേലുച്ചാമി, ഐശ്വര്യ, സതീഷ് എന്നിവര്‍ പങ്കെടുത്തു.