image

15 May 2025 3:26 PM IST

Kerala

കൊച്ചി- ബംഗളൂരു വ്യവസായ ഇടനാഴി: പാലക്കാട് സ്മാര്‍ട് സിറ്റിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ടെന്‍ഡര്‍ വിളിച്ചു

MyFin Desk

kochi bengaluru industrial corridor
X

കൊച്ചി- ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായുള്ള പാലക്കാട് സ്മാര്‍ട് സിറ്റിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി ടെന്‍ഡര്‍ വിളിച്ചു. നാലുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്ന ആദ്യ ഘട്ട പാക്കേജിന് 1100 കോടി രൂപയാണ് എസ്റ്റിമേറ്റ്. 1400 ഏക്കര്‍ ഭൂമിയിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ ചെലവ് കണക്കാക്കിയിരിക്കുന്നത്.

പാലക്കാട് സ്മാര്‍ട് സിറ്റിയുടെ ഭാഗമായുള്ള പുതുശ്ശേരി സെന്‍‌ട്രലിലേയും കണ്ണമ്പ്രയിലേയും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായാണ് ടെന്‍ഡര്‍ വിളിച്ചിരിക്കുന്നത്. പദ്ധതി പ്രദേശത്തെ റോഡുകള്‍, ഡ്രെയ്നേജുകള്‍, പാലങ്ങള്‍, ജലവിതരണ ശൃംഖല, അഗ്നിശമന മാര്‍ഗങ്ങള്‍, ജലപുനരുപയോഗ സംവിധാനങ്ങള്‍, സീവറേജ് ലൈനുകള്‍, ഊര്‍ജ്ജവിതരണ സംവിധാനങ്ങള്‍, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, വ്യാവസായിക മലിനജല ശേഖരണ സംവിധാനങ്ങള്‍, മലിനജല സംസ്കരണ പ്ലാന്റ് തുടങ്ങിയവയാണ് അടിസ്ഥാന സൗകര്യവികസനത്തില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിട്ടുള്ളത്.

നാഷനൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്‌മെന്റ് ആൻഡ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റും കേരള സർക്കാരും ചേർന്നു രൂപം കൊടുത്ത കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡ് എന്ന കമ്പനിയാണു വ്യവസായ ഇടനാഴിയുടെ നടപടികൾ ഏകോപിപ്പിക്കുക. മാസ്റ്റർ പ്ലാനും വിശദമായ പദ്ധതിരേഖയും നേരത്തേ തയാറാക്കിയിരുന്നു.

പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനായി കിഫ്ബി വഴി 1789.92 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കുക. പദ്ധതിപ്രദേശത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായി 1789.92 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ ചെലവഴിക്കും.