15 Oct 2023 10:38 AM IST
Summary
- കേരളത്തിൽ ആദ്യമായി ഒരു ഷോപ്പിംഗ് മാളിൽ ഫൈവ് സ്റ്റാർ ഹോട്ടൽ
- 160 പേർക്ക് ഇരിക്കാവുന്ന റസ്റ്റോറന്‍റ് മറ്റൊരു ആകര്‍ഷണം
ലോകത്തെ പ്രമുഖ ഹോട്ടൽ ശൃംഖലകളുടെ ഗ്രൂപ്പായ മാരിയറ്റ് ഇൻറർനാഷണലിനു കീഴിലെ ട്രിബ്യൂട്ട് പോർട്ട് ഫോളിയോ ബ്രാൻഡ് കുണ്ടന്നൂരിലെ ഫോറം മാളിൽ പഞ്ചനക്ഷത്രം ഹോട്ടൽ " ദി ആർട്ടിസ്റ്റ് കൊച്ചി " ആരംഭിച്ചു. കേരളത്തിൽ ആദ്യമായി ഒരു ഷോപ്പിംഗ് മാളിൽ സ്റ്റാർ ഹോട്ടൽ പ്രവർത്തിക്കുന്നൂയെന്ന പ്രത്യേകത കൂടി ഇതിനുണ്ട്.
കേരളത്തിന്‍റെ പാരമ്പര്യവും കൊച്ചിയുടെ വർണ്ണക്കാഴ്ചകളും ഒരേസമയം ആസ്വദിച്ച് ജോലിയും വിനോദവും സുഗമമായി സമന്വയിപ്പിക്കാനൊരിടം എന്ന നിലയിലാണ് ഇത് അവതരിപ്പിക്കുന്നത്. കൊച്ചിയുടെ ചുടലമായ വർണ്ണങ്ങൾ, മോഹിപ്പിക്കുന്ന കായൽഭംഗി, കാലാതീതമായ ക്ഷേത്രക്കാഴ്ചകൾ, ആകർഷകമായ കലാരൂപങ്ങൾ എന്നിവയുടെയെല്ലാം ഘടനകൾ ചേർത്താണ് ആർട്ടിസ്റ്റ് കൊച്ചിയുടെ ഡിസൈന്‍.
32 മുറികള്‍, വിപുലമായ സജ്ജീകരണങ്ങള്‍
32 മുറികളാണ് ഇവിടെ അതിഥികൾക്കായി ലഭ്യമാക്കുക. മനോഹരമായ ഇന്‍റീരിയറുകൾ, കൈകൊണ്ട് നിർമ്മിച്ച ഫർണിച്ചറുകൾ, കണ്ണഞ്ചിപ്പിക്കുന്ന ചുമർചിത്രങ്ങൾ, ആധികാരികമായ കലാസൃഷ്ടികൾ, നല്ല വെളിച്ചമുള്ള വിസ്തൃദ്ധമായ ഇടം, പ്രാദേശിക തടികളിൽ നിർമ്മിച്ച ഫർണിച്ചറുകൾ, സമകാലിക ഘടകങ്ങൾ, ക്യുറേറ്റ് ചെയ്ത കലാസൃഷ്ടികൾ എന്നിവയെല്ലാം സംയോജിപ്പിച്ച് തയ്യാറാക്കിയിരിക്കുന്ന ഡിസൈനാണ് ഈ പഞ്ചനക്ഷത്ര ഹോട്ടലിനുള്ളതെന്ന് കമ്പനി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഒരേസമയം 160 പേർക്ക് ഇരിക്കാവുന്ന റസ്റ്റോറന്‍റും ഈ ഹോട്ടലിന്‍റെ മറ്റൊരു ആകർഷണമാണ്. പരമ്പരാഗത പലഹാരങ്ങൾ മുതൽ ആധുനിക വിഭവങ്ങൾ വരെ മെനുവിലുണ്ട്. ആകാശത്തെ മേല്‍ക്കൂരയാക്കി തിരക്കേറിയ നഗര ദൃശ്യങ്ങൾ ആസ്വദിക്കാനാകുന്ന സ്വീം - അപ്പ് പൂൾ ബാർ സ്‌പ്ലാഷിൽ ലഘു ഭക്ഷണങ്ങളും ആനന്ദകരമായ മിശ്രിതങ്ങളും വീതരണം ചെയ്യുമെന്നും കമ്പനി അറിയിച്ചു.
അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മൂന്നു മുറികളുള്ള സ്പാ, 24 മണിക്കൂറും ട്രെയിനറുടെ നോട്ടത്തിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിൽ ഒരുക്കിയിരിക്കുന്ന ഫിറ്റ്നസ് സെന്‍റർ, ചെറിയ ബിസിനസ് മീറ്റിംഗുകളും മറ്റു പൊതു പരിപാടികളും നടത്താവുന്ന ക്യാൻവാസ് ഹാൾ എന്നിവ ദി ആർട്ടിസ്റ്റ് കൊച്ചിയുടെ മറ്റു സൗകര്യങ്ങളിൽ ഉള്‍പ്പെടുന്നു.
സാംസ്കാരികതയും ആധുനീകതയും
മാരിയറ്റ് ബോൺബോയുടെ 31 പ്രശസ്ത ഹോട്ടൽ ബ്രാൻഡുകളിൽ ഒന്നാണ് ട്രിബ്യൂട്ട് പോർട്ട് പോളിയോ . കൊച്ചിയിലെ ലേ മെറിഡിയൻ, കാക്കനാട് ഇൻഫോ പാർക്കിലെ ഫോർ പോയിൻറ് സ് ബൈ ഷെറാട്ടൺ, കൊച്ചി മാരിയറ്റ്, നെടുമ്പാശ്ശേരിയിലെ മാരിയറ്റ് കോർട്ടിയാഡ് എന്നീ ഹോട്ടലുകളും മാരിയറ്റിന്‍റെ ഉടമസ്ഥതയിലുള്ളതാണ്.
ഇന്ത്യൻ സവിശേഷതകളോടെ പഴയതും ആധുനികവുമായ സുഖസൗകര്യങ്ങൾ സംയോജിപ്പിച്ചു സഞ്ചാരികൾക്ക് സമ്മാനിക്കുകയെന്ന ബ്രാൻഡ് കാഴ്ചപ്പാടിന്‍റെ മികച്ച ഉദാഹരണമാണ് ട്രിബ്യൂട്ട് പോർട്ട് ഫോളിയോയുടെ കൊച്ചിയിലെ ദി ആർട്ടിസ്റ്റ് ഹോട്ടലെന്ന് മാരിയറ്റ് ഇന്‍റർനാഷണൽ സൗത്ത് ഏഷ്യ വൈസ് പ്രസിഡൻറ് രഞ്ജു അലക് സ് പറഞ്ഞു. അഭിമാനത്തോടും നന്ദിയോടും കൂടിയാണ് ട്രിബ്യൂട്ട് പോർട്ട് ഫോളിയോയുടെ 'ദി ആർട്ടിസ്റ്റ് കൊച്ചി' ആരംഭിക്കുന്നതെന്ന് പ്രസ്റ്റീജ് ഗ്രൂപ്പ് ചെയർമാരും മാനേജിംഗ് ഡയറക്ടറുമായ ഇർഫാൻ റസാഖ് പറഞ്ഞു.
ആർട്ടിസ്റ്റ് എന്ന നാമം സർഗാത്മകതയോടുള്ള കമ്പനിയുടെ സമർപ്പണത്തിന്‍റെ ഭാഗമാണ്. കൊച്ചിയുടെ വൈവിധ്യമാർന്ന സാംസ്കാരിക ആഘോഷങ്ങള്‍ ഉൾക്കൊള്ളുന്നൊരു കേന്ദ്രം കൂടിയാണിത്. ആർട്ടിസ്റ്റ് കൊച്ചിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് ഓപ്പറേഷൻസ് മാനേജർ അഭിഷേക് നരേൻ ശർമ്മയും പറഞ്ഞു.