20 Feb 2026 7:11 PM IST
Kerala has approved its IT Policy:കേരള ഐടി നയത്തിന് അംഗീകാരം. അഞ്ച് ലക്ഷം പുതിയ തൊഴിലവസരങ്ങള്‍
MyFin Desk
Summary
ഐടി വ്യവസായ കയറ്റുമതിയുടെ 10 ശതമാനം വിഹിതമെങ്കിലും നേടുക ലക്ഷ്യമിട്ടാണ് പുതിയ നയം രൂപീകരിച്ചത്
കേരളത്തിന്റെ പുതിയ ഐടി നയത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. രാജ്യത്തെ ഐടി വ്യവസായ കയറ്റുമതിയുടെ 10 ശതമാനം വിഹിതമെങ്കിലും നേടുക ലക്ഷ്യമിട്ടാണ് പുതിയ നയം രൂപീകരിച്ചത്. സംസ്ഥാനത്ത് ഐ ടി വ്യവസായങ്ങള്‍ക്ക് സ്ഥലലഭ്യത മൂന്നിരട്ടിയാക്കുക, ഐ പി അധിഷ്ഠിത വിജ്ഞാന വ്യവസായ ആവാസവ്യവസ്ഥ സൃഷ്ടിക്കുക,ഐടിയിലും അനുബന്ധമേഖലകളിലുമായി കുറഞ്ഞത് 5,00,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നിവയാണ് നയം മുന്നോട്ട് വയ്ക്കുന്ന പ്രധാന ലക്ഷ്യങ്ങള്‍.
ബഹിരാകാശം, ശൂന്യാകാശം, പ്രതിരോധം, ഇലക്ട്രോണിക്‌സ്, നിര്‍മ്മിത ബുദ്ധി (എഐ), ക്വാണ്ടം കംപ്യൂട്ടിങ്, ജെനോമിക്സ് തുടങ്ങിയ ഉയര്‍ന്ന സാങ്കേതിക മേഖലകളില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ 5-10 ശതമാനം വിഹിതം കേരളം നേടണം. സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 20,000 ആയി ഉയര്‍ത്തുക, ഫൈബര്‍ ഓപ്റ്റിക് കണക്ടിവിറ്റി ഉറപ്പാക്കി സംസ്ഥാനത്തെ എല്ലാ വീടുകളിലും ഇന്റര്‍നെറ്റ് ലഭ്യത 100 ശതമാനം ഉറപ്പാക്കുക, സര്‍ക്കാര്‍ ഈ-സേവനങ്ങള്‍ക്കായി എന്റര്‍പ്രൈസ് ആര്‍ക്കിടെക്ചര്‍ മുഖാന്തിരം സംസ്ഥാനത്തെ എല്ലാ പൗരകേന്ദ്രീകൃത സേവനങ്ങളിലേക്കും എളുപ്പത്തില്‍ സമീപിക്കുന്നതിനായി ഏക ഉപയോക്തൃ ഇന്റര്‍ഫേസ് ലഭ്യമാക്കുക എന്നിവയും നയം ലക്ഷ്യമിടുന്നു.
സമഗ്രമായ ഒരു സൈബര്‍ സുരക്ഷാ നിയമം രൂപീകരിക്കാനും പുതിയ നയം ശുപാര്‍ശ ചെയ്യുന്നു. 1 മുതല്‍ 10 വരെ ക്ലാസ്സുകള്‍ക്കുള്ള പുതിയ ഐസിടി പാഠപുസ്തകങ്ങള്‍ വികസിപ്പിച്ചു കൊണ്ട് പുതിയ കാലഘട്ടത്തിനനുസൃതമായി ഡിജിറ്റല്‍ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനും നയം ശുപാര്‍ശ ചെയ്യുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
