image

19 March 2026 1:57 PM IST

Kerala

എല്‍പിജി പ്രതിസന്ധി മുതലെടുത്ത് സൈബര്‍ തട്ടിപ്പ്; മുന്നറിയിപ്പുമായി പൊലീസ്

MyFin Desk

cyber ​​fraud taking advantage of lpg crisis, police warns
X

Summary

ഇത്തരം തട്ടിപ്പുകളില്‍ വീഴരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു


പാചകവാതക ക്ഷാമം രൂക്ഷമായതോടെ ഈ പ്രതിസന്ധി മുതലെടുത്ത് സൈബര്‍ തട്ടിപ്പുകള്‍ സജീവമാകുന്നതായി പൊലീസിൻ്റെ മുന്നറിയിപ്പ്. ഗ്യാസ് സിലിണ്ടര്‍ ബുക്കിങ്ങിൻ്റെയും ബില്‍ അപ്‌ഡേഷൻ്റെയും പേര് പറഞ്ഞാണ് തട്ടിപ്പ് സംഘങ്ങള്‍ ഉപഭോക്താക്കളെ വലയിലാക്കുന്നത്. ഇത്തരം തട്ടിപ്പുകളില്‍ വീഴരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

തട്ടിപ്പിൻ്റെ വഴി ഇങ്ങനെ

നിങ്ങളുടെ മൊബൈല്‍ ഫോണിലേക്ക് ആദ്യം ഒരു ടെക്‌സ്റ്റ് സന്ദേശം വരും. തുടര്‍ന്ന് വാട്‌സ്ആപ് വഴി ബന്ധപ്പെടുന്ന തട്ടിപ്പുകാര്‍ 'GAS BILL UPDATE APK' എന്ന പേരിലുള്ള ഒരു ഫയല്‍ അയച്ചു നല്‍കും. ഗ്യാസ് ബുക്കിംഗ് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനോ കുടിശ്ശിക തീര്‍ക്കാനോ ഈ ആപ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് ആവശ്യപ്പെടും. ഈ നിര്‍ദേശം അനുസരിച്ച് APK ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയാണെങ്കില്‍, നിങ്ങളുടെ ഫോണിൻ്റെ പൂര്‍ണ നിയന്ത്രണം തട്ടിപ്പുകാരുടെ കൈവശമാകും. ഇതുവഴി ഫോണിലുള്ള ബാങ്ക് വിവരങ്ങളും യുപിഐ പിന്‍ നമ്പറുകളും ചോര്‍ത്തുകയും നിങ്ങള്‍ അറിയാതെ തന്നെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമാവുകയും ചെയ്യും.

ജാഗ്രതാ നിര്‍ദേശങ്ങള്‍

ഇത്തരം സൈബര്‍ തട്ടിപ്പുകള്‍ക്ക് ഇരയാകാതിരിക്കാന്‍ താഴെ കൊടുത്തിരിക്കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുക

ഫോണില്‍ വരുന്ന അപരിചിത ലിങ്കുകളില്‍ ക്ലിക് ചെയ്യരുത്

Whatsapp/SMS വഴി ലഭിക്കുന്ന APK ഫയലുകള്‍ യാതൊരു കാരണവശാലും ഇന്‍സ്റ്റാള്‍ ചെയ്യരുത്.

സിലിണ്ടര്‍ ബുക്കിംഗിനും പേയ്‌മെൻ്റിനുമായി ഗ്യാസ് ഏജന്‍സികളുടെ ഔദ്യോഗിക വെബ്സൈറ്റുകളോ ആപ്പുകളോ മാത്രം ഉപയോഗിക്കുക.

തട്ടിപ്പിന് ഇരയായാല്‍ ഉടന്‍തന്നെ 1930 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറിലോ www.cybercrime.gov.in എന്ന പോര്‍ട്ടലിലോ പരാതി രജിസ്റ്റര്‍ ചെയ്യണം