image

20 April 2025 4:10 PM IST

World

ചൈനക്കെതിരായ തീരുവ നേട്ടമാക്കാന്‍ ഇന്ത്യന്‍ കളിപ്പാട്ട വ്യവസായം

MyFin Desk

ചൈനക്കെതിരായ തീരുവ നേട്ടമാക്കാന്‍  ഇന്ത്യന്‍ കളിപ്പാട്ട വ്യവസായം
X

Summary

  • ചൈനീസ് ഉല്‍പ്പന്നങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന് ബദല്‍ വിപണികള്‍ തേടുകയാണ് യുഎസ്
  • കയറ്റുമതിക്ക് സാധ്യതയുള്ള 40 സ്ഥാപനങ്ങളെ ടോയ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ഇതിനകം കണ്ടെത്തി


ചൈനക്കെതിരായ യുഎസ് തീരുവകളില്‍നിന്ന് ഉണ്ടായ സാഹചര്യം സുവര്‍ണാവസരം പ്രയോജനപ്പെടുത്താന്‍ ഇന്ത്യയിലെ കളിപ്പാട്ട കയറ്റുമതിക്കാര്‍. കൂടാതെ ചൈനീസ് ഉല്‍പ്പന്നങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന് ബദല്‍ വിപണികള്‍ തേടുകയാണ് യുഎസിലെ വ്യാപാരികള്‍. ഇപ്പോള്‍ യുഎസ് വ്യാപാരികളില്‍നിന്ന് വര്‍ധിച്ച അന്വേഷണങ്ങള്‍ ഈ മേഖലയില്‍ ഉണ്ടായിട്ടുണ്ട്.

യുഎസ് വിപണിയിലേക്ക് കയറ്റുമതി ചെയ്യാന്‍ സാധ്യതയുള്ള ഏകദേശം 40 സ്ഥാപനങ്ങളെ ടോയ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ 20 ഓളം കമ്പനികള്‍ അമേരിക്കന്‍ വിപണിയിലേക്ക് കളിപ്പാട്ടങ്ങള്‍ മൊത്തമായി കയറ്റുമതി ചെയ്യുന്നുണ്ടെന്ന് പ്രസിഡന്റ് അജയ് അഗര്‍വാള്‍ പിടിഐയോട് പറഞ്ഞു.

'കഴിഞ്ഞ ഒരു മാസത്തിനിടെ യുഎസ് ആസ്ഥാനമായുള്ള കളിപ്പാട്ടം വാങ്ങുന്നവരില്‍ നിന്ന് കൂടുതല്‍ അന്വേഷണങ്ങള്‍ ലഭിക്കുന്നുണ്ട്. യുഎസ് നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് കളിപ്പാട്ട ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന നിര്‍മ്മാതാക്കളുടെ പട്ടിക തേടി ചില ഇന്ത്യന്‍ കയറ്റുമതി സ്ഥാപനങ്ങളും ഞങ്ങളെ ബന്ധപ്പെട്ടിട്ടുണ്ട്. യുഎസ് കളിപ്പാട്ട വിപണിയുടെ ആവശ്യകതകള്‍ നിറവേറ്റാന്‍ കഴിവുള്ള വൈറ്റ് ലേബലിംഗ്, ഒറിജിനല്‍ ഉപകരണ നിര്‍മ്മാതാക്കളെ അവര്‍ അന്വേഷിക്കുന്നു,' അഗര്‍വാള്‍ പറഞ്ഞു.

ജിഎംഐ റിസര്‍ച്ചിന്റെ കണക്കനുസരിച്ച്, യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ കളിപ്പാട്ട വിപണി വലുപ്പം 2024 ല്‍ 42.8 ബില്യണ്‍ യുഎസ് ഡോളറിലെത്തി. 2032 ല്‍ ഇത് 56.9 ബില്യണ്‍ യുഎസ് ഡോളറിലെത്തുമെന്ന് കണക്കാക്കപ്പെടുന്നു.

' കളിപ്പാട്ടങ്ങള്‍ക്ക് യുഎസ് വലിയൊരു വിപണിയാണ്. ചൈനയ്ക്ക് ഉയര്‍ന്ന താരിഫ് ഏര്‍പ്പെടുത്തുകയും ഇന്ത്യയ്ക്ക് കുറഞ്ഞ താരിഫ് ഏര്‍പ്പെടുത്തുകയും ചെയ്താല്‍ നമുക്ക് പ്രയോജനം ലഭിക്കും.'

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നിരക്കുകള്‍ കുറവാണെന്നതിന്റെ അടിസ്ഥാനത്തില്‍ താരിഫിന്റെ ആനുകൂല്യം നമുക്ക് ലഭിക്കുകയാണെങ്കില്‍, യുഎസ് വിപണിയില്‍ ഇന്ത്യന്‍ കളിപ്പാട്ടങ്ങളുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കാന്‍ നമുക്ക് കഴിയുമെന്ന് ടോയ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് പറഞ്ഞു.