28 May 2025 1:44 PM IST
Summary
- ചര്‍ച്ചകള്‍ക്കായി അടുത്ത മാസം യുഎസ് ഉദ്യോഗസ്ഥര്‍ ഇന്ത്യയിലെത്തും
- 26 ശതമാനം താരിഫ് പൂര്‍ണമായി ഒഴിവാക്കണം എന്നാണ് ഇന്ത്യയുടെ ആവശ്യം
ഇന്ത്യാ-യുഎസ് ഇടക്കാല വ്യാപാര കരാര്‍ സംബന്ധിച്ച് അടുത്തമാസം 25 നകം ധാരണയിലെത്താന്‍ സാധ്യതയെന്ന് ഉദ്യോഗസ്ഥര്‍. വ്യാപാര ചര്‍ച്ചകള്‍ക്കായി അടുത്ത മാസം യുഎസ് ഉദ്യോഗസ്ഥരുടെ ഒരു സംഘം ഇന്ത്യ സന്ദര്‍ശിക്കുന്ന സാഹചര്യത്തിലാണിത്.
'ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. കാര്യങ്ങള്‍ ശരിയായ ദിശയിലാണ്,' അവര്‍ പറഞ്ഞു. ഇന്ത്യയുടെ മുഖ്യ ചര്‍ച്ചക്കാരനായ വാണിജ്യ വകുപ്പിലെ സ്‌പെഷ്യല്‍ സെക്രട്ടറി രാജേഷ് അഗര്‍വാള്‍ കഴിഞ്ഞയാഴ്ച യുഎസ് സന്ദര്‍ശിച്ചിരുന്നു. നിര്‍ദ്ദിഷ്ട കരാറിനെക്കുറിച്ച് അദ്ദേഹം യുഎസ് പ്രതിനിധിയുമായി ചര്‍ച്ച നടത്തി. വ്യാപാര ചര്‍ച്ചകള്‍ക്ക് ഊര്‍ജം പകരാന്‍ വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലും കഴിഞ്ഞ ആഴ്ച വാഷിംഗ്ടണില്‍ ഉണ്ടായിരുന്നു. സന്ദര്‍ശന വേളയില്‍ അദ്ദേഹം യുഎസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക്കുമായി രണ്ടുതവണ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇന്ത്യയ്ക്കുമേലുള്ള 26 ശതമാനം പരസ്പര താരിഫ് ഈ വര്‍ഷം ജൂലൈ 9 വരെ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നതിനാല്‍, നിര്‍ദ്ദിഷ്ട ഉഭയകക്ഷി വ്യാപാര കരാറിന്റെ (ബിടിഎ) ആദ്യ ഘട്ടം നടപ്പിലാക്കുന്നതിന് മുമ്പ് ഒരു ഇടക്കാല വ്യാപാര കരാറിനെക്കുറിച്ച് ഇരുപക്ഷവും ആലോചിക്കുന്നു. എങ്കിലും, ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇപ്പോഴും അമേരിക്ക ചുമത്തിയ 10 ശതമാനം അടിസ്ഥാന താരിഫ് നിലവിലുണ്ട്.
ഇടക്കാല വ്യാപാര കരാറില്‍, ആഭ്യന്തര വസ്തുക്കളുടെ 26 ശതമാനം പരസ്പര താരിഫില്‍ നിന്ന് പൂര്‍ണ്ണമായി ഒഴിവാക്കണമെന്ന് ന്യൂഡല്‍ഹി ആവശ്യപ്പെടുന്നു.
ഈ വര്‍ഷം സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തോടെ (ബിടിഎ) ആദ്യ ഘട്ടം പൂര്‍ത്തിയാക്കാന്‍ ഇരു രാജ്യങ്ങളും സമയപരിധി നിശ്ചയിച്ചിട്ടുണ്ട്.
2024-25 ല്‍ തുടര്‍ച്ചയായ നാലാം വര്‍ഷവും ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി യുഎസ് തുടര്‍ന്നു. ഇരു രാജ്യങ്ങളും തമ്മില്‍ 131.84 ബില്യണ്‍ യുഎസ് ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് നിലവിലുള്ളത്.
ഇന്ത്യയുടെ മൊത്തം ചരക്ക് കയറ്റുമതിയുടെ ഏകദേശം 18 ശതമാനവും ഇറക്കുമതിയില്‍ 6.22 ശതമാനവും രാജ്യത്തിന്റെ മൊത്തം ചരക്ക് വ്യാപാരത്തില്‍ 10.73 ശതമാനവും യുഎസില്‍ നിന്നാണ്.
2030 ആകുമ്പോഴേക്കും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഇരട്ടിയിലധികം വര്‍ദ്ധിപ്പിച്ച് 500 ബില്യണ്‍ യുഎസ് ഡോളറായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്.