image

21 March 2026 1:21 PM IST

World

കന്യാകുമാരിക്ക് 1800 കിലോമീറ്റ‍ർ മാത്രം അകലെ, ഇന്ത്യൻ മഹാസമുദ്രത്തിലേക്കും ബാലിസ്റ്റിക് മിസൈൽ

MyFin Desk

ballistic missile reaches the indian ocean, just 1800 km from kanyakumari
X

Summary

ഇറാൻ്റെ മിസൈലുകൾ ഏകദേശം 3,000 കിലോമീറ്റർ പരിധിക്കപ്പുറം എത്തില്ലെന്നാണ് ലോകം കരുതിയിരുന്നതെങ്കിൽ തെറ്റാണെന്ന് തെളിയിച്ച് രാജ്യം. മിസൈലുകൾ എത്തിയിരിക്കുന്നത് 4000 കിലോമീറ്ററുകൾക്കപ്പുറം.


ഇന്ത്യൻ മഹാസമുദ്രത്തിലെ ഡീഗോ ഗാർസിയയിലുള്ള യുഎസ് -യുകെ സൈനിക താവളത്തിലേക്ക് ബാലിസ്റ്റിക് മിസൈലുകൾ വ‍ർഷിച്ചിരിക്കുകയാണ് ഇറാൻ. രണ്ട് ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതിൻ്റെ ഞെട്ടലിലാണ് ലോകം. ഇറാനിൽ നിന്ന് ഏകദേശം 4,000 കിലോമീറ്റർ അകലെയുള്ള ലക്ഷ്യം സ്ഥാനത്തേക്കാണ് മിസൈൽ എത്തിയിരിക്കുന്നത്. ഇറാനിയൻ മിസൈലുകൾ ഏകദേശം 2,000-3,000 കിലോമീറ്റർ പരിധിക്കപ്പുറം എത്തില്ലെന്നാണ് കരുതിയിരുന്നതെങ്കിൽ അത് തെറ്റാണെന്ന് തെളിയിച്ചിരിക്കുകയാണ് ഇറാൻ . ഭാ​ഗ്യത്തിന് മിസൈലുകൾ ലക്ഷ്യം കണ്ടില്ല. കന്യാകുമാരിയിൽ നിന്ന് ഡീ​ഗോ ​ഗാ‍ർസിയയിലേക്കുള്ളതാകട്ടെ വെറും 1800 കിലോമീറ്റ‍ർ ദൂരം.

മധ്യ ഇന്ത്യൻ മഹാസമുദ്രത്തിലെ തന്ത്രപ്രധാനമായ സൈനിക താവളമാണ് ഡീഗോ ഗാർസിയ. മാലിദ്വീപിന് തെക്കുഭാഗത്തായുള്ള കൊച്ചു ദ്വീപ്. ഇറാനെതിരായ പ്രവർത്തനങ്ങൾക്കായി യുകെയുടെ സൈനിക താവളങ്ങൾ ഉപയോഗിക്കാൻ രാജ്യം അനുമതി നൽകിയതിന് ശേഷമാണ് ഈ ആക്രമണം എന്നതും ശ്രദ്ധേയമാണ്.

ഹോർമുസ് കടലിടുക്ക് കേന്ദ്രമാക്കിയുള്ള പ്രവ‍ർത്തനങ്ങൾക്കായി സൈനിക താവളങ്ങൾ ഉപയോഗിക്കാൻ യുകെ യുഎസിന് അനുമതി നൽകുകയായിരുന്നു. ഇറാനിയൻ സൈറ്റുകളിൽ ആക്രമണം നടത്താൻ ബ്രിട്ടീഷ് സൈനിക താവളങ്ങളും ഉപയോഗിക്കാനായിരുന്നു അനുമതി. അനുമതി നൽകി മണിക്കൂറുകൾക്കകമായിരുന്നു ആക്രമണം. ബ്രിട്ടീഷ് ജനതയുടെ ജീവനോ താൽപ്പര്യങ്ങളോ അപകടത്തിലാക്കുന്ന രീതിയിൽ ഇറാൻ മിസൈലുകൾ വിട്ടാൽ മാത്രമാണ് യുകെയുടെ സൈനിക താവളങ്ങൾ ഉപയോഗിക്കാൻ നേരത്തെ യുഎസിന് അനുമതി നൽകിയിരുന്നത്.

ടെഹ്‌റാന്റെ ഖോറാംഷഹർ മിസൈലിനാണ് ഏറ്റവും ദൈർഘ്യമേറിയതായി കണക്കാക്കുന്നത്. 3,000 കിലോമീറ്റർ വരെ ദൂരപരിധിയാണ് പറയുന്നതെങ്കിലും ഇതിനപ്പുറത്തേക്കും മിസൈലുകൾ എത്തുമെന്നാണ് ഡീ​ഗോ ​ഗാ‍ർഷ്യക്ക് നേരെയുണ്ടായ ആക്രമണം സൂചിപ്പിക്കുന്നത്.

ആശങ്കയോടെ ലോകം

ഹോർമുസ് കടലിടുക്ക് ഉപയോഗിക്കുന്ന മറ്റ് രാജ്യങ്ങൾക്കും അതീവ ജാ​ഗ്രത വേണ്ടി വരും. രാജ്യങ്ങൾ ആവശ്യപ്പെട്ടാൽ യുഎസ് സഹായിക്കും എന്നും ഇറാന്റെ ഭീഷണി ഇല്ലാതാക്കിക്കഴിഞ്ഞാൽ ഇതിൻ്റെ ആവശ്യമില്ലെന്നുമുള്ള നിലപാടാണ് ട്രംപിൻ്റേത്.സമുദ്ര ഗതാഗതത്തിന് നിർണായകമായ ജലപാത സുരക്ഷിതമായി നിലനിർത്തുന്നതിന് സഹായം നൽകണമെന്ന് യുകെയും ചൈനയും ഉൾപ്പെടെ നിരവധി രാജ്യങ്ങളോട് ട്രംപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.