10 March 2026 1:14 PM IST
Mojtaba Khamenei Profile : കരുത്തുറ്റ വിദേശ നിക്ഷേപം, ശതകോടികളുടെ സ്വർണ ശേഖരം, വൈദിക വസ്ത്രം ധരിക്കാത്ത പുരോഹിതൻ, മൊജ്താബ ഖമനെയി ഇറാൻ്റെ നായകനാകുമ്പോൾ?
MyFin Desk
Who is Mojtaba Khamenei
Summary
ഇതുവരെ രാഷ്ട്രീയ തിരശ്ശീലക്ക് പിന്നിലായിരുന്നെങ്കിലും ഇറാൻ രാഷ്ട്രീയത്തിൽ ഏറ്റവും സ്വാധീനമുണ്ടായിരുന്ന വ്യക്തി. അളവറ്റ സമ്പത്ത്, തീവ്രമതവാദിയായ മൊജ്താബ ഖമനെയി ഇറാനിലെ രാഷ്ട്രീയത്തെ എങ്ങനെ സ്വാധീനിക്കും?
ഇറാൻ്റെ പുതിയ ശബ്ദമായി മൊജ്താബ ഖമനെയി മാറുമ്പോൾ ജാഗ്രതയോടെയാണ് ലോകം. ആയത്തുള്ള അലി ഖമേനിയുടെ ഈ മകൻ പിതാവിൽ നിന്ന് തികച്ചും വ്യത്യസ്തനായിരുന്നു. പൊതുവേദികളിൽ അങ്ങനെ പ്രത്യക്ഷപ്പെടുകയോ അഭിമുഖങ്ങൾ നൽകുകയോ ചെയ്യാറില്ല.
സർക്കാർ പദവികൾ വഹിക്കാതെ തന്നെ തിരശ്ശീലക്ക് പിന്നിൽ നിന്ന് ഇറാൻ്റെ രാഷ്ട്രീയം നയന്ത്രിക്കുന്നതായിരുന്നു രീതി. പൊതു പ്രസംഗങ്ങളോ അഭിമുഖങ്ങളുമൊക്കെ വിരളം.ഫോട്ടോകളും വീഡിയോകളും പോലും പരിമിതമായി മാത്രമാണ് പ്രസിദ്ധീകരിക്കാറുള്ളത്.
2000-ത്തിൻ്റെ അവസാനത്തിൽ വിക്കിലീക്സ് ഇറാൻ ഭരണകൂടത്തിനുള്ളിലെ ഏറ്റവും ശക്തനായ വ്യക്തിയായി മൊജ്താബയെ വിശേഷിപ്പിച്ചിരുന്നു. ഇറാൻ്റെ പൊതുവസ്ത്രധാരണ രീതികളിലും നിയമങ്ങളിലും പോലും മൊജ്താബയുടെ സ്വാധീനമുണ്ട്.
തന്റെ ഭരണകാലത്ത് മൊജ്താബ അധികാരത്തിലെത്തുന്നതിനെ അലി ഖമേനി എതിർത്തിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഇറാൻ്റെ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്ന പുരോഹിത സമിതിയിലെ ഒരു അംഗം ഇത് നേരത്തെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതെന്തായാലും ഇനി മൊജ്താബ ഇറാൻ്റെ മുഖമാകുന്നത് ഉറ്റുനോക്കുകയാണ് ലോകം. ഇതുവരെ തിരശ്ശീലക്ക് പിന്നിലായിരുന്നെങ്കിൽ ഇനി മുന്നിലേക്ക്.
വൈദിക വസ്ത്രം ധരിക്കാത്ത പുരോഹിതൻ
അയത്തുള്ള ഖമനെയിയുടെ ആറു മക്കളിലെ രണ്ടാമൻ പതിനേഴാം വയസ്സിൽ, ഇറാൻ-ഇറാഖ് യുദ്ധകാലത്ത് സൈന്യത്തിൽ സേവനമനുഷ്ഠിച്ചിരുന്നു. പിന്നീട് മതപഠനത്തിനായി പോയെങ്കിലും ഒരിക്കലും വൈദിക വസ്ത്രം ധരിച്ചിരുന്നില്ല. 30 വയസ്സുള്ളപ്പോൾ പുരോഹിതനാകാൻ തീരുമാനിച്ചു.
വിദേശ നിക്ഷേപം, റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ
300 കോടി ഡോളറിലധികമാണ് ആസ്തി എന്നാണ് അനൗദ്യോഗിക കണക്കുകൾ. യുഎഇ, സിറിയ, വെനിസ്വേല തുടങ്ങിയ വിദേശ ബാങ്കുകളിലും ആഫ്രിക്കൻ രാജ്യങ്ങളിലും വമ്പൻ നിക്ഷേപം ഉണ്ട്. 30 കോടി ഡോളറിൻ്റെ സ്വർണ്ണവും വജ്രവും കൈവശം വെച്ചിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് രംഗത്തുമുണ്ട് വമ്പൻ നിക്ഷേപം. 138 മില്യൺ ഡോളറിന്റെ ലണ്ടൻ വസതി ഉൾപ്പെടെ വെളിപ്പെടുത്താത്ത നിരവധി റിയൽ എസ്റ്റേറ്റ് ആസ്തികളുമുണ്ടെന്നാണ് സൂചന.
പ്രത്യയശാസ്ത്രപരമായി തീവ്ര ഇസ്ലാമിക നിലപാടുകളാണ് പിന്തുടരുന്നത്. വളരെ കർക്കശക്കാരനായ മതവാദിപൗരോഹിത്യ അധികാരത്തിനായി ശക്തമായി വാദിക്കുകയും മിതവാദികളെയും പരിഷ്കരണവാദികളെയും പുറത്താക്കുകയും ചെയ്തിട്ടുണ്ട്. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സുമായും ബാസിജ് സേനയുമായും അടുത്ത ബന്ധമുള്ളയാൾ വിമത ശബ്ദങ്ങളെ അടിച്ചമർത്തുന്നയാളുമാണ്. കർശനമായ വിദേശ നയങ്ങൾ തന്നെയാകും മൊജ്താബയും സ്വീകരിക്കുക എന്ന് രാഷ്ട്രീയ നിരീക്ഷകർ സൂചിപ്പിക്കുന്നു. ഇറാൻ്റെ പരമ്പരാഗതമായ കാർക്കശ്യനിലപാടുകളിലും പൗരാവകാശങ്ങളിലും സ്ത്രീ സ്വാതന്ത്ര്യത്തിലുമൊക്കെ കാര്യമായ മാറ്റം പ്രതീക്ഷിക്കുന്ന ഇറാനിയൻ ജനതക്ക് അത്ര ആശാവഹമാകില്ല കാര്യങ്ങൾ.
പഠിക്കാം & സമ്പാദിക്കാം
Home
