image

8 Jun 2023 12:15 PM IST

Kerala

ഭക്ഷ്യ സുരക്ഷയില്‍ കേരളം മുന്നില്‍

Kochi Bureau

health and food department | health and family welfare
X

Summary

  • ട്രോഫിയും പ്രശസ്തി ഫലകവും അടങ്ങിയ പുരസ്‌കാരം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി മണ്‍സുഖ് മാണ്ഡവ്യയില്‍ നിന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ വിആര്‍ വിനോദ് ഏറ്റുവാങ്ങി.
  • ആദ്യമായാണ് കേരളം ഈ നേട്ടത്തിന് അര്‍ഹമാകുന്നത്.


ഭക്ഷ്യ സുരക്ഷാ സൂചികയില്‍ ദേശീയ തലത്തില്‍ കേരളത്തിന് ഒന്നാം സ്ഥാനം. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണ് കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. ആദ്യമായാണ് കേരളം ഈ നേട്ടത്തിന് അര്‍ഹമാകുന്നത്.

കേരളം ഭക്ഷ്യ സുരക്ഷാ മേഖലയില്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന് ആരോഗ്യ, ഭക്ഷ്യസുരക്ഷാ മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ട്രോഫിയും പ്രശസ്തി ഫലകവും അടങ്ങിയ പുരസ്‌കാരം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി മണ്‍സുഖ് മാണ്ഡവ്യയില്‍ നിന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ വിആര്‍ വിനോദ് ഏറ്റുവാങ്ങി.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2022-23 കാലയളവില്‍193 ശതമാനം നേട്ടമാണ് വരുമാനത്തില്‍ സംസ്ഥാനം നേടിയത്. ഇക്കാലയളവില്‍ 28.94 കോടി രൂപയുടെ ഉയര്‍ന്ന വരുമാനമാണ് നേടിയത്. 2018-19 ല്‍ 15.41 കോടി രൂപ നേടിയതാണ് ഏറ്റവും ഉയര്‍ന്ന വരുമാനം. ഇതിന്റെ ഇരട്ടിയാണിപ്പോള്‍ കൈവരിച്ചിരിക്കുന്നത്. ഒപ്പം നിന്ന് പ്രവര്‍ത്തിച്ച് നേട്ടം കൈവരിക്കാന്‍ പ്രയത്‌നിച്ച ഭക്ഷ്യസുരക്ഷാ വകുപ്പിലെ എല്ലാ ജീവനക്കാരേയും മന്ത്രി അഭിനന്ദിച്ചു.

സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ ഭക്ഷ്യ സുരക്ഷാ ഗ്രാമപഞ്ചായത്ത് പദ്ധതി 140 പഞ്ചായത്തുകളില്‍ നടപ്പാക്കിയതും 500 ഓളം സ്‌ക്കൂളുകളെ പ്രത്യേകം തിരഞ്ഞെടുത്ത് സേഫ് ആന്‍ഡ് ന്യൂട്രീഷ്യസ് ഫുഡ് അറ്റ് സ്‌കൂള്‍ (എസ്എന്‍എഫ്@സ്‌കൂള്‍) എന്ന പദ്ധതി നടപ്പാക്കിയതും നേട്ടത്തിന് കാരണമായി.

കൂടാതെ പൊതുജനങ്ങള്‍ക്കായി സംസ്ഥാന തലത്തില്‍ 3000 ത്തോളം ഭക്ഷ്യ സുരക്ഷാ ബോധവത്കരണ ക്ലാസുകള്‍ നടപ്പാക്കിയതുമാണ് ദേശീയ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ ഇടം പിടിക്കുന്നതിന് അവസരമൊരുക്കിയത്.

അന്താരാഷ്ട്ര ചെറു ധാന്യ വര്‍ഷം 2023 ആചരിക്കുന്നതിന്റെ ഭാഗമായി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്റേര്‍ഡസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശപ്രകാരം സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 26 മില്ലറ്റ് മേളകള്‍ നടത്തുകയും സംസ്ഥാനത്തൊട്ടാകെ 148 ഈറ്റ് റൈറ്റ് മേളകള്‍ നടത്തുകയും ചെയ്തത് പരിഗണിച്ച് സംസ്ഥാനത്തിന് പ്രത്യേക അംഗീകാരവും പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ ഭക്ഷ്യ സുരക്ഷാ സൂചികയിലും ഏറ്റവും കൂടുതല്‍ മില്ലറ്റ്‌സ് മേള, ഈറ്റ് റൈറ്റ് മേള എന്നിവ നടത്തിയതിനും അംഗീകാരം ലഭിച്ചത് സംസ്ഥാനത്തിന് അഭിമാനകരമായ നേട്ടമാണ്.