image

27 April 2025 1:43 PM IST

Kerala

ഫ്ലാറ്റുകൾക്ക് ഇനി വ്യക്തിഗത ഭൂനികുതി അടക്കാം; ഉത്തരവ് പുറത്തിറക്കി സർക്കാർ

MyFin Desk

house prices have soared, with the average price being 1.64 crores
X

Soaring Home Prices in India

സംസ്ഥാനത്ത് ഫ്ലാറ്റ്‌, അപ്പാർട്ട്‌മെന്റ്‌ ഉടമകൾക്ക്‌ ഇനി സ്വന്തം പേരിൽ ഭൂനികുതി അടയ്ക്കുന്നതിന് ഉത്തരവിറക്കി റവന്യൂ വകുപ്പ്‌ . ഉത്തരവ് അനുസരിച്ച് ഓരോ ഫ്ലാറ്റിനും അപ്പാർട്ട്‌മെന്റിനും പ്രത്യേക തണ്ടപ്പേരും കൈവശാവകാശ സർട്ടിഫിക്കറ്റും അനുവദിക്കും. ഇതിനായി ഫ്ലാറ്റ്‌, അപ്പാർട്ട്‌മെന്റ്‌ ഉടമകൾ പ്രമാണത്തിന്റെ പകർപ്പുസഹിതം വില്ലേജ്‌ ഓഫീസിൽ അപേക്ഷ നൽകണം. നിലവിൽ ഭൂമി വ്യക്തിഗതമായി ഭാഗിക്കാത്ത സാഹചര്യത്തിൽ കൂട്ടവകാശമായി മാത്രമേ നികുതി ഒടുക്കാൻ സാധിക്കു. അതിനാൽ ബാങ്ക്‌ വായ്പയടക്കമുള്ള ആവശ്യങ്ങൾക്ക്‌ ഭൂനികുതി രസീത്‌ ആവശ്യപ്പെടുന്ന സാഹചര്യത്തിൽ ഉടമസ്ഥർ നേരിടുന്ന ബുദ്ധിമുട്ട്‌ ഒഴിവാക്കാനാണ് പുതിയ നടപടി.

ഫ്ലാറ്റുകൾ കൈമാറുമ്പോൾ ഭൂമിയുടെ ഉടമസ്ഥാവകാശംകൂടി ആധാരപ്രകാരം കൈമാറിയിട്ടുണ്ടെങ്കിൽമാത്രം പോക്കുവരവ്‌ അനുവദിച്ചാൽ മതിയെന്ന്‌ ഉത്തരവിൽ പറയുന്നു. ഭൂമിയുടെ അവകാശം കൈമാറിയിട്ടില്ലെങ്കിൽ ഭൂവുടമ നികുതി അടയ്‌ക്കുന്ന നിലവിലെ രീതി തുടരും. ഇത്‌ ആധാരം പരിശോധിച്ച്‌ ഉറപ്പാക്കണം.

ഫ്ലാറ്റ്‌ ഉടമയുടെ നിലവിലുള്ള തണ്ടപ്പേരിന്റെ സബ്‌ നമ്പർ നൽകി പോക്കുവരവ്‌ നടത്തും. ഉദാഹരണമായി 100 എന്ന തണ്ടപ്പേരുള്ള ഭൂമിയിലെ അപ്പാർട്ട്‌മെന്റിൽ ഒരു ഫ്ലാറ്റ്‌ ‘എ’ എന്ന വ്യക്തിയും മറ്റൊരു ഫ്ലാറ്റ്‌ ‘ബി’ എന്ന വ്യക്തിയും വാങ്ങിയാൽ ‘എ’യ്‌ക്ക്‌ 100/1 എന്ന തണ്ടപ്പേരും ‘ബി’ക്ക്‌ 100/2 എന്ന തണ്ടപ്പേരും നൽകണം. ഇത്തരം കേസുകളിൽ മാതൃതണ്ടപ്പേരിലെ എല്ലാ സർവേ നമ്പരും ഉപതണ്ടപ്പേരുകളിൽ ചേർക്കണം. പുതിയ തണ്ടപ്പേര്‌ രൂപീകരിക്കുമ്പോൾ മാതൃതണ്ടപ്പേരിൽനിന്ന്‌ ഭൂമിയുടെ ആനുപാതിക വിസ്‌തീർണം കുറയ്‌ക്കണം. മുഴുവൻ ഭൂമിയുടെയും വിസ്‌തീർണത്തിന്‌ തുല്യമായ അവകാശം നൽകിക്കഴിഞ്ഞാൽ മാതൃതണ്ടപ്പേർ പ്രവർത്തനരഹിതമാകും. സുനാമി ബാധിത പുനരധിവാസ ഫ്ലാറ്റിലെ താമസക്കാർക്കും ഭൂനികുതി അടവ്‌ സംവിധാനം നടപ്പാക്കണം.

ഭൂമിയുടെ അവകാശത്തോടൊപ്പം വിസ്‌തീർണം സൂചിപ്പിക്കാതെ, വിഭജിക്കാത്ത ഭൂമിയിൽ അവകാശം കൈമാറുന്ന കേസുകളിൽ നികുതി രസീതിൽ ‘അൺ ഡിവൈഡഡ്‌ ഷെയർ’ (യുഡി) എന്ന്‌ രേഖപ്പെടുത്തണം. തുടർന്ന്‌ തദ്ദേശ ഭരണ ഏരിയയിൽ ബാധകമായ നിരക്കിൽ ആകെ ഭൂവിസ്‌തൃതി, ഫ്ലാറ്റ്‌ ഉടമകളുടെ എണ്ണംകൊണ്ട്‌ ഹരിച്ചാൽ കിട്ടുന്ന ഭൂവിസ്‌തൃതിക്ക്‌ ബാധമാക്കിയുള്ള നികുതിയോ മിനിമം തുകയായി ഒരു ആറിനുള്ള നികുതിയോ (ഏതാണോ കൂടുതൽ അത്‌) ഈടാക്കണം