30 April 2025 12:01 PM IST
സംസ്ഥാന സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്‌സി ആപ്പായ 'കേരള സവാരി' പുതിയ രൂപത്തിൽ പുറത്തിറക്കുന്നു. നവീകരിച്ച പുതിയ പതിപ്പ് പുറത്തിറങ്ങുന്നതോടെ ഓട്ടോയിൽ മാത്രമല്ല മെട്രോ ട്രെയിനിലും കയറാം. കാർ, കെഎസ്‌ആർടിസി, വാട്ടർ മെട്രോ, വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയവയിലേക്ക് ബുക്ക് ചെയ്യാനും ടിക്കറ്റ് എടുക്കാനുള്ള സംവിധാനവും ഇതിലുണ്ടാകും. ആപ്പിന്റെ പുതിയ പതിപ്പ് മെയ് 1 മുതലാണ് പ്രവര്‍ത്തന ക്ഷമമാകുന്നത്.
ഗതാഗത, തൊഴില്‍ വകുപ്പുകളുടെ പിന്തുണയുള്ള ആപ് തുടക്കത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലുമാണ് പ്രവര്‍ത്തനക്ഷമമാകുന്നത്. മറ്റ് പ്രധാന നഗരങ്ങളില്‍ ഘട്ടം ഘട്ടമായി ആരംഭിക്കാനാണ് ആലോചന. പുതിയ രൂപത്തിലുള്ള ആപ് ഓപണ്‍ നെറ്റ് വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സിലാണ് പ്രവര്‍ത്തിക്കുന്നത്. തൊഴിൽവകുപ്പ്, ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് (ഐടിഐ) പാലക്കാട്, ഐടിഐയുടെ സാങ്കേതിക പങ്കാളി ‘നമ്മ യാത്രി’ എന്നിവ ചേർന്നാണ് ആപ് സജ്ജമാക്കിയത്.
2022 ലാണ് കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യത്തെ റൈഡ് ഹെയ്‌ലിംഗ് ആപായ കേരള സവാരി ആരംഭിക്കുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി ആരംഭിച്ചത്. തൊഴില്‍ വകുപ്പിന്റെ കീഴില്‍ മോട്ടോര്‍ തൊഴിലാളി ക്ഷേമ ബോര്‍ഡാണ് അന്ന് ആപ്പ് പ്രവര്‍ത്തിപ്പിച്ചിരുന്നത്. എന്നാല്‍ സോഫ്റ്റ് വെയര്‍ തകരാറുകള്‍ ഉള്‍പ്പെടെ വിവിധ കാരണങ്ങളാല്‍ പൊതുജനങ്ങളുമായി ബന്ധപ്പെടുന്നതില്‍ പരാജയപ്പെടുകയാണുണ്ടായത്. ഇത്തരം പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുകൊണ്ടാണ് പുതിയ ആപ്പ് വരുന്നത്.