21 May 2025 3:54 PM IST
Summary
- ഏപ്രില്‍ മാസത്തില്‍ യുഎസിലേക്കുള്ള കയറ്രുമതിയില്‍ രണ്ട്ശതമാനം ഇടിവ്
- യുഎസില്‍ നിന്നുള്ള ഇറക്കുമതി 11 ശതമാനത്തിലധികവും കുറഞ്ഞു
യുഎസിലേക്കുള്ള ജപ്പാന്റെ കയറ്റുമതിയില്‍ ഇടിവ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ താരിഫ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തെ നേരിട്ടു ബാധിച്ചു. രണ്ട്ശതമാനം ഇടിവാണ് ഏപ്രില്‍ മാസത്തില്‍ ജപ്പാന്റെ കയറ്റുമതിയില്‍ ഉണ്ടായത്. ജപ്പാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നാണ് യുഎസ്.
ഏപ്രിലില്‍ അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതി 11 ശതമാനത്തിലധികം കുറഞ്ഞപ്പോള്‍, മൊത്തം ഇറക്കുമതി 2.2 ശതമാനവും കുറഞ്ഞു. കഴിഞ്ഞ പാദത്തില്‍ സമ്പദ് വ്യവസ്ഥ 0.7 ശതമാനം ചുരുങ്ങിയതിനെത്തുടര്‍ന്ന് ദുര്‍ബലമാകുന്ന കയറ്റുമതി ജപ്പാന്റെ വളര്‍ച്ചയെ ബാധിച്ചേക്കാം.
ജപ്പാനില്‍ നിന്നുള്ള ഇറക്കുമതിക്ക് ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ തീരുവ പിന്‍വലിക്കണമെന്ന് ജപ്പാന്‍ ആവശ്യപ്പെടുന്നുണ്ട്, എന്നാല്‍ ഇതുവരെ യുഎസ് അതിന് വഴങ്ങിയിട്ടില്ല.
ഏപ്രിലിലെ വ്യാപാര കമ്മി 115.8 ബില്യണ്‍ യെന്‍ (804 മില്യണ്‍ യുഎസ് ഡോളര്‍) ആണെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 504.7 ബില്യണ്‍ യെന്‍ ആയിരുന്നു.
ജാപ്പനീസ് യെന്‍ അടുത്തിടെ യുഎസ് ഡോളറിനെതിരെ ഉയര്‍ന്നു. ഒരു വര്‍ഷം മുമ്പ് 155 യെന്‍ ആയിരുന്ന ഡോളര്‍ ഇപ്പോള്‍ 144 യെന്‍ എന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.
ട്രംപ് രണ്ടാമതും അധികാരമേറ്റതിനുശേഷം ക്രമേണ പ്രാബല്യത്തില്‍ വന്ന താരിഫുകളെ മറികടക്കാന്‍ ബിസിനസുകള്‍ തിരക്കുകൂട്ടിയതിനാല്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍ കയറ്റുമതി വര്‍ദ്ധിച്ചിരുന്നു.
അമേരിക്കയുമായുള്ള വ്യാപാരം കുറഞ്ഞെങ്കിലും, തെക്കുകിഴക്കന്‍ ഏഷ്യ പോലുള്ള മറ്റ് മേഖലകളിലേക്കുള്ള കയറ്റുമതി വര്‍ദ്ധിച്ചിട്ടുണ്ട്.
ജപ്പാനും യുഎസും തമ്മിലുള്ള വ്യാപാരത്തിന്റെ പ്രധാന ഘടകവും സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയുടെ പ്രധാന ചാലകവുമായ ഓട്ടോകളുടെ ഇറക്കുമതിക്ക് യുഎസ് 25 ശതമാനം തീരുവ ചുമത്തുന്നു. ട്രംപ് ആ താരിഫുകളില്‍ ചിലത് ഇളവ് ചെയ്തിട്ടുണ്ടെങ്കിലും സ്റ്റീല്‍, അലുമിനിയം എന്നിവയ്ക്ക് ഉയര്‍ന്ന താരിഫ് നിലനിര്‍ത്തിയിട്ടുണ്ട്. ഏപ്രിലില്‍ ജപ്പാന്റെ വാഹന കയറ്റുമതി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുറയുകയും ചെയ്തു.