24 Sept 2023 12:18 PM IST
Summary
- മെട്രോ പാതയുടെ താഴെയുള്ള റോഡുകളിലെ മീഡിയനുകളിലാണ് കൃഷി തുടങ്ങുക
- ഇടപ്പള്ളിക്കും, വൈറ്റിലയ്ക്കും ഇടയില്‍ 20000 പൈനാപ്പിള്‍ തൈകള്‍ നടാനാണ് ലക്ഷ്യമിടുന്നത്
കൊച്ചി മെട്രോ പാതയുടെ താഴെയുള്ള റോഡുകളിലെ മീഡിയനുകളിൽ കൊച്ചി മെട്രോ റെയിൽ ( കെ എം ആർ എൽ ) കൈതച്ചക്ക (പൈനാപ്പിൾ) കൃഷി തുടങ്ങും. മീഡിയനുകൾ സൗന്ദര്യവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നാണ് കെ എം ആർ എൽ പറയുന്നത്. തന്നയുമല്ല, ഇത് മീഡിയനുകളുടെ സംരക്ഷണം ഉറപ്പാക്കുമെന്നും കമ്പനി പറയുന്നു. ഇപ്പോൾ ചെറിയൊരു ഭാഗമൊഴിച്ചു, ബാക്കി എല്ലാ സ്ഥലങ്ങളിലും മീഡിയനുകൾ പാഴ്‌ച്ചെടികൾ വളർന്നും മാലിന്യങ്ങൾ വലിച്ചെറിഞ്ഞും മടിപ്പിക്കുന്ന ഒരു കാഴ്ചയാണ്.കൊച്ചി നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡുകളുടെ മദ്ധ്യത്തിലൂടെയാണ് മെട്രോ പാത കടന്നു പോകുന്നത്. ദിവസേന ഈ റോഡിലൂടെ സഞ്ചരിക്കുന്ന ആയിരക്കണക്കിനുള്ള ആൾക്കാർക്ക് ഇതുകൊണ്ടു തന്നെ നഗരകാഴ്ചകൾ അത്ര ആസ്വാദ്യകാര്യമല്ല.
ഇപ്പോൾ ചെറിയൊരു ഭാഗത്തു 200 മീഡിയനുകൾ കെ എം ആർ എൽ ,ചെടികൾ വെച്ചുപിടിപ്പിച്ചും, ലാൻഡ്‌സ്‌കേപ്പിങ് നടത്തിയും മനോഹരമാക്കിയിട്ടുണ്ട്.
ഇടപ്പള്ളിക്കും, വൈറ്റിലേക്കും ഇടയിൽ 20000 പൈനാപ്പിൾ തൈകൾ നടനാണ് കമ്പനി ഇപ്പോൾ പരിപാടിയിടുന്നത്. പത്തു ദിവസത്തിനകം കൃഷിപ്പണികൾ തുടങ്ങും.
മെട്രോ കടന്നു പോകുന്ന ഭാഗങ്ങൾ ഹരിതാഭമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി പൈനാപ്പിൾ കൃഷി പരിഗണിക്കുന്നതെന്നു കെ എം ആർ എൽ മാനേജിങ് ഡയറക്ടർ ലോക് നാഥ് ബെഹ്റ പറഞ്ഞു. സ്പോണ്സര്മാരുടെ സഹായത്തോടെ ആണ് പദ്ധതി നടപ്പാക്കുന്നതെന്ന് ബെഹ്റ കൂട്ടിച്ചേർത്തു.
പൈനാപ്പിളിനു പരിചരണ ചെലവു കുറവാണ്, കൂടാതെ നനക്കാൻ വേണ്ട വെള്ളത്തിന്റെ അളവും കുറവാണ്. അതിനാൽ പൈനാപ്പിൾ കൃഷി വിജയിക്കാൻ നല്ല സാധ്യതയുണ്ട് എന്നാണ് കൃഷി രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. കൂടാതെ വെള്ളം കുറച്ചു മാത്ര൦ ആവശ്യമുള്ള കടലാസുചെടി ( ബൊഗൈൻവില്ല), ഹെലികോര്ണിയ , സൈപ്രസ് തുടങ്ങിയ ചെടികളും, വേപ്പും പരീക്ഷിച്ചു നോക്കാമെന്നും അവർ പറഞ്ഞു.
പൈനാപ്പിൾ കൃഷി കൊണ്ട് മെട്രോ കടന്നു പോകുന്ന പരിസരങ്ങളുടെ പച്ചപ്പ് കൂട്ടുക എന്നതാണ് കെ എം ആർ എൽ ന്റെ ലക്‌ഷ്യം എന്ന് പറയുന്നുണ്ടങ്കിലും, ഇതിൽ നിന്നുള്ള വരുമാനത്തിലും കമ്പനിക്കു ഒരു കണ്ണുണ്ട്. നഷ്ടത്തിൽ ഓടുന്ന മെട്രോയ്ക്ക്, ഈ കൃഷിയിൽ നിന്നുള്ള വരുമാനം അൽപ്പം മധുരം പകർന്നേക്കും.
2022 - 23 സാമ്പത്തിക വർഷത്തിൽ കമ്പനി 5 .35 കോടി പ്രവർത്തന ലാഭം നേടി. ഇത് പ്രവർത്തന ചിലവുകളും, പലിശയും കഴിഞ്ഞ തുകയാണ്. നികുതി നൽകി കഴിഞ്ഞും, ആസ്തി ശോഷണത്തിനുമുള്ള ( ഡിപ്രീസിയേഷൻ) ഫണ്ട് നീക്കി വെച്ചതിനു ശേഷം, കമ്പനി വീണ്ടും അറ്റ നഷ്ടത്തിൽ തന്നെ ആയിരിക്കും.