14 Jun 2025 5:13 PM IST
Summary
ബ്രെന്റ് ക്രൂഡ് ബാരലിന് 150 ഡോളറിലെത്തിയേക്കുമെന്ന് വിദഗ്ധര്‍
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായാല്‍ എണ്ണ വില കുതിക്കുമെന്ന് അഭ്യൂഹം. ബ്രെന്റ് ക്രൂഡ് ബാരലിന് 150 ഡോളറില്‍ തൊടുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം മറ്റൊരു തലത്തിലേക്ക് നീങ്ങുമെന്ന വിലയിരുത്തലുകളുടെ പിന്നാലെയാണ് ക്രൂഡ് വില ഉയരുന്നത്.
പശ്ചിമേഷ്യയില്‍ ഇക്കാലമത്രയും നടന്ന സംഘര്‍ഷങ്ങള്‍ നേര്‍ക്കുനേര്‍ യുദ്ധങ്ങളായി മാറിയിട്ടില്ല. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ അങ്ങനെയല്ല. വലിയ യുദ്ധത്തിലേക്ക് ഇരുരാജ്യങ്ങളും കടന്നാല്‍ മേഖലയില്‍ എണ്ണവിതരണം തടസപ്പെടും. ഇത് ആഗോളതലത്തില്‍ വിതരണം കുറയ്ക്കും. സ്വഭാവികമായും വില ഉയരും. സംഘര്‍ഷം ഇറാനും ഇസ്രയേലും തമ്മിലാണെങ്കിലും പ്രധാന എണ്ണ ഉത്പാദക രാഷ്ട്രങ്ങള്‍ അയല്‍രാജ്യങ്ങളാണെന്നതും വെല്ലുവിളിയാണ്.
സൗദി അറേബ്യയുടെയോ യുഎഇയുടെയോ ഖത്തറിന്റെയോ എണ്ണപ്പാടങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ എണ്ണ വിപണി സംഘര്‍ഷഭരിതമാകും. ഹോര്‍മുസ് കടലിടുക്ക് വഴിയിലുള്ള ചരക്ക് ഗതാഗതം നിയന്ത്രിക്കപ്പെട്ടാലും വിഷയമാവും. ക്രൂഡ് വില ബാരലിന് 120 ഡോളറിലെത്തുമെന്നുമാണ് റാബോബാങ്ക് ഇന്റര്‍നാഷണലിലെ വിദഗ്ധര്‍ ചൂണ്ടികാട്ടുന്നത്. ഇത്തരത്തിലുള്ള വിഷയങ്ങള്‍ ഉണ്ടായില്ലെങ്കില്‍ മിഡില്‍ ഈസ്റ്റ് സംഘര്‍ഷം വില വര്‍ധനയുണ്ടാക്കില്ലെന്ന് എസ് & പി ഗ്ലോബല്‍ കമ്മോഡിറ്റി ഇന്‍സൈറ്റ്‌സിലെ വിദഗ്ധര്‍ ചൂണ്ടികാട്ടി.
മറിച്ചാണെങ്കില്‍ ക്രൂഡ് വില 150 ഡോളറിലെത്തുമെന്നും അവര്‍ വ്യക്തമാക്കി. അതേസമയം, എണ്ണ ഉപയോഗത്തിന്റെ 80 ശതമാനം ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ട് തന്നെ എണ്ണവിലയിലെ ഏതൊരു ചാഞ്ചാട്ടവും രാജ്യത്തിന് ദോഷമാണ്. എണ്ണവില കൂടിയാല്‍ വിദേശനാണ്യ ചെലവഴിക്കല്‍ കൂടും. രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിക്കേണ്ടി വരും. ഇത് അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിന് ഇടയാക്കും.