image

30 Oct 2023 8:37 PM IST

Kerala

മാലിന്യ സംസ്‌കരണം അടിയന്തരവും ഫലപ്രദവുമായ നടപടികള്‍ വേണം: ശാരദാ മുരളീധരന്‍

MyFin Desk

waste management needs urgent and effective measures, sharada muralidharan
X

Summary

  • സംസ്ഥാനത്തെ മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ടൂറിസം ഉള്‍പ്പെടെയുള്ള വ്യവസായങ്ങള്‍ക്ക് ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരും.


തിരുവനന്തപുരം: നഗരങ്ങളിലെ മാലിന്യസംസ്‌കരണം കാര്യക്ഷമമാക്കുന്നതിനൊപ്പം അവ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കെതിരെ അടിയന്തരവും ഫലപ്രദവുമായ നടപടി സ്വീകരിക്കേണ്ടതുണ്ടെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍.

മാലിന്യമുക്തം നവകേരളം കാമ്പയിനിന്റെ ഭാഗമായി കേരളത്തിലെ മുനിസിപ്പാലിറ്റികളിലേയും കോര്‍പ്പറേഷനുകളിലേയും ഉന്നത ഉദ്യോഗസ്ഥര്‍ക്കായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷനുമായി സഹകരിച്ച് സംഘടിപ്പിച്ച ദ്വിദിന പരിശീലന പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍. സംസ്ഥാനത്തെ മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ടൂറിസം ഉള്‍പ്പെടെയുള്ള വ്യവസായങ്ങള്‍ക്ക് ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരും. ഇത് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കും.

മാലിന്യമുക്തം നവകേരളം കാമ്പയിനിന്റെ തുടക്കം മുതല്‍ വീടുകളില്‍ നിന്നുള്ള മാലിന്യ ശേഖരണം ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ട്. സാനിറ്ററി മാലിന്യ സംസ്‌കരണ പദ്ധതികള്‍ക്ക് ചില നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അന്തിമരൂപം നല്‍കിയിട്ടില്ലെന്നത് ആശങ്കയുണ്ടാക്കുന്നതാണെന്നും അവര്‍ പറഞ്ഞു.

മാലിന്യ സംസ്‌കരണം ഫലപ്രദമായി നടപ്പിലാക്കുന്നതിന് എന്‍എസ്എസ് വാളന്റിയര്‍മാര്‍, സ്റ്റുഡന്റ്‌സ് പോലീസ് കോര്‍പ്‌സ്, ട്രേഡ് ആന്‍ഡ് പ്രൊഫഷണല്‍ അസോസിയേഷനുകള്‍, മറ്റ് ചാരിറ്റി സംഘടനകള്‍ എന്നിവയുടെ സേവനം പ്രയോജനപ്പെടുത്തണമെന്നും ശാരദാ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

കില ഡയറക്ടര്‍ ജനറല്‍ ജോയ് ഇളമണ്‍, ക്ലീന്‍ കേരള കമ്പനി മാനേജിംഗ് ഡയറക്ടര്‍ ജി കെ. സുരേഷ് കുമാര്‍, ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ ടി ബാലഭാസ്‌കരന്‍, ഡയറക്ടറേറ്റ് ഓഫ് പഞ്ചായത്ത് ചീഫ് എന്‍ജിനീയര്‍ സന്ദീപ്. കെ ജി എന്നിവരും പങ്കെടുത്തു.