2 Nov 2023 9:06 PM IST
Summary
- അമൂലിനു ശേഷം ഡാര്‍ക്ക് ചോക്ലേറ്റ് അവതരിപ്പിക്കുന്ന രാജ്യത്തെ രണ്ടാമത്തെ സഹകരണ സ്ഥാപനമാണ് മില്‍മ.
- ചോക്കോഫുളിന്റെ രണ്ട് വകഭേദങ്ങളും ബാര്‍ ചോക്ലേറ്റിന്റെ രൂപത്തിലുള്ള സ്‌നാക്ക് ബാറും പുതിയ ഉത്പന്നങ്ങളില്‍ ഉള്‍പ്പെടുന്നു.
തിരുവനന്തപുരം: വൈവിധ്യമാര്‍ന്ന ചോക്ലേറ്റ് ഉത്പന്നങ്ങളുമായി മില്‍മ. മൂന്ന് തരം ഡാര്‍ക്ക് ചോക്ലേറ്റുകള്‍, ഡെലിസ മില്‍ക്ക് ചോക്ലേറ്റ്, മില്‍മ ചോക്കോഫുള്ളിന്റെ രണ്ട് വകഭേദങ്ങള്‍, ഒസ്മാനിയ ബട്ടര്‍ ബിസ്‌ക്കറ്റ്, ബട്ടര്‍ ഡ്രോപ്‌സ് എന്നിവയാണ് വിപണിയില്‍ അവതരിപ്പിച്ചത്.
കേരളീയം പരിപാടിയുടെ ഭാഗമായി വെള്ളയമ്പലം ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ നടന്ന ക്ഷീരവികസന സെമിനാറില്‍ മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയാണ് ഉത്പന്നങ്ങളുടെ അവതരണവും വിപണനോദ്ഘാടനവും നിര്‍വ്വഹിച്ചത്. പ്രീമിയം ചോക്ലേറ്റുകള്‍ എന്‍ഡിഡിബി ചെയര്‍മാന്‍ ഡോ. മീനേഷ് സി. ഷായും, ഒസ്മാനിയ ബട്ടര്‍ ബിസ്‌കറ്റും ബട്ടര്‍ ഡ്രോപ്‌സും ഇന്ത്യന്‍ ഡയറി അസോസിയേഷന്‍ പ്രസിഡന്റും മുന്‍ അമൂല്‍ എംഡിയുമായ ഡോ. ആര്‍.എസ് സോധിയും മന്ത്രിയില്‍ നിന്ന് സ്വീകരിച്ചു.
അമൂലിനു ശേഷം ഡാര്‍ക്ക് ചോക്ലേറ്റ് അവതരിപ്പിക്കുന്ന രാജ്യത്തെ രണ്ടാമത്തെ സഹകരണ സ്ഥാപനമാണ് മില്‍മ. മില്‍മ ഡാര്‍ക്ക് ചോക്ലേറ്റില്‍ 50 ശതമാനത്തിലധികം കൊക്കോ അടങ്ങിയിട്ടുണ്ട്. ഇതിലൊന്ന് പ്ലെയിന്‍ ഡാര്‍ക്ക് ചോക്ലേറ്റ് ആണ്. മറ്റ് രണ്ടെണ്ണം ഓറഞ്ച്, ബദാം, ഉണക്കമുന്തിരി എന്നിവ അടങ്ങിയതാണ്. നിലവില്‍ 70 ഗ്രാം, 35 ഗ്രാം ഡെലിസ ചോക്ലേറ്റുകള്‍ വിപണിയില്‍ ലഭ്യമാണ്.
35 ഗ്രാം, 70 ഗ്രാം ഡെലിസ മില്‍ക്ക് ചോക്ലേറ്റ്, ഡെലിസ പ്ലെയിന്‍ ഡാര്‍ക്ക് ചോക്ലേറ്റ് എന്നിവയ്ക്ക് യഥാക്രമം 35 ഉം 70 ഉം രൂപയാണ് വില. ഓറഞ്ച്, ബദാം, ഉണക്കമുന്തിരി എന്നിവയുള്ള 35 ഗ്രാം, 70 ഗ്രാം ഡെലിസ ഡാര്‍ക്ക് ചോക്ലേറ്റുകള്‍ക്ക് യഥാക്രമം 40 ഉം 80 ഉം രൂപയാണ് വില. ചോക്ലേറ്റ് ഉത്പന്നങ്ങള്‍ക്ക് പുറമേ മില്‍മ ബട്ടര്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഒസ്മാനിയ ബട്ടര്‍ ബിസ്‌കറ്റ്, ഒസ്മാനിയ ബട്ടര്‍ ഡ്രോപ്‌സ് എന്നിവയും മില്‍മ അവതരിപ്പിച്ചിട്ടുണ്ട്. 200 ഗ്രാം ഒസ്മാനിയ ബട്ടര്‍ ബിസ്‌കറ്റിന് 80 രൂപയും 150 ഗ്രാം ബട്ടര്‍ ഡ്രോപ്‌സിന് 70 രൂപയുമാണ് വില.
ചോക്കോഫുളിന്റെ രണ്ട് വകഭേദങ്ങളും ബാര്‍ ചോക്ലേറ്റിന്റെ രൂപത്തിലുള്ള സ്‌നാക്ക് ബാറും പുതിയ ഉത്പന്നങ്ങളില്‍ ഉള്‍പ്പെടുന്നു. ചോക്കോഫുള്‍ രണ്ട് തരത്തില്‍ ലഭ്യമാണ്. ഗ്രാനോളയും പഴങ്ങളും ചേര്‍ന്നതും ഗ്രാനോളയും നട്ട്‌സും ചേര്‍ന്നതും. ഇവയുടെ 12 ഗ്രാമിന് 10 രൂപയും 30 ഗ്രാമിന് 20 രൂപയുമാണ് വില. മില്‍മ ചെയര്‍മാന്‍ കെ.എസ് മണി, മില്‍മ മാനേജിംഗ് ഡയറക്ടര്‍ ആസിഫ് കെ യൂസഫ്, ക്ഷീര വകുപ്പ് ഉദ്യോഗസ്ഥര്‍, മില്‍മ യൂണിയന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.