18 March 2026 1:19 PM IST
USS Tripoli:ഹോര്‍മുസില്‍ സൈനിക നടപടിക്ക് അമേരിക്ക;യുഎസ്എസ് ട്രിപ്പോളി പശ്ചിമേഷ്യയിലേക്ക്
MyFin Desk
Summary
ഹോര്‍മുസ് കടലിടുക്കില്‍ സൈനിക നടപടിക്ക് അമേരിക്ക തയ്യാറെടുക്കുന്നതിന്റെ സൂചനയാണിത്
പശ്ചിമേഷ്യ ലക്ഷ്യംവച്ച് അമേരിക്കന്‍ നാവികസേനയുടെ പടക്കപ്പല്‍ യുഎസ്എസ് ട്രിപ്പോളി യാത്ര തുടങ്ങി. ജപ്പാനിലെ ഒക്കിനാവയില്‍ നിന്ന് യാത്ര തിരിച്ച കപ്പല്‍ ചൊവ്വാഴ്ച രാവിലെ സിംഗപ്പൂരിന് സമീപമുള്ള മലാക്ക കടലിടുക്കില്‍ എത്തിയതായാണ് മാരിടൈം ട്രാക്കിങ് വിവരങ്ങള്‍ വ്യക്തമാക്കുന്നത്.
കപ്പിലിലുള്ളത് 2,200 സൈനികര്‍
ഒക്കിനാവ ആസ്ഥാനമായുള്ള മുപ്പത്തിയൊന്നാം മറൈന്‍ എക്‌സ്പെഡിഷണറി യൂണിറ്റിലെ ഏകദേശം 2,200 സൈനികരെയാണ് ഈ കപ്പല്‍ പശ്ചിമേഷ്യയില്‍ എത്തിക്കുന്നത്. അമേരിക്കയുടെ പ്രത്യേക ഉത്തരവിനെത്തുടര്‍ന്നാണ് ഈ ദ്രുതകര്‍മ്മ സേനയുടെ വിന്യാസം. 850 അടി നീളവും 45,000 ടണ്‍ ഭാരവുമുള്ള യുഎസ്എസ് ട്രിപ്പോളി ഒരു ചെറിയ വിമാനവാഹിനിക്കപ്പലിന് തുല്യമാണ്. എഫ്-35 (F-35) സ്റ്റെല്‍ത്ത് ഫൈറ്റര്‍ വിമാനങ്ങള്‍, എംവി-22 ഓസ്പ്രേ ട്രാന്‍സ്പോര്‍ട്ടുകള്‍, ലാന്‍ഡിങ് ക്രാഫ്റ്റുകള്‍ എന്നിവ വഹിക്കാന്‍ ശേഷിയുള്ള ഈ കപ്പല്‍ ഏത് തരം മിന്നലാക്രമണങ്ങള്‍ക്കും സജ്ജമാണ്.
സംഘര്‍ഷം രൂക്ഷമാകുന്നു
ഇറാന്‍ നിയന്ത്രണമേര്‍പ്പെടുത്തിയ ഹോര്‍മുസ് കടലിടുക്കില്‍ സൈനിക നടപടിക്ക് അമേരിക്ക തയ്യാറെടുക്കുന്നതിന്റെ സൂചനയാണിത്. നിലവില്‍ തന്നെ ഏകദേശം 50,000 അമേരിക്കന്‍ സൈനികര്‍ പശ്ചിമേഷ്യയില്‍ നിലയുറപ്പിച്ചിട്ടുണ്ടെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.
സുരക്ഷാ കാരണങ്ങളാല്‍ സാധാരണയായി നാവിക കപ്പലുകള്‍ ഐഡന്റിഫിക്കേഷന്‍ സംവിധാനങ്ങള്‍ ഓഫ് ചെയ്താണ് സഞ്ചരിക്കാറുള്ളതെങ്കിലും, മലാക്ക കടലിടുക്കിലെ കനത്ത കപ്പല്‍ ഗതാഗതം കണക്കിലെടുത്ത് നിലവില്‍ ട്രാന്‍സ്പോണ്ടറുകള്‍ ഓണ്‍ ചെയ്താണ് ട്രിപ്പോളിയുടെ യാത്ര. യുഎസ്എസ് ന്യൂ ഓര്‍ലിയന്‍സ്, യുഎസ്എസ് സാന്‍ ഡീഗോ എന്നീ കപ്പലുകള്‍ കൂടി ഉള്‍പ്പെടുന്ന ഗ്രൂപ്പിന്റെ ഭാഗമായാണ് ഈ നീക്കം നടക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
