3 May 2024 4:35 PM IST
Summary
- ലോകത്തിലെ മറ്റെല്ലാ അഴിമുഖങ്ങളെ അപേക്ഷിച്ച് കൊച്ചി കായലില്‍ ലോഹ മലിനീകരണം കൂടുതല്‍
- വെല്ലുവിളി ഉയര്‍ത്തി സിങ്ക്, കാഡ്മിയം, ക്രോമിയം
- അന്താരാഷ്ട്ര സയന്‍സ് ജേണലായ സ്പ്രിംഗറിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
കൊച്ചി കായല്‍ വീണ്ടും അപായമണി മുഴക്കുന്നു. വ്യവസായ ശാലകളില്‍ നിന്നുമൊഴുക്കി വിടുന്ന മാലിന്യങ്ങള്‍ കായലിലെ മത്സ്യ സമ്പത്തിന് വെല്ലുവിലിയാകുന്നു. ലോഹ അംശങ്ങള്‍ മത്സ്യങ്ങളിലും കക്കയിലുമെല്ലാം കണ്ടെത്തിയിരിക്കുകയാണ്. വലിയ തോതില്‍ വ്യവസായങ്ങളും അത്രതന്നെ മാലിന്യവും പുറന്തള്ളുന്ന കൊച്ചിയിലാണ് മത്സ്യ സമ്പത്തിന് ഭീഷണിയായി പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. കൊച്ചിയിലെ ഏലൂര്‍ മുതല്‍ ആലപ്പുഴയിലെ അരൂര്‍ വരെയുള്ള കായല്‍ ജലത്തില്‍ലോഹ മലിനീകരണം ഉയര്‍ന്ന തോതിലുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്്.
കൂടിയ തോതില്‍ സിങ്ക്, കാഡ്മിയം, ക്രോമിയം എന്നിവയുടെ അളവ് ക്രമാതീധമായി ഉയര്‍ന്നാണുള്ളതെന്നാണ് പഠനം പറയുന്നത്. കുസാറ്റ്, മറൈന്‍ ടെക്നോളജിവകുപ്പ്, ചെന്നൈയിലെ എന്‍ഐഒടി കാമ്പസിലെ നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ചും സംയുക്തമായാണ് പഠനം നടത്തിയത്. മനുഷ്യരില്‍ കാന്‍സര്‍ സാധ്യത കൂടാന്‍ ലോഹ മലിനീകരണം കാരണമായേക്കും. ലോകത്തിലെ മറ്റെല്ലാ അഴിമുഖങ്ങളെ അപേക്ഷിച്ച് കൊച്ചി കായലില്‍ ലോഹ മലിനീകരണം ഉയര്‍ന്ന തോതിലാണ്. മണ്‍സൂണ്‍ കാലത്ത് ലോഹ സാന്ദ്രത വളരെ കുറയുന്നുണ്ടെന്നും പഠനം സൂചിപ്പിക്കുന്നു.
ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെയും ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെയും മാനദണ്ഡങ്ങളില്‍ വ്യക്തമാക്കിയിരിക്കുന്നതിനേക്കാള്‍ കൂടിയ അളവിലാണ് കാഡ്മിയവും ലെഡും കണ്ടെത്തിയിരിക്കുന്നത്. അന്താരാഷ്ട്ര സയന്‍സ് ജേണലായ സ്പ്രിംഗറില്‍ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊച്ചി കായലിലെ ജലസ്രോതസ്സുകള്‍ മലിനമാകുന്നത് തടയാന്‍ ഭരണകൂടം അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.