19 Jan 2023 3:08 PM IST
Summary
- കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തിലാണ് പരിപാടി നടത്തുന്നത്.
കൊച്ചി: കേരളത്തിലെ നവസംരംഭകരുടെ മഹാസംഗമത്തിന് കൊച്ചിയില്‍ വേദിയൊരുങ്ങും. സംസ്ഥാന വ്യവസായ വകുപ്പിന്റെ സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി ഈ മാസം 21നാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തിലാണ് പരിപാടി നടത്തുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം തൊഴില്‍ സംരംഭങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി 2022 മാര്‍ച്ച് 30 മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
എന്നാല്‍ എട്ട് മാസങ്ങള്‍ കൊണ്ട് ഈ ലക്ഷ്യം നേടാന്‍ സാധിച്ചു. 1,18,509 സംരംഭങ്ങള്‍ വഴി 7,261.54 കോടി രൂപയുടെ നിക്ഷേപമാണ് ലഭിച്ചത്. കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മഹാസംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ ഏകദേശം 10,000 നവ സംരംഭകര്‍ പങ്കെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. മന്ത്രി പി.രാജീവ്, ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍, തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷ്, റവന്യു മന്ത്രി കെ.രാജന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എന്നിവര്‍ പങ്കെടുക്കും.