20 Jun 2023 4:22 PM IST
Summary
- ജൂണ്‍ 20-ാം തീയതിയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവന്നത്
- ലണ്ടന്‍ നഗരത്തിന്റെ സ്ഥാനം പട്ടികയില്‍ രണ്ടാം സ്ഥാനത്തുനിന്നും നാലാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു
- ഏറ്റവും ചെലവേറിയ ഏഴാമത്തെ നഗരമെന്ന ഖ്യാതി ദുബായിക്ക്
ആഗോളതലത്തില്‍ സമ്പന്നരുടെ പ്രിയപ്പെട്ട ഇടം ആകാന്‍ മത്സരിക്കുന്ന സിംഗപ്പൂര്‍ ഇതാദ്യമായി ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരമെന്ന ഖ്യാതി കൈവരിച്ചു. സേവനങ്ങള്‍, ചരക്കു സാധനങ്ങള്‍ എന്നിവയുടെ കാര്യത്തിലാണ് ഏറ്റവും ചെലവേറിയ നഗരമായി സിംഗപ്പൂര്‍ മാറിയത്. ജൂണ്‍ 20-ാം തീയതി ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവന്നത്.
സ്വിസ് വെല്‍ത്ത് മാനേജരായ ജൂലിയസ് ബയര്‍ ഗ്രൂപ്പ് ലിമിറ്റഡ് തയാറാക്കിയ പട്ടികയിലാണ് സിംഗപ്പൂര്‍ ഒന്നാം സ്ഥാനത്തെത്തിയത്. ആദ്യമായിട്ടാണ് സിംഗപ്പൂര്‍ ഒന്നാം സ്ഥാനത്ത് എത്തിയതും. 2022-ല്‍ ഷാങ്ഹായ്ക്കും, ഹോങ്കോങ്ങിനും പിന്നിലായി മൂന്നാം സ്ഥാനത്തായിരുന്നു സിംഗപ്പൂര്‍ നഗരം. എന്നാല്‍ ഇപ്രാവിശ്യം ഒന്നാമനായി.
സിംഗപ്പൂരില്‍ കാറുകള്‍, ആരോഗ്യ ഇന്‍ഷ്വറന്‍സ് പോലുള്ള അവശ്യ സര്‍വീസും ആഗോള ശരാശരിയേക്കാള്‍ യഥാക്രമം 133 ശതമാനവും, 109 ശതമാനവും കൂടുതലാണ്.
രാഷ്ട്രീയമായി സുസ്ഥിരവും, നികുതി സൗഹൃദവുമാണ് സിംഗപ്പൂര്‍. കോവിഡ്19 മഹാമാരിയെത്തുടര്‍ന്ന് ആഗോളതലത്തില്‍ ശക്തമായ നിയന്ത്രണങ്ങള്‍ ദീര്‍ഘകാലം ഏര്‍പ്പെടുത്തിയപ്പോള്‍ സിംഗപ്പൂരായിരുന്നു ഏഷ്യയില്‍ ആദ്യമായി നിയന്ത്രണങ്ങള്‍ ലഘൂകരിച്ച നഗരം. താമസത്തിനുള്ള ഡിമാന്‍ഡ് വളരെ ഉയര്‍ന്നതാണ്.
സമ്പന്നരുടെ ആകര്‍ഷണകേന്ദ്രമാക്കി മാറ്റാനുള്ള സിംഗപ്പൂരിന്റെ ശ്രമം പക്ഷേ, അവിടെയുള്ള പ്രദേശവാസികള്‍ക്ക് ദുരിതം സമ്മാനിച്ചിരിക്കുകയുമാണ്. കാരണം വിലക്കയറ്റം തന്നെ.
പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തിയിരിക്കുന്നത് ന്യൂയോര്‍ക്കാണ്. മുന്‍വര്‍ഷം 11-ാം സ്ഥാനമായിരുന്നു ന്യൂയോര്‍ക്കിന്. ഡോളര്‍ ശക്തിപ്രാപിച്ചതും കോവിഡ്19 മഹാമാരിയില്‍ നിന്ന് തിരിച്ചുവരവ് നടത്തിയതുമാണ് ന്യൂയോര്‍ക്കിന് ഗുണകരമായത്.
അതേസമയം ലണ്ടന്‍ നഗരത്തിന്റെ സ്ഥാനം പട്ടികയില്‍ രണ്ടാം സ്ഥാനത്തുനിന്നും നാലാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. ബ്രെക്‌സിറ്റും അതേ തുടര്‍ന്ന് രൂപപ്പെട്ട പ്രശ്‌നങ്ങളുമാണ് ലണ്ടന്റെ പ്രശസ്തിക്ക് കോട്ടം ഏല്‍പ്പിച്ചത്. പട്ടികയില്‍ ഏറ്റവും താഴെ ജൊഹാനസ്ബര്‍ഗാണ്.
വളരെ അഫോഡബിളായി ജീവിക്കാന്‍ കഴിയുന്ന അഥവാ ചെലവ് വഹിക്കാന്‍ കഴിയുന്ന ഇടങ്ങളായി യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവ പട്ടികയിലിടം നേടി. എങ്കിലും യൂറോപ്യന്‍ നഗരങ്ങള്‍ റാങ്കിംഗില്‍ താഴേക്ക് പോയി.
ദുബായ് ആദ്യമായി പട്ടികയില്‍ പത്തിലൊരു സ്ഥാനം നേടി. ഏറ്റവും ചെലവേറിയ ഏഴാമത്തെ നഗരമെന്ന ഖ്യാതിയാണ് ദുബായിക്ക് ലഭിച്ചത്. സ്വിസ് നഗരമായ സൂറിച്ച് 14-ാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.
കോവിഡ്19 മഹാമാരിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ മിക്ക രാജ്യങ്ങളും നീക്കിയതോടെ യാത്രയ്ക്കും വിനോദത്തിനുമുള്ള ആവശ്യം വര്‍ദ്ധിക്കുന്നതായി സര്‍വേ കണ്ടെത്തി.