31 Aug 2025 5:03 PM IST
Summary
ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കും
ബ്രിക്‌സ് ഉച്ചകോടിക്കായാണ് ഷീ ജിന്‍പിങ്ങിനെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചത്. ആഗോള വ്യാപാര രംഗത്ത് സ്ഥിരത ഉറപ്പാക്കുന്നതില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും പങ്കുണ്ടെന്ന് വിലയിരുത്തി ഭീകരവാദത്തിനെതിരെ സഹകരിച്ച് പ്രവര്‍ത്തിക്കും. ഇന്ത്യ-ചൈന ബന്ധം നന്നായി മുന്നോട്ടു കൊണ്ടു പോകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ പുരോഗതി ഉണ്ടായി. മാനവരാശിയുടെ ആകെ പുരോഗതിക്ക് ഇന്ത്യ- ചൈന ബന്ധം അനിവാര്യമാണെന്നും മോദി പറഞ്ഞു. അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനുള്ള സംഭാഷണം നടന്നു. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ശാന്തമായ അന്തരീക്ഷമാണെന്നും മോദി വ്യക്തമാക്കി. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ നേരിട്ടുള്ള വിമാന സര്‍വീസ് തുടങ്ങും. ബന്ധം നന്നാക്കേണ്ടത് 280 കോടി ജനങ്ങളുടെ ക്ഷേമത്തിന് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നരേന്ദ്ര മോദിയെ സ്വാഗതം ചെയ്യുന്നു എന്ന് ഷി ജിന്‍പിങ് പറഞ്ഞു. പ്രധാനമന്ത്രിയെ വീണ്ടും കാണുന്നതില്‍ സന്തോഷമുണ്ട്. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ സാംസ്‌കാരിക ബന്ധമുണ്ടെന്നും ചൈനീസ് പ്രസിഡന്റ് പറഞ്ഞു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി എന്നിവര്‍ മോദിക്കൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തു. ചൈനീസ് വിദേശകാര്യമന്ത്രിയും വാണിജ്യമന്ത്രിയും ചര്‍ച്ചയില്‍ പങ്കാളികളായി. ഏഴു കൊല്ലത്തിന് ശേഷമാണ് ചൈനയില്‍ ഇരു നേതാക്കള്‍ക്കുമിടയില്‍ ചര്‍ച്ച നടന്നത്.