image

30 April 2025 1:58 PM IST

World

സ്വർണ്ണം ലോക രാഷ്ട്രങ്ങളുടെ സാമ്പത്തിക സുസ്ഥിരതയുടെ അടിസ്ഥാനം

Karthika Ravindran

gold is the basis of the economic stability of world nations
X

Summary

  • 8,133 മെട്രിക് ടണ്ണിലധികം സ്വർണ്ണം ആണ് അമേരിക്കയുടെ കൈവശമുള്ളത്
  • 2024-ൽ ആഗോള സ്വർണ്ണ ഖനി ഉത്പാദനം ഏകദേശം 3,661.2 മെട്രിക് ടണ്ണിലെത്തി


സ്വർണത്തിന്റെ ചരിത്രം എടുത്ത് നോക്കിയാൽ, നൂറ്റാണ്ടുകൾക്ക് മുൻപ് ഈജിപ്ഷ്യൻ സംസ്കാരത്തിലാണ് സ്വർണ്ണം ആദ്യമായി ഖനനം ചെയ്തത് എന്ന് കരുതപ്പെടുന്നു. ലിഡിയയിലെ ക്രോയസസ് ചക്രവർത്തിയാണ് ബി.സി.ഇ. 600-ൽ ആദ്യത്തെ സ്വർണ്ണ നാണയങ്ങൾ കണ്ടുപിടിച്ചത്. തെക്കൻ ഇറാഖിലെ സുമർ നാഗരികത ബി.സി. 3000 ആണ്ടിൽ ഇന്ന് കാണുന്ന വിധത്തിലുള്ള സങ്കീർണ്ണമായ ഡിസൈനുകളിൽ സ്വർണ്ണാഭരണങ്ങൾ നിർമ്മിച്ചിരുന്നു. അവിടെ നിന്ന് റോമാ സാമ്രാജ്യം, ചൈനീസ് രാജവംശങ്ങൾ എന്നിങ്ങനെ ലോകമെമ്പാടുമുള്ള വിവിധ സംസ്കാരങ്ങളിൽ സ്വർണ്ണം സമ്പത്തിൻ്റെയും അധികാരത്തിൻ്റെയും പ്രതീകമായി ഉയർന്നു. എന്നാൽ ഇന്ന് കാലം മാറിയെങ്കിലും സ്വർണ്ണത്തിൻ്റെ മൂല്യവും പ്രാധാന്യവും ഒട്ടും കുറഞ്ഞില്ല.

സ്വർണ്ണത്തെ മറ്റു ലോഹങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് അതുല്യമായ ചില ഗുണങ്ങളാണ്. തിളങ്ങുന്ന ഓറഞ്ചു കലർന്ന മഞ്ഞ നിറം, ഉയർന്ന സാന്ദ്രത, മൃദുലത, എളുപ്പത്തിൽ അടിച്ചു പരത്താനും കമ്പിയാക്കാനുമുള്ള കഴിവ്, ഓക്സീകരണത്തെയും, രാസപ്രവർത്തനത്തെയും, നശീകരണത്തെയും പ്രതിരോധിക്കാനുള്ള ശേഷി എന്നിവ സ്വർണ്ണത്തെ ഏറ്റവും വിലയേറിയ ലോഹമാക്കി മാറ്റുന്നു. കൂടാതെ, സ്വർണ്ണം മികച്ച ഒരു വൈദ്യുത ചാലകം കൂടിയാണ്, അതിനാൽ ഇലക്ട്രോണിക്സ് വ്യവസായത്തിലും സ്വർണ്ണത്തിനു വലിയ പ്രാധാന്യമുണ്ട്.

പുതിയ ഉയരങ്ങളിലേക്ക് കുതിച്ചുയരുന്ന സ്വർണ്ണ വില

സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ലോകമെമ്പാടുമുള്ള സാമ്പത്തിക വിപണികളിൽ സ്വർണ്ണത്തിനു ഒരു സുപ്രധാന സ്ഥാനമുണ്ട്. രാജ്യങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വത്തിൻ്റെയും നിക്ഷേപകരുടെ സാമ്പത്തിക ആശ്രയത്തിൻ്റെയും ഒരു പ്രതീകം കൂടിയാണ് സ്വർണ്ണം. സ്വർണ്ണവില കുതിച്ചുയരുകയാണ്. സ്വർണ്ണ വിപണിയിൽ ശ്രദ്ധേയമായ പല മാറ്റങ്ങളും സംഭവിച്ചു കൊണ്ടിരിക്കുന്നു. എന്താണ് ഇതിന് കാരണം?

സമീപ വർഷങ്ങളിൽ സ്വർണ്ണവിലയിൽ കാര്യമായ വർദ്ധനവ് ഉണ്ടായി. റിപ്പോർട്ടുകൾ അനുസരിച്ചു 2024-2025 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സ്പോട്ട് ഗോൾഡ് പ്രൈസിൽ 32% ത്തിലധികം വർധനവുണ്ടായി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ താരിഫ് നയങ്ങൾ ആഗോള സാമ്പത്തിക വളർച്ചയെ ബാധിക്കുമെന്ന ആശങ്കകൾക്കിടയിൽ സ്വർണ്ണവില റെക്കോർഡ് ഉയരത്തിലെത്തി.

ആഗോള സാമ്പത്തിക രംഗത്തെ അസ്ഥിരത, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, കേന്ദ്ര ബാങ്ക് വാങ്ങലുകൾ, ധനനയ മാറ്റങ്ങൾ, പണപ്പെരുപ്പം, എന്നിവയെല്ലാം സ്വർണ്ണവില ഉയരാൻ കാരണമായി തീർന്നു. പണപ്പെരുപ്പത്തിനെതിരായ ഒരു സംരക്ഷണം എന്ന നിലയിൽ നിക്ഷേപകർ പലപ്പോഴും സ്വർണ്ണത്തിലേക്ക് തിരിയുന്നു, ഇത് സ്വർണത്തിന്റെ ഡിമാൻഡ് വർദ്ധിപ്പിക്കുകയും സ്വർണ്ണ വില കൂടാൻ കാരണമാകുകയും ചെയ്യുന്നു.

ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ശേഖരങ്ങളിൽ ഒന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റേത്. എന്നാൽ ഇപ്പോൾ ബാങ്ക് ഓഫ് ഇംഗ്ലണ്ടിൾ നിന്ന് വലിയ അളവിൽ സ്വർണ്ണം അമേരിക്കയിലെ ന്യൂയോർക്കിലേക്ക് മാറ്റപ്പെടുന്നു. ലണ്ടനിലെ അപേക്ഷിച്ച് ന്യൂയോർക്കിലെ ഉയർന്ന സ്വർണ്ണ വിലയാണ് ഇതിന് കാരണം, ജെപി മോർഗൻ, എച്ച്എസ്ബിസി തുടങ്ങിയ ബാങ്കുകൾ ഈ അവസരം മുതലെടുക്കാൻ ലണ്ടനിലെ സ്വർണ്ണം ന്യൂയോർക്കിലേക്ക് മാറ്റുന്നു. ഇതിനായി അവർ ബാങ്ക് ഓഫ് ഇംഗ്ലണ്ടിലെ നിലവറകളിൽ നിന്ന് വലിയ അളവിൽ സ്വർണ്ണം പിൻവലിക്കുന്നു. എന്നാൽ ഇത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് വലിയ രീതിയിൽ സമ്മർദ്ദം സൃഷ്ടിക്കുകയും, കൂടുതൽ അളവിലുള്ളത് സ്വർണ്ണം പിൻവലിക്കൽ ബാങ്ക് പ്രവർത്തങ്ങളെ സാരമായി ബാധിക്കുകയൂം ചെയ്‌തു.

അമേരിക്കയിലാണ് ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ശേഖരം ഉള്ളത്. 8,133 മെട്രിക് ടണ്ണിലധികം സ്വർണ്ണം അമേരിക്കയുടെ കൈവശമുണ്ട്. അമേരിക്ക കഴിഞ്ഞാൽ ജർമ്മനിയും, ഇറ്റലിയിലുമാണ് ഏറ്റവും കൂടുതൽ സ്വർണ്ണ ശേഖരം കൈവശം വെച്ചിരിക്കുന്നത്.

എന്ത് കൊണ്ട് ചൈന സ്വർണ്ണം വാങ്ങി കൂട്ടുന്നു ?

അതെ സമയം, സ്വർണ്ണം വാങ്ങി കൂട്ടി യു.എസ് ഡോളറിൻ്റെ ആധിപത്യത്തെ വെല്ലുവിളിച്ചുകൊണ്ട് സാമ്പത്തിക രംഗത്ത് തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ചൈന. ലോക സാമ്പത്തിക രംഗത്ത് ചൈനയുടെ സ്വർണ്ണ ശേഖരണം വലിയ ശ്രദ്ധ നേടുന്നു. കണക്കുകൾ പ്രകാരം 2025 ൽ ചൈനയുടെ ഔദ്യോഗിക സ്വർണ്ണ ശേഖരം 2,290 ടണ്ണായി ഉയർന്നു. തങ്ങളുടെ വിദേശനാണ്യ കരുതൽ ശേഖരം വൈവിധ്യവത്കരിക്കാനും, അമേരിക്കൻ ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കാനും, സാമ്പത്തിക അസ്ഥിരതയിൽ നിന്ന് സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കാനുമുള്ള തന്ത്രപരമായ നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

ഇന്ത്യയുടെ സ്വർണ്ണ കരുതൽ ശേഖരം

ഇന്ത്യയും തങ്ങളുടെ സ്വർണ്ണ ശേഖരണത്തിൽ സുപ്രധാനമായ നീക്കങ്ങൾ നടത്തിയിട്ടുണ്ട്. 2025 ജനുവരി 31-ലെ കണക്കനുസരിച്ച് ഇന്ത്യയുടെ സ്വർണ്ണ കരുതൽ ശേഖരം 879 ടണ്ണായി ഉയർന്നു. 2024-ൽ മാത്രം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 72.6 ടൺ സ്വർണ്ണമാണ് വാങ്ങിയത്. കൂടാതെ, 2024-ൽ ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ നിന്ന് 200 ടണ്ണിലധികം സ്വർണ്ണം ഇന്ത്യ തിരികെ കൊണ്ടുവന്നു. ആഗോള സാമ്പത്തിക രംഗത്തെ അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ സ്വർണ്ണ ശേഖരം സ്വന്തം രാജ്യത്ത് തന്നെ സൂക്ഷിക്കുക എന്നത് രാജ്യത്തിന്റെ സുരക്ഷിതത്വത്തിന് ശക്തി പകരുമെന്ന് ആർ.ബി.ഐ വിലയിരുത്തുന്നു.

വേൾഡ് ഗോൾഡ് കൗൺസിലിൻ്റെ റിപ്പോർട്ടുകൾ പ്രകാരം ലോകമെമ്പാടുമുള്ള നിരവധി സെൻട്രൽ ബാങ്കുകൾ തങ്ങളുടെ കരുതൽ ശേഖരത്തിലേക്ക് കൂടുതൽ സ്വർണ്ണം കൊണ്ട് വരാൻ പരിഗണിക്കുന്നുണ്ട്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പോലുള്ള വലിയ സ്വർണ്ണ സംഭരണ കേന്ദ്രങ്ങളിൽ നിന്ന് സ്വർണ്ണം പിൻവലിക്കാനുള്ള രാജ്യങ്ങളുടെ ഈ പ്രവണത ആഗോള സ്വർണ്ണ വിപണിയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണഖനി അമേരിക്കയിലെ നെവാഡയിൽ സ്ഥിതി ചെയ്യുന്ന നെവാഡ ഗോൾഡ് മൈൻസ് ആണ്. 2022 ൽ ഏകദേശം 94.2 ദശലക്ഷം മെട്രിക് ടൺ സ്വർണം ആണ് ഇവിടെ ഉത്പാദിപ്പിച്ചത്. അതേസമയം ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ്ണഖനി കർണാടകയിലെ റായ്ച്ചൂർ ജില്ലയിലെ ഹട്ടി സ്വർണ്ണഖനിയാണ്. ഹട്ടി ഗോൾഡ് മൈനിൽ നിലവിൽ പ്രതിവർഷം 1.8 ടൺ സ്വർണ്ണം ഉത്പാദിപ്പിക്കുന്നു. 2024-ൽ ആഗോള സ്വർണ്ണ ഖനി ഉത്പാദനം ഏകദേശം 3,661.2 മെട്രിക് ടണ്ണിലെത്തി.

സ്വർണ്ണം ഒരു പ്രധാന നിക്ഷേപ മാർഗ്ഗമായി കണക്കാക്കാനുള്ള പ്രധാന കാരണങ്ങൾ അതിൻ്റെ മൂല്യ സ്ഥിരതയും ആഗോള അംഗീകാരവുമാണ്. പണപ്പെരുപ്പത്തെ പ്രതിരോധിക്കാനും സാമ്പത്തികപരമായ അസ്ഥിരതകൾക്കെതിരെ ഒരു രക്ഷാകവചം തീർക്കാനും സ്വർണ്ണത്തിന് സാധിക്കുന്നു. പണപ്പെരുപ്പം, സാമ്പത്തിക പ്രതിസന്ധികൾ എന്നിവ ഉണ്ടാകുമ്പോൾ സ്വർണ്ണത്തിൻ്റെ മൂല്യം വർധിക്കുന്നു. ഓഹരികൾ, റിയൽ എസ്റ്റേറ്റ് തുടങ്ങിയ മറ്റ് ആസ്തികളെ അപേക്ഷിച്ച് സ്വർണ്ണം കൂടുതൽ സുരക്ഷിതമായ നിക്ഷേപമായി കണക്കാക്കപ്പെടുന്നു. അതിനാൽ തന്നെ, നിക്ഷേപകരുടെ നിക്ഷേപ പോർട്ട്ഫോളിയോയിൽ സ്വർണ്ണം ഒരു പ്രധാന പങ്ക് വഹിക്കുന്നു.