image

5 Aug 2023 6:00 PM IST

Kerala

15 കോടി ചെലവില്‍ കൊച്ചിക്ക് മൂന്നാം റോ-റോ വെസല്‍

Kochi Bureau

15 കോടി ചെലവില്‍ കൊച്ചിക്ക് മൂന്നാം റോ-റോ വെസല്‍
X

Summary

  • നിലവില്‍ മൂന്ന് വെസലുകള്‍ ഒരേസമയം ഓടിക്കാനാകില്ല


കൊച്ചിയുടെ തിരക്കേറിയ യാത്രാവശ്യങ്ങള്‍ നിറവേറ്റാന്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയില്‍ മൂന്നാമത്തെ റോ റോകൂടിയെത്തുന്നു. കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡില്‍ (സിഎസ്എംഎല്‍) നിന്നും 10 കോടി ചെലവഴിച്ചാണ് കൊച്ചി കപ്പല്‍ശാല കോര്‍പ്പറേഷനായി റോ റോ നിര്‍മിക്കുക. ഒരുവര്‍ഷത്തിനുള്ളില്‍ റോ-റോ സര്‍വീസിന് തയ്യാറാകുമെന്നാണ് വിലയിരുത്തല്‍. ഇതിനായി നഗരസഭ, സിഎസ്എംഎല്‍, കപ്പല്‍ശാലയും എന്നിവര്‍ ചേര്‍ന്നുള്ള ത്രികക്ഷി കരാര്‍ ഒപ്പിടുമെന്നും മേയര്‍ എം അനില്‍കുമാര്‍ പറഞ്ഞു. റോ-റോ വെസല്‍ നിര്‍മാണത്തിന് 15 കോടി ചെലവാകുമെന്നാണ് കപ്പല്‍ശാല കണക്കാക്കുന്നത്.

രണ്ടാഴ്ച്ച മുമ്പ് ചേര്‍ന്ന സിഎസ്എംഎല്‍ ബോര്‍ഡ് യോഗത്തിലാണ് മൂന്നാമത്തെ റോ-റോ നിര്‍മാണത്തിനായി 10 കോടി രൂപ അനുവദിച്ചത്. നിര്‍മാണകരാര്‍ നല്‍കുന്നതിന്റെ ഭാഗമായി കൊച്ചി കപ്പല്‍ശാലയ്ക്ക് അഞ്ചുകോടി മുന്‍കൂറായി നല്‍കിയിരുന്നു.

ചെലവ് കുറയ്ക്കാനും അധികം തുക ആവശ്യമായാല്‍ കപ്പല്‍ശാലയുടെ സിഎസ്ആര്‍ ഫണ്ട് ലഭ്യമാകുമോ എന്നതുസംബന്ധിച്ചും കപ്പല്‍ശാലാ ചെയര്‍മാനുമായി സംസാരിക്കും. പണച്ചെലവുണ്ടായാലും മൂന്നാമതൊരു റോ റോകൂടി നഗരസഭയുടെ ഭാഗമാക്കുമെന്നും ജനങ്ങള്‍ക്ക് മികച്ച യാത്രാസൗകര്യം ഉണ്ടാക്കുമെന്നും മേയര്‍ പറഞ്ഞു.

നിലവില്‍ മൂന്ന് വെസലുകള്‍ ഒരേസമയം ഓടിക്കാനാകില്ല. ഇപ്പോഴുള്ള റോ റോകള്‍ അറ്റകുറ്റപ്പണിക്ക് കയറ്റുമ്പോള്‍ മൂന്നാമത്തേത് പകരം ഉപയോഗിക്കാനാകും. കപ്പല്‍ ചാലിലൂടെയാണ് വൈപ്പിന്‍-ഫോര്‍ട്ട് കൊച്ചി റോ റോ റൂട്ട്. അതിനാല്‍ ഇടവേളയില്ലാതെ സര്‍വീസ് നടത്താന്‍ തടസ്സമുണ്ട്. അഞ്ച് മിനിറ്റ് ഇടവേളകളിലായി ഒരേസമയം രണ്ട് റോ- റോ വെസലുകള്‍ക്കുമാത്രമേ സര്‍വീസ് നടത്താനാകൂ. ജലഗതാഗതവകുപ്പ് നിര്‍മിക്കുന്ന റോ- റോ വെസലും അത്യാവശ്യ സാഹചര്യത്തില്‍ ലഭ്യമാക്കാനുള്ള പരിശ്രമവും തുടരും. ഇവ ഫോര്‍ട്ട് കൊച്ചി, വൈപ്പിന്‍ ജെട്ടികളില്‍ അടുപ്പിക്കുവാന്‍ കഴിയുംവിധം രൂപകല്‍പ്പന പരിഷ്‌കരിക്കാനും പദ്ധതിയുണ്ട്.

കൊച്ചിയിലെ ആവശ്യത്തിനായി ജലഗതാഗതവകുപ്പാണ് രണ്ട് സൗരോര്‍ജ റോ-റോകള്‍ നിര്‍മിക്കുന്നത്. ചരക്കുനീക്കത്തിന് ഉദ്ദേശിച്ചാണ് ഇവ നിര്‍മിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനാലാണ് മൂന്നാമത്തെ റോ-റോ വെസലിന് സിഎസ്എംഎല്ലില്‍നിന്ന് പണം കണ്ടെത്താന്‍ ശ്രമിക്കുന്നത്.

കെഎസ്ഐഎന്‍സി നടത്തുന്ന റോ- റോ സര്‍വീസുകളില്‍നിന്ന് 24 ലക്ഷം രൂപയാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. അഞ്ചുകോടിയിലേറെ രൂപ ഇതുവരെ വെസലുകളുടെ അറ്റകുറ്റപ്പണിക്ക് ചെലവായി. സര്‍വീസ് നടത്തിപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി ഭാവിയില്‍ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നതായും മേയര്‍ പറഞ്ഞു.