image

7 Oct 2023 3:57 PM IST

Kerala

യുട്യൂബിലൂടെ റ്റീനു ബേക്കിംഗ് പഠിച്ചു, ഇന്ന് യുട്യൂബിലൂടെ ടിപ്പ്‌സ് നല്‍കുന്നു

Antony Shelin

women entrepreneur news kerala
X

Summary

മറ്റ് കേക്കുകളെ അപേക്ഷിച്ച് തീം കേക്കിന് നല്ല ഡിമാന്‍ഡുണ്ട്


യുട്യൂബിലൂടെ ബേക്കിംഗ് പഠിച്ചെടുത്ത് ഇന്ന് യുട്യൂബിലൂടെ ആയിരങ്ങള്‍ക്കു ബേക്കിംഗ് ടിപ്പ്‌സ് നല്‍കുകയാണ് റ്റീനു മാത്യു.thecakesmithkdy എന്നാണ് റ്റീനുവിന്റെ യുട്യൂബ് ചാനലിന്റെ പേര്. ചാനലിന് 15.5 k (15,500) സബ്‌സ്‌ക്രൈബേഴ്‌സുണ്ട്

എങ്ങനെ കേക്ക് ബേക്ക് ചെയ്യാം ?

വിവിധ തരത്തിലുള്ള ഡിസൈനുകള്‍ എങ്ങനെ ചെയ്യാം ?

കേക്ക് ബേക്ക് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങിയവയാണ് പ്രധാനമായും യുട്യൂബിലൂടെ റ്റീനു പങ്കുവയ്ക്കുന്നത്. സ്വന്തം അനുഭവമാണ് റ്റീനു പ്രേക്ഷകരുമായി ഷെയര്‍ ചെയ്യുന്നത്.

രസകരമായ ടൈറ്റിലുകള്‍ നല്‍കി കൊണ്ടുള്ള ഷോര്‍ട്‌സും യുട്യൂബില്‍ അപ് ലോഡ് ചെയ്തിട്ടുണ്ട്. ചില ഷോര്‍ട്‌സുകള്‍ക്ക് 10 ലക്ഷത്തിലേറെ വ്യൂസ് ലഭിച്ചു.

ബേക്കിംഗ് പലര്‍ക്കും ഇഷ്ട മേഖലയായതിനാല്‍ റ്റീനുവിന്റെ വീഡിയോയ്ക്കും ഷോര്‍ട്‌സിനും നല്ല വ്യൂസ് ലഭിക്കുന്നുണ്ട്.

തീം കേക്ക്

പ്രധാനമായും തീം കേക്കാണ് റ്റീനു ബേക്ക് ചെയ്യുന്നത്. ഏതെങ്കിലുമൊരു വിഷയത്തെ അടിസ്ഥാനമാക്കി ചെയ്യുന്നതാണ് തീം കേക്ക്. മിക്കി മൗസ്, ടെഡി ബെയര്‍, കറന്‍സി നോട്ട്, കാല്‍ക്കുലേറ്റര്‍, പേന എന്നിവയൊക്കെ അടിസ്ഥാനമാക്കിയുള്ള തീം കേക്ക് റ്റീനു ചെയ്തിട്ടുണ്ട്.

തീം കേക്കിന് നല്ല ഡിമാന്‍ഡാണ് പൊതുവേയുള്ളത്. തീം കേക്ക് ബേക്ക് ചെയ്യണമെങ്കില്‍ ക്രിയേറ്റീവിറ്റി അല്‍പം സ്വന്തമാക്കണം. അതു പോലെ ക്ഷമയും അത്യാവശ്യമാണെന്ന് റ്റീനു പറയുന്നു.



പഠിച്ചത് യുട്യൂബില്‍നിന്ന്

2020 ലോക്ക്ഡൗണ്‍ കാലത്താണ് റ്റീനുവിന് ബേക്കിംഗിനോട് താല്‍പര്യം തോന്നിയത്. ലോക്ക്ഡൗണില്‍ പലരും വീടിനകത്ത് ഒതുങ്ങിയപ്പോള്‍ റ്റീനു യുട്യൂബില്‍ നിന്നും ബേക്കിംഗ് പഠിച്ചെടുത്തു. പിന്നീട് സുഹൃത്തുക്കളില്‍നിന്നും ചില്ലറ ടിപ്പ്‌സും സ്വായത്തമാക്കി. അങ്ങനെ സ്വന്തം നിലയില്‍ കേക്ക് ബേക്ക് ചെയ്തു. ആദ്യമായി ബേക്ക് ചെയ്ത കേക്ക് അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സമ്മാനിച്ചു. അവരൊക്കെ നല്ല അഭിപ്രായം പറഞ്ഞതോടെ റ്റീനുവിന് ആത്മവിശ്വാസം ലഭിച്ചു. പിന്നീട് ഓര്‍ഡറുകള്‍ സ്വീകരിച്ചു. ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ദ കേക്ക്‌സ്മിത്ത് എന്ന പേരില്‍ പേജ് ക്രിയേറ്റ് ചെയ്തു. ഓണ്‍ലൈനായും ഓഫ്‌ലൈനായും ഓര്‍ഡറുകള്‍ ഇപ്പോള്‍ ലഭിക്കുന്നുണ്ട്. മാസം ചുരുങ്ങിയത് 30 ഓര്‍ഡറുകള്‍ ലഭിക്കാറുണ്ടെന്ന് റ്റീനു പറഞ്ഞു.

അപ്പ ചെമ്പില്‍ വരെ കേക്ക് ഉണ്ടാക്കാം

ബേക്കിംഗ് ഒരു പ്രഫഷനാക്കാന്‍ ഉദ്ദേശിക്കുന്ന തുടക്കകാര്‍ക്ക് അപ്പ ചെമ്പ് മതിയാകുമെന്ന അഭിപ്രായമാണ് റ്റീനുവിനുള്ളത്. അതുമല്ലെങ്കില്‍ പ്രഷര്‍ കുക്കറോ മതിയാകും. ആദ്യമേ തന്നെ ഓവനൊന്നും മേടിച്ച് അധികം പണം ചെലവഴിക്കേണ്ടതില്ലെന്ന് സാരം. കേക്ക് ബേക്ക് ചെയ്ത് പഠിച്ചതിനു ശേഷം വാണിജ്യാടിസ്ഥാനത്തില്‍ കേക്ക് ബേക്ക് ചെയ്യുമ്പോള്‍ ഒടിജി വാങ്ങുന്നതാണ് നല്ലതെന്നു റ്റീനു പറയുന്നു. ഓവന്‍ ടോസ്റ്റര്‍ ഗ്രില്ല് എന്നതിന്റെ ചുരുക്കപ്പേരാണ് ഒടിജി. മോര്‍ഫി റിച്ചാര്‍ഡ്‌സ്, ഗോദറെജ്, ഫിലിപ്പ്‌സ് തുടങ്ങിയ ബ്രാന്‍ഡുകള്‍ വിപണിയില്‍ ലഭ്യമാണ്. ഒരേ സമയം മൂന്ന് കേക്ക് വരെ ഉണ്ടാക്കാന്‍ 60 ലിറ്ററിന്റെ ഒടിജി മതിയാകും.

തീം കേക്കിന് ഡിമാന്‍ഡ്

മറ്റ് കേക്കുകളെ അപേക്ഷിച്ച് തീം കേക്കിന് നല്ല ഡിമാന്‍ഡുണ്ട്. കാരണം തീം കേക്ക് ചെയ്യാന്‍ അത്യാവശ്യം സര്‍ഗാത്മകത ആവശ്യമാണ്. കസ്റ്റമൈസ് ചെയ്ത തീം കേക്ക് ലഭിക്കുന്നയിടം പൊതുവേ കുറവുമാണ്. അതുകൊണ്ടു തന്നെ ഈ വിഭാഗം കേക്കുകള്‍ക്ക് നല്ല വിലയും നല്‍കേണ്ടി വരും. ഈ മേഖലയില്‍ വിജയിക്കാന്‍ പുതിയ ട്രെന്‍ഡുകളെ കുറിച്ച് അറിവ് നേടുക എന്നത് പ്രധാനമാണെന്ന് റ്റീനു പറയുന്നു. ഈയടുത്ത കാലത്ത് ട്രെന്‍ഡ് ആയി നിന്നത് 5 in 1 torte എന്ന കേക്കായിരുന്നു. കിലോ 1500 രൂപയാണ് ഈ കേക്കിന് ഈടാക്കുന്നത്.

കുടുംബത്തിന്റെ കട്ട സപ്പോര്‍ട്ട്

കോട്ടയം ജില്ലയില്‍ കടുത്തുരുത്തിയില്‍ പാലാ റോഡില്‍ ചിറക്കുന്നിലാണ് റ്റീനുവും കുടുംബവും താമസിക്കുന്നത്.

റ്റീനുവിന്റെ സംരംഭത്തിന് കട്ട സപ്പോര്‍ട്ടുമായി ഭര്‍ത്താവ് ഷിജിന്‍ ഒപ്പമുണ്ട്. സോഫ്റ്റ്‌വെയര്‍ മേഖലയില്‍ ജോലി ചെയ്യുകയാണ് ഷിജിന്‍. ബേക്കിംഗിന് ആവശ്യമുള്ള സാധനങ്ങളെല്ലാം എത്തിച്ചു കൊടുക്കുന്നതും ഓര്‍ഡറുകള്‍ ഡെലിവറി ചെയ്യാന്‍ റ്റീനുവിനെ സഹായിക്കുന്നതും ഷിജിനാണ്. ജന്മദിനം, വിവാഹ വാര്‍ഷികം, വിവാഹം പോലുള്ള വിശേഷദിവസങ്ങള്‍ക്കു വേണ്ടിയാണ് കൂടുതല്‍ ഓര്‍ഡറും ലഭിക്കുന്നത്.

കേക്ക് ഉണ്ടാക്കാന്‍ വേണ്ട ഉപകരണങ്ങള്‍

measuring cups and spoons

beater

spatulas

rotating table

piping bags

nozzles

baking mould

cake base boards

icing knifes

3000-4000 രൂപയുണ്ടെങ്കില്‍ ഇവ വാങ്ങാനാകും.