4 Aug 2023 4:30 PM IST
ഗതാഗത നിയമലംഘനം: പിഴ അടക്കാത്തവര്‍ക്ക് ഇന്‍ഷുറന്‍സ് പുതുക്കി നല്‍കാത്തത് സര്‍ക്കാര്‍ പരിഗണനയില്‍
Kochi Bureau
Summary
- 25 കോടി 81 ലക്ഷം രൂപയാണ് പിഴ ഇനത്തില്‍ അടക്കേണ്ടത്.
ഗതാഗത നിയമലംഘനത്തിനുള്ള പിഴ അടക്കാത്തവര്‍ക്ക് വാഹന ഇന്‍ഷുറന്‍സ് പുതുക്കി നല്‍കാതെയുള്ള നടപടി പരിഗണനയിലാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. എഐ ക്യാമറ സംബന്ധിച്ച പ്രതിമാസ അവലോകന യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഗതാഗത നിയമ ലംഘനങ്ങളില്ലാതെയുള്ളവര്‍ക്ക് മാത്രം ഇന്‍ഷുറന്‍സ് പുതുക്കി നല്‍കുന്നതിന് മുഴുവന്‍ ഇന്‍ഷുറന്‍സ് കമ്പനികളുമായും ചര്‍ച്ച നടത്തുമെന്നും കേന്ദ്ര നിയമങ്ങള്‍ക്ക് വിധേയമായി നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2023 ജൂലൈ അഞ്ച് മുതല്‍ ആഗസ്റ്റ് രണ്ട് വരെയുള്ള എ ഐ ക്യാമറ കണ്ടെത്തിയ ഗതാഗത ലംഘനമനുസരിച്ച് 32,42,777 കേസുകളില്‍ നടപടികള്‍ ആരംഭിച്ചു. 15,83,367 കേസുകള്‍ പരിവാഹന്‍ സൈറ്റില്‍ ഉള്‍പ്പെടുത്തുകയും, 5,89,394 ചെല്ലാനുകള്‍ സൃഷ്ടിക്കുകയും ചെയ്തു. 3,82,580 ചെല്ലാനുകള്‍ അയച്ചു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഒരു ലക്ഷത്തിലധികം കേസുകളില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കൂടുതല്‍ യൂസര്‍ ഐഡികള്‍ നല്‍കി അധികമായി ഉദ്യോഗസ്ഥരെ വിന്യസിച്ചതിലൂടെയാണ് ഇത് സാധിച്ചത്. ഗതാഗത ലംഘനങ്ങളുടെ പിഴ ഇനത്തില്‍ 25 കോടി 81 ലക്ഷം രൂപയാണ് അടക്കേണ്ടത്. 3 കോടി 37 ലക്ഷം അടച്ചിട്ടുണ്ട്.
2022 ജൂലൈയില്‍ 313 പേര്‍ വാഹനാപകടങ്ങളില്‍ മരിച്ചപ്പോള്‍ 2023 ജൂലൈയില്‍ ഇത് 67 ആണ്. എന്നാല്‍ അപകടത്തില്‍പ്പെട്ടവരുടെ തുടര്‍ന്നുള്ള അവസ്ഥക്കനുസരിച്ച് മരണ നിരക്കില്‍ മാറ്റം വന്നേക്കാം. പരിക്കേറ്റവരുടെ എണ്ണം 2022 ജൂലൈയില്‍ 3992 ആയിരുന്നപ്പോള്‍ 2023 ജൂലൈയില്‍ 1329 ആയി കുറഞ്ഞു. കാലയളവിലെ അപകടങ്ങളുടെ എണ്ണം 3316ല്‍ നിന്ന് 1201 ആയും കുറഞ്ഞു. ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിച്ചവര്‍ 2,21,251, പിറകില്‍ യാത്ര ചെയ്തവര്‍ 1,05,606, സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനമോടിച്ചവര്‍ 1,70,043, കൂടെ യാത്ര ചെയ്ത് സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍ 1,86,673, മൊബൈല്‍ ഉപയോഗിച്ചവര്‍ 6118, ഇരുചക്ര വാഹനങ്ങളില്‍ അധികമായി യാത്ര ചെയ്തവര്‍ 5886 എന്നിങ്ങനെയാണ് എ ഐ ക്യാമറ കണ്ടെത്തിയ ഗതാഗതലംഘനങ്ങള്‍. എ ഐ ക്യാമറ പരിപാലനവുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പും, കെല്‍ട്രോണും ഉപകരാറിലേര്‍പ്പെടും. ഉദ്യോഗസ്ഥതല ചര്‍ച്ചയും, വ്യവസായ, ഗതാഗത വകുപ്പ് മന്ത്രിതല ചര്‍ച്ചക്കും ശേഷം ആഗസ്റ്റ് 8ന് മുന്‍പ് കരാറിന് അന്തിമരൂപം നല്‍കും.
1994ന് ശേഷമുള്ള ഹെവി വെഹിക്കിള്‍ ഡ്രൈവറും, ഒപ്പമുള്ള വ്യക്തിയും സെപ്റ്റംബര്‍ ഒന്ന് മുതല്‍ കര്‍ശനമായും സീറ്റ്ബെല്‍റ്റ് ധരിക്കണം. വിഐപി വാഹനങ്ങളുടെ 19 ഗതാഗത ലംഘനങ്ങള്‍ എ ഐ ക്യാമറ കണ്ടെത്തിയിട്ടുണ്ട്. കെ എസ് ആര്‍ ടി സിയില്‍ നാളിതുവരെയുള്ള ശമ്പളം മുഴുവന്‍ കൊടുത്ത് തീര്‍ത്തു. മറിച്ചുള്ള വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണ്. പ്രശ്നങ്ങളും, പോരായ്മകളും അവലോകനം ചെയ്ത് മൂന്ന് മാസത്തിനുള്ളില്‍ എ ഐ ക്യാമറയുടെ പ്രവര്‍ത്തനവും ഗതാഗത ലംഘനങ്ങളിലെ തുടര്‍നടപടികളും പൂര്‍ണ സജ്ജമാകുമെന്ന് മന്ത്രി പറഞ്ഞു.
മന്ത്രിയുടെ ചേംബറില്‍ നടന്ന അവലോകന യോഗത്തില്‍ അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പ്രമോജ് ശങ്കര്‍, കെല്‍ട്രോണ്‍ സി എം ഡി നാരായണ മൂര്‍ത്തി, നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്റര്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.