image

21 Feb 2026 5:25 PM IST

Kerala

ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ്; ഒരു വർഷം തികയുമ്പോൾ 50,000 കോടിയുടെ നിക്ഷേപം യാഥാര്‍ത്ഥ്യം

MyFin Desk

ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ്; ഒരു വർഷം തികയുമ്പോൾ 50,000 കോടിയുടെ നിക്ഷേപം യാഥാര്‍ത്ഥ്യം
X

Summary

66,073 പേര്‍ക്ക് നേരിട്ട് തൊഴിലവസരം സൃഷ്ടിക്കപ്പെടുന്നു


ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിൻ്റെ ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ കേരളം സമാനതകളില്ലാത്ത നേട്ടം കൈവരിച്ചെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്. 54,908 കോടി രൂപയുടെ 115 പദ്ധതികള്‍ നിക്ഷേപ താല്‍പര്യങ്ങളെന്ന ലേബലില്‍ നിന്ന് നിക്ഷേപങ്ങളായി മാറി. ഇതില്‍ നിരവധി കമ്പനികള്‍ പ്രവര്‍ത്തനം ആരംഭിച്ചെന്നും 66,073 പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കാന്‍ ഈ നിക്ഷേപങ്ങളിലൂടെ സാധിക്കുന്നുണ്ടെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ഭൂമി ലഭ്യമായ പദ്ധതികളിൽ 40 ശതമാനത്തിൽ അധികവും ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മാണ ഘട്ടത്തിലേക്ക് കടന്നുവെന്നത് കേരളത്തിൻ്റെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ്. രാജ്യത്തിൻ്റെ ചരിത്രത്തില്‍ തന്നെ ഇത്രയും അക്കൗണ്ടബിള്‍ ആയി നിക്ഷേപ സംഗമത്തിൻ്റെ ഫോളോ അപ്പ് കൈകാര്യം ചെയ്ത മറ്റൊരു സംസ്ഥാനവും ഉണ്ടാകില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

449 നിക്ഷേപതാല്‍പര്യ പത്രങ്ങളില്‍ നിന്നായി 1,81,209 കോടി രൂപയുടെ നിക്ഷേപമാണ് കേരളത്തിലേക്ക് വാഗ്ദാനം ചെയ്യപ്പെട്ടത്. തുടര്‍ന്നും ഇതേ ജാഗ്രതയോടെ അവശേഷിക്കുന്ന താല്‍പര്യ പത്രങ്ങളെക്കൂടി നിക്ഷേപങ്ങളാക്കി മാറ്റാന്‍ പരിശ്രമിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. ടൂറിസം, ഐ.ടി, ഫുഡ് പ്രോസസിംഗ്, ഹെല്‍ത്ത് കെയര്‍ തുടങ്ങി 22 മുന്‍ഗണനാ മേഖലകളില്‍ വലിയ മാറ്റങ്ങളാണ് കേരളത്തില്‍ സംഭവിക്കുന്നത്. സംസ്ഥാന സര്‍ക്കാരിൻ്റെ വ്യവസായ നയം നിക്ഷേപകര്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നുണ്ടെന്നും പല പദ്ധതികളും നിയമപരിഷ്‌കാരങ്ങളും ഇവര്‍ക്ക് സുരക്ഷ ഒരുക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിക്ഷേപകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രിതലത്തില്‍ തന്നെ അഡ്വൈസറി കമ്മിറ്റിയും ഓണ്‍ലൈന്‍ പോര്‍ട്ടലുകളും ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ കേരളത്തില്‍ സജ്ജമാണ്. യുവാക്കള്‍ക്ക് സ്വന്തം നാട്ടില്‍ തന്നെ മികച്ച സാലറി നല്‍കുന്ന തൊഴില്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തിലേക്കാണ് സംസ്ഥാനം നീങ്ങുന്നതെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.