image

3 Sept 2023 12:30 PM IST

Kerala

ആദിത്യയിലും സൂര്യ ശോഭയോടെ കേരളത്തിന്‍റെ പൊതുമേഖല

MyFin Desk

public sector of kerala with sun shining in aditya too
X

Summary

  • സംസ്ഥാനത്തു നിന്ന് 4 പൊതുമേഖലാ കമ്പനികള്‍ ദൗത്യത്തിൽ പങ്കാളികളായി
  • കെല്‍ട്രോണില്‍ നിര്‍മിച്ച 38 ഇലക്ട്രോണിക്സ് മൊഡ്യൂളുകൾ ഉപയോഗിച്ചു


ഇന്ത്യയുടെ ആദ്യ സൗരപര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ എൽ1 വിജയകരമായി വിക്ഷേപണം പൂർത്തിയാക്കുമ്പോൾ കേരളത്തിന്‍റെ പൊതുമേഖലയ്ക്കും അഭിമാനത്തിന്‍റെ വജ്രത്തിളക്കം. സംസ്ഥാനത്തിന്‍റെ നാല് പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളാണ് ആദിത്യ എൽ1 ദൗത്യത്തിൽ പങ്കാളികളായിരിക്കുന്നത്. കെൽട്രോൺ, എസ്.ഐ.എഫ്.എൽ, ടി.സി.സി, കെ.എ.എൽ എന്നീ സ്ഥാപനങ്ങളിൽ നിന്ന് നിർമ്മിച്ച വിവിധ ഉൽപ്പന്നങ്ങൾ ആദിത്യ എൽ1 ദൗത്യത്തിൽ ഉപയോഗിച്ചിട്ടുണ്ട്.

PSLV സി 57 ആദിത്യ എൽ1 മിഷന്റെ ഭാഗമായി PSLV റോക്കറ്റിനു വേണ്ടി കെൽട്രോണിൽ നിർമിച്ചിട്ടുള്ള 38 ഇലക്ട്രോണിക്സ് മൊഡ്യൂളുകൾ ഉപയോഗിച്ചിട്ടുണ്ട്. ഇത് കൂടാതെ ദൗത്യത്തിനാവശ്യമായ വിവിധ തരം ഇലക്ട്രോണിക്സ് മോഡലുകളുടെ ടെസ്റ്റിംഗ് സപ്പോർട്ടും കെൽട്രോൺ നൽകിയിട്ടുണ്ട്.

ആദിത്യ എൽ1 വിക്ഷേപണ വാഹനമായ PSLVയുടെ വിവിധ ഘട്ടങ്ങൾക്കുള്ള ഫോർജിങ്ങുകൾ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ എസ്ഐഎഫ്എൽ തദ്ദേശീയമായി വികസിപ്പിച്ചു നൽകിയിട്ടുള്ളതാണ്. പ്രൊപ്പല്ലർ ടാങ്കിനാവശ്യമായ ടൈറ്റാനിയം അലോയ് ഫോർജിംഗ്‌സ്, 15CDV6 ഡോം ഫോർജിംഗ്‌സ് എന്നിവയ്ക്കൊപ്പം വികാസ് എഞ്ചിന്റെ പ്രധാന ഘടകമായ കൺവെർജെന്റ് ഡൈവേർജെന്റ് ഫോർജിംഗുകളും മറ്റു ഘടകങ്ങളായ പ്രിൻസിപ്പിൾ ഷാഫ്റ്റ്, ഇക്വിലിബിറിയം റെഗുലേറ്റർ പിസ്റ്റൺ, ഇക്വിലിബ്രിയം റെഗുലേറ്റർ ബോഡി എന്നിവയും എസ്ഐഎഫ്എൽ. തദ്ദേശീയമായി വികസിപ്പിച്ചതാണ്.

പദ്ധതിക്കാവശ്യമായ 150 മെട്രിക് ടൺ സോഡിയം ക്ലോറേറ്റ് ക്രിസ്റ്റലുകൾ ടി.സി.സിയാണ് വിതരണം ചെയ്തിരിക്കുന്നത്. ഇതിനൊപ്പം റോക്കറ്റിന്റെ സാറ്റലൈറ്റ് സെപ്പറേഷൻ സിസ്റ്റത്തിനു ആവശ്യമായ വിവിധതരം ഘടകങ്ങൾ വിതരണം ചെയ്തിരിക്കുന്നതും പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായ കേരളാ ആട്ടോമൊബൈൽസ് ലിമിറ്റഡാണ്.