image

22 April 2025 2:47 PM IST

Kerala

കൊച്ചി - ബെംഗളൂരു വ്യവസായ ഇടനാഴി; പുതുശ്ശേരിയില്‍ 220 ഏക്കർ ഭൂമി കൂടി കൈമാറി

MyFin Desk

കൊച്ചി - ബെംഗളൂരു വ്യവസായ ഇടനാഴി;  പുതുശ്ശേരിയില്‍ 220 ഏക്കർ ഭൂമി കൂടി കൈമാറി
X

കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിയുടെ നിർമ്മാണപ്രവർത്തനങ്ങൾക്കായി 220 ഏക്കർ ഭൂമി കൂടി കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്‍റ് കോർപ്പറേഷൻ ലിമിറ്റഡിന് സംസ്ഥാന ഓഹരിയായി കൈമാറി. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൻ്റെ തീരുമാനപ്രകാരം അനുമതി ലഭിച്ചതോടെയാണ് ബോർഡ് സ്ഥലം കൈമാറിയതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അറിയിച്ചു. ഇതിന് മുൻപ് 105.2631 ഏക്കർ ഭൂമി സംസ്ഥാന ഓഹരി ആയി കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്‍റ് കോർപ്പറേഷൻ ലിമിറ്റഡിന് കൈമാറിയിരുന്നു.

2021 നവംബറിലാണ് പദ്ധതിക്കായി ആദ്യ ഭൂമി രജിസ്റ്റർ ചെയ്യുന്നത്. വളരെ പെട്ടെന്നുതന്നെ ഭൂമി ഏറ്റെടുക്കൽ കിൻഫ്ര പൂർത്തിയാക്കി. ഭൂമി ഏറ്റെടുക്കുന്നതിനുള്ള 1789.92 കോടി രൂപ സംസ്ഥാനം വഹിച്ചു. പദ്ധതിക്കാവശ്യമായ ഭൂമി സംസ്ഥാനം ഏറ്റെടുത്തതിന് ശേഷം 2024 ആഗസ്ത് അവസാനമാണ് കേന്ദ്രാനുമതി ലഭിക്കുന്നത്. തൊട്ടടുത്ത ദിവസം തന്നെ പദ്ധതി അതിവേഗം നടപ്പിലാക്കുന്നതിനായി ടാസ്ക് ഫോഴ്സ് രൂപീകരിക്കുകയും ചെയ്തിരുന്നു.

പദ്ധതി പൂർത്തിയാകുമ്പോൾ പതിനായിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപവും ഒരു ലക്ഷത്തിലധികം തൊഴിലുമാണ് കേരളത്തിൽ ഉണ്ടാകാൻ പോകുന്നതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ഭക്ഷ്യ സംസ്കരണം, ഫാർമസ്യൂട്ടിക്കൽസ്, പ്രതിരോധം, എയ്റോസ്പേസ് തുടങ്ങിയ നൂതന മേഖലകളിൽ വ്യവസായ സംരംഭങ്ങൾ പാലക്കാട് ഉയർന്നു വരും. വ്യവസായങ്ങള്‍ക്ക് ഏകജാലക സംവിധാനത്തിലൂടെ അനുമതി നല്‍കുന്നതിനൊപ്പം നടപടിക്രമങ്ങള്‍ ലഘൂകരിക്കുകയും ചെയ്യുമെന്നും മന്ത്രി അറിയിച്ചു.